

മെയ് 4 പാടിക്കുന്ന്, ടി.പി രക്തസാക്ഷി ദിനങ്ങളുമാണ്
file photo
വിജയ് ചൗക്ക്|സുധീര്‍ നാഥ്
കേരളത്തിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞു. മെയ് 4നാണ് വോട്ടെണ്ണല്‍. എല്ലാ മുന്നണികളും കണക്കുകൂട്ടലുകളും കിഴിക്കലുകളും നടത്തുന്ന സമയമാണിത്. ഇതിനിടെയാണ് യുഡിഎഫും എല്‍ഡിഎഫും മെയ് 4ലെ രക്തസാക്ഷിദിന കഥകളുമായി ഇറങ്ങിയിരിക്കുന്നത്. അന്നാണ് ടി.പി. ചന്ദ്രശേഖരന്‍റെ രക്തസാക്ഷി ദിനമാണെന്നാണ് യുഡിഎഫിന്‍റെ ഓർമപ്പെടുത്തല്‍. എന്നാല്‍ അന്നു തന്നെയാണ് പാടിക്കുന്ന് രക്തസാക്ഷി ദിനമെന്ന് എല്‍ഡിഎഫും ഓർമപ്പെടുത്തുന്നു. എന്തായാലും, യാദൃശ്ചികമെങ്കിലും വോട്ടെണ്ണി ഫലം വരുന്ന മെയ് 4 ഇരുകൂട്ടർക്കും പ്രധാനം.
വോട്ടെണ്ണല്‍ നടക്കാനിരിക്കുമ്പോള്‍ ഇടതുപക്ഷവും വലതുപക്ഷവും രക്തസാക്ഷി കണക്കുകള്‍ പറയുകയാണ്. 1950 മെയ് 4നു നടന്ന പാടിക്കുന്ന് കൊലപാതകവും, 2012 മെയ് 4ന് നടന്ന ടി.പി. ചന്ദ്രശേഖരന്‍ വധവും ഇരുപക്ഷവും ചര്‍ച്ചയാക്കുന്നു. പാലിക്കുന്ന് കൊലപാതകത്തിന്‍റെ പിന്നില്‍ കോണ്‍ഗ്രസുകാരാണെന്ന് സിപിഎം പറയുന്നു. ടി.പി. ചന്ദ്രശേഖരന്‍ വധത്തിനു പിന്നില്‍ കമ്യൂണിസ്റ്റുകാരാണെന്ന് കോൺഗ്രസ് പറയുന്നു. എന്തായാലും ഫലം വരുന്ന മെയ് 4ന് രണ്ട് രക്തസാക്ഷി ദിനവും ഒരു മുടക്കവും കൂടാതെ ആചരിക്കപ്പെടും. ജയിച്ചു വരുന്നവര്‍ ആരായാലും രക്തസാക്ഷിത്വത്തിന്‍റെ മധുര പ്രതികാരമാണ് ഈ ഫലം എന്ന് രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ നിന്ന് പ്രഖ്യാപിക്കും. ഈ രണ്ട് രക്തസാക്ഷി ദിനത്തിന് ആധാരമായ സംഭവങ്ങൾ അറിഞ്ഞിരിക്കേണ്ടതാണ്.
കണ്ണൂര്‍ ജില്ലയില്‍ കമ്യൂണിസ്റ്റ് വിപ്ലവ പ്രസ്ഥാനത്തിന് ഏറെ വളക്കൂറുള്ള മണ്ണായ പ്രദേശമാണ് ചുവന്ന ഫര്‍ക്ക എന്നറിയപ്പെട്ടിരുന്ന ഇരിക്കൂര്‍ ഫര്‍ക്ക. ഇരിക്കൂര്‍ ഫര്‍ക്കയുടെ ഭാഗമായിരുന്നു കൊളച്ചേരി, മയ്യില്‍, കണ്ടക്കൈ തുടങ്ങിയ പ്രദേശങ്ങള്‍. കമ്യൂണിസ്റ്റ് കര്‍ഷക പ്രസ്ഥാനത്തിന് ആവേശപൂർവം ഓര്‍ക്കാന്‍ സാധിക്കുന്ന ഒട്ടേറെ സംഭവങ്ങള്‍ ആ പ്രദേശത്തെ ചുറ്റിപ്പറ്റിയുണ്ട്. 1942- 46 കാലത്ത് നടന്ന രണ്ടാം ലോകയുദ്ധത്തിന്‍റെ ഭാഗമായി രാജ്യത്ത് ഭക്ഷ്യക്ഷാമമുണ്ടായി. ഒപ്പം കോളറയും പടര്‍ന്നു പിടിച്ചത് മൂലം ജനങ്ങള്‍ മരിക്കുന്ന സ്ഥിതിയുണ്ടായി.
ജന്മിമാര്‍ സംഭരിച്ചും പൂഴ്ത്തിയും വച്ചിരുന്ന നെല്ലെടുത്ത് പട്ടിണി കിടക്കുന്നവര്‍ക്ക് വിതരണം ചെയ്യാന്‍ കമ്യൂണിസ്റ്റ് കര്‍ഷക പ്രസ്ഥാനത്തിന്‍റെ പ്രവര്‍ത്തകര്‍ തീരുമാനിച്ചു. വിവിധ സ്ഥലങ്ങളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടന്നു. കര്‍ഷക സംഘത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിക്കുന്നു എന്ന് മനസിലാക്കിയ ജന്മിമാര്‍ ഗൂണ്ടകളെ ഉപയോഗിച്ച് പ്രവര്‍ത്തകരെ വേട്ടയാടി. കര്‍ഷകസംഘം പ്രവര്‍ത്തകര്‍ ശക്തമായ ചെറുത്തു നില്‍പ്പ് നടത്തി. ഈ സംഭവം മലബാറിലാകെ വമ്പിച്ച അലയൊലികള്‍ സൃഷ്ടിച്ചു. തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ബോധവാന്മാരാവുകയും സംഘടിക്കാനുള്ള ശ്രമങ്ങള്‍ എല്ലാഭാഗത്തും നടക്കുകയും ചെയ്തു. ജന്മിമാരുടെയും ഗൂണ്ടകളുടെയും അതിക്രമങ്ങളെ ചോദ്യം ചെയ്യാന്‍ തുടങ്ങി. കയരളം മേഖലയിലെ കര്‍ഷക - കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ പ്രധാന പ്രവര്‍ത്തകരായിരുന്നു കുട്ട്യപ്പയും, രൈരു നമ്പ്യാരും, ഗോപാലനും.
നെല്ല് പിടിച്ചെടുക്കല്‍ സമരം, കണ്ടക്കൈയിലെ പുല്ലു പറിക്കല്‍ സമരം, കലം കെട്ട് വിളവെടുപ്പ് സമരങ്ങള്‍ തുടങ്ങിയ കര്‍ഷക മുന്നേറ്റങ്ങള്‍ കരയളം മേഖലയില്‍ നടന്നത് ഇവരുടെ നേതൃത്വത്തിലായിരുന്നു. ഈ സംഭവങ്ങള്‍ ജന്മിമാരുടെ ഉറക്കം കെടുത്തി. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അറുതിവരുത്തുന്നതിനുള്ള ശ്രമങ്ങള്‍ ഫലിക്കുന്നില്ലെന്ന് വന്നപ്പോള്‍ പ്രധാന പ്രവര്‍ത്തകരെ വകവരുത്താൻ അവര്‍ നീക്കം തുടങ്ങി. ഇതിനായി അവര്‍ ക്രൂരതയുടെ പര്യായമായ സര്‍ക്കിള്‍ ഇന്‍സ്പെക്റ്റര്‍ റേയുടെ സഹായം തേടി. ഒരു ദിവസം മുല്ലക്കൊടിയില്‍ എത്തിയ കുട്ട്യപ്പയെ ഒരു ഗൂണ്ടാ തലവന്‍റെ സഹായത്തോടെ കസ്റ്റഡിയിലെടുത്താണ് പൊലീസ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാൻഡ് ചെയ്തത്. ചെറുപഴശി എന്ന സ്ഥലത്തുവച്ച് ഗൂണ്ടകളാണ് രൈരു നമ്പ്യാരെ പിടിച്ച് വളപട്ടണം പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് പിന്നീട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടയ്ക്കുന്നത്. മുല്ലക്കൊടിയില്‍ വച്ച് ഒരു കോണ്‍ഗ്രസ് നേതാവിനെ അടിച്ചു എന്ന കള്ളക്കേസുണ്ടാക്കിയാണ് ഗോപാലനെ അറസ്റ്റ് ചെയ്ത് മലബാർ സ്പെഷ്യൽ പൊലീസുകാർ അവിടെത്തന്നെ സജ്ജീകരിച്ച ലോക്കപ്പിലടച്ചത്.
രൈരു നമ്പ്യാര്‍, കുട്ട്യപ്പ എന്നിവരെ കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യത്തിലെടുത്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും പുറത്തിറക്കി ഇന്‍സ്പെക്റ്റര്‍ റേയുടെ നേതൃത്വത്തില്‍ ഇരുവരുടേയും കണ്ണുകള്‍ കെട്ടി പാടിക്കുന്നില്‍ എത്തിച്ചു. കയരളത്തെ എംഎസ്പി ക്യാംപില്‍ നിന്നും ഗോപാലനേയും ഇവിടേക്കെത്തിച്ചു. റോഡില്‍ നിന്നും മാറ്റി പാടിക്കുന്നിലെ ഏറ്റവും ഉയര്‍ന്ന പാറയ്ക്കു മുകളില്‍ കയറ്റി നിര്‍ത്തി. "കമ്യൂണിസ്റ്റ് പാര്‍ട്ടി മൂർദാബാദ് എന്ന് വിളിച്ചാല്‍ നിങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെടില്ല'- പാടിക്കുന്നിലെ വിജനമായ പ്രദേശത്ത് രൈരു നമ്പ്യാര്‍, കുട്ട്യപ്പ, ഗോപാലന്‍ നമ്പ്യാര്‍ എന്നീ കമ്യൂണിസ്റ്റുകാരുടെ നേരെ തോക്കുചൂണ്ടി മലബാര്‍ സ്പെഷ്യല്‍ പൊലീസ് ഓഫിസര്‍ പുറപ്പെടുവിച്ച താക്കീതായിരുന്നു അത്. അവര്‍ ഒട്ടും അമാന്തിക്കാതെ ഉറക്കെ വിളിച്ചു,
"കമ്യൂണിസ്റ്റ് പാര്‍ട്ടി സിന്ദാബാദ്
ജന്മിത്തം തുലയട്ടെ
വര്‍ഗസമരം ജയിക്കട്ടെ'
പൊലീസ് ഉദ്യോഗസ്ഥന്‍റെ തോക്കുകളില്‍ നിന്നും മൂന്ന് സഖാക്കളുടെയും നെഞ്ചുകള്‍ തുളച്ചു കൊണ്ട് വെടിയുണ്ടകള്‍ ചീറിപ്പാഞ്ഞു. 1950 മെയ് 4 ന് അർധരാത്രിയിലായിരുന്നു നാടുവാഴിത്ത വ്യവസ്ഥക്കെതിരേ സമരം ചെയ്ത അവർക്ക് രക്തസാക്ഷികളാകേണ്ടി വന്നത്. പിന്നീടിങ്ങോട്ട് എല്ലാ വര്‍ഷവും മെയ് 4 പാടിക്കുന്ന് രക്തസാക്ഷിദിനമായി ആചരിച്ചു വരുന്നു. കള്ള ജാമ്യത്തിലെടുത്തും കള്ളക്കേസ് ചുമത്തിയും മൂന്ന് കമ്യൂണിസ്റ്റുകാരെ കൊണ്ടുവന്ന് നിരത്തി നിര്‍ത്തി വധിച്ച സംഭവം ചരിത്രത്തില്‍ തന്നെ അപൂർവമാണ്.
അതേപോലെ മെയ് 4നു തന്നെയാണ് കോഴിക്കോട്ടെ സിപിഎം മുൻ നേതാവായ ടി.പി. ചന്ദ്രശേഖരന്‍റെ രക്തസാക്ഷി ദിനം. സിപിഎമ്മിന്‍റെ വിദ്യാർഥി സംഘടനയായ എസ്എഫ്ഐയുടെ പ്രവര്‍ത്തകനായാണ് ഇദ്ദേഹം രാഷ്‌ട്രീയ ജീവിതം ആരംഭിച്ചത്. അടിയന്തരാവസ്ഥക്കാലത്ത് മടപ്പള്ളി ഹൈസ്കൂള്‍ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായി. പതിനെട്ടാം വയസില്‍ നെല്ലച്ചേരി വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയായി സിപിഎം സജീവ പ്രവര്‍ത്തകനായി പാർട്ടിയിൽ തുടക്കം. പിന്നീട് എസ്എഫ്ഐ ജില്ലാ പ്രസിഡന്‍റ്, സെക്രട്ടറി, സംസ്ഥാന ജോയന്‍റ് സെക്രട്ടറി, കേന്ദ്രസമിതി അംഗം, ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ സെക്രട്ടറി, പ്രസിഡന്‍റ്, സംസ്ഥാന കമ്മറ്റിയംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. സിപിഎം ഒഞ്ചിയം ഏരിയാ കമ്മറ്റി സെക്രട്ടറിയും ഇടതുപക്ഷ ഏകോപന സമിതി സംസ്ഥാന കണ്‍വീനറും ആയിരുന്നു ടി.പി. ചന്ദ്രശേഖരൻ.
ഏറാമല പഞ്ചായത്തു പ്രസിഡന്‍റ് സ്ഥാനം എന്‍. വേണുവില്‍ നിന്ന് ജനതാദളിന് വിട്ടുകൊടുക്കാനുള്ള പ്രാദേശിക സിപിഎം നേതാക്കളുടെ തീരുമാനത്തിനെതിരേ ടി.പി. ചന്ദ്രശേഖരനും മറ്റു ചില സിപിഎമ്മുകാരും പ്രതികരിച്ചു. തുടർന്ന് തന്‍റെ പാര്‍ട്ടിയായ സിപിഎമ്മില്‍ പ്രത്യയശാസ്ത്ര വ്യതിചലനങ്ങള്‍ നടക്കുന്നു എന്ന് പരസ്യമായി വിമര്‍ശിച്ച് 2009ല്‍ ഒഞ്ചിയത്ത് റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി (ആര്‍എംപി) എന്ന വിമത സംഘടന രൂപീകരിച്ചു. സിപിഎമ്മിന്‍റെ ഔദ്യോഗിക നിലപാടുകള്‍ക്കെതിരെ പോരടിക്കുന്നവരുടെ പ്രതിഷേധത്തിന്‍റെ പ്രത്യക്ഷ മുഖമായി ചന്ദ്രശേഖരന്‍ മാറി. സിപിഎമ്മിന് വലിയ സ്വാധീനമുണ്ടായിരുന്ന ഒഞ്ചിയം പഞ്ചായത്ത് റവലൂഷ്യണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി പിടിച്ചെടുത്തു.
ആർഎംപി സ്ഥാപക നേതാവായ ടി.പി. ചന്ദ്രശേഖരനെ 2012 മെയ് 4ന് രാത്രി 10 മണിക്ക് വടകരയ്ക്കടുത്തു വള്ളിക്കാട് വച്ച് ഇന്നോവ കാറില്‍ പിന്തുടര്‍ന്നെത്തിയ കൊലയാളി സംഘം ബോംബെറിഞ്ഞു വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തി. കേരള രാഷ്‌ട്രീയ ചരിത്രത്തിലെ മായ്ക്കുവാനാകാത്ത സംഭവമായി ഇത് മാറി. 52 വെട്ട് എന്ന പ്രയോഗം തന്നെ നിലവിൽ വന്നത് ടി.പിയുടെ വധത്തിനു ശേഷമാണ്. ആ നിഷ്ഠൂരമായ കൊലപാതകത്തില്‍ അറസ്റ്റിലായവരെല്ലാം സിപിഎം പ്രവര്‍ത്തകരായിരുന്നു. എന്നാൽ പാർട്ടിക്കു പങ്കില്ലെന്നു സിപിഎം നിഷേധിച്ചു. ആരോപണങ്ങള്‍ രാഷ്‌ട്രീയ ഗൂഢാലോചനയാണെന്ന നിലപാടെടുത്തു. എന്നാൽ, പിന്നീട് സിപിഎം കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗമായ കെ.സി. രാമചന്ദ്രനാണ് കൊലയ്ക്കു പിന്നിലെന്നും അതില്‍ പാര്‍ട്ടിക്ക് പങ്കില്ല എന്നുമുള്ള അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടു.
പൊലീസ് റിപ്പോർട്ട് പറയുന്നതനുസരിച്ച്, 51കാരനായ ചന്ദ്രശേഖരന്‍ 2012 മെയ് 4 ന് ബൈക്കില്‍ പോകുമ്പോള്‍ ഒരു കാറില്‍ വന്ന അക്രമികള്‍ ആക്രമിച്ചു, അദ്ദേഹത്തിന് നേരെ ക്രൂഡ് ബോംബുകള്‍ എറിയുകയും മോട്ടോര്‍ സൈക്കിളില്‍ നിന്ന് വീണപ്പോള്‍ അദ്ദേഹത്തെ വെട്ടിക്കൊല്ലുകയും ചെയ്തു എന്നാണ്. മൃതദേഹം അരമണിക്കൂറിലധികം റോഡില്‍ രക്തത്തില്‍ കുളിച്ചുകിടന്നിരുന്നു. പൊലീസ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ചന്ദ്രശേഖരന്‍റെ ശരീരത്തില്‍ 55 മുറിവുകളുണ്ടായിരുന്നു, തലയിലും മുഖത്തും വാളുകള്‍ പോലുള്ള മൂര്‍ച്ചയുള്ള ആയുധങ്ങള്‍ കൊണ്ട് വെട്ടിയ ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു.
കൊലപാതക കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം 2012 ജൂണില്‍ ഇരിട്ടിക്കടുത്തുള്ള ഒരു ഒളിത്താവളത്തില്‍ നിന്ന് കൊടി സുനി, മുഹമ്മദ് ഷാഫി, കിര്‍മാണി മനോജ് എന്നിവരുള്‍പ്പെടെ മൂന്ന് പ്രധാന പ്രതികളെ പിടികൂടി. കൊടി സുനിയും മറ്റുള്ളവരും സിപിഎം ശക്തികേന്ദ്രങ്ങളാല്‍ ചുറ്റപ്പെട്ട പെരിങ്ങാനമ്മലയില്‍ ഒളിച്ചിരുന്നു. രണ്ട് കൊലപാതക കേസുകളും തട്ടിക്കൊണ്ടുപോകല്‍ സംഭവങ്ങളും ഉള്‍പ്പെടെ 37 കേസുകള്‍ നേരിടുന്ന കേരളത്തിലെ ഒരു പ്രമുഖ കുറ്റവാളിയാണ് കൊടി സുനി. 2006 ല്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവര്‍ത്തകന്‍ മുഹമ്മദ് ഫസലിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായിരുന്നു സുനി. കൊലപാതകത്തിലെ മുഖ്യപ്രതിയായ ടി.കെ. രജീഷിനെ 2012 ജൂണ്‍ 9 ന് മുംബൈയില്‍ വച്ച് കേരള പൊലീസ് അറസ്റ്റ് ചെയ്തു. ചന്ദ്രശേഖരന്‍റെ കൊലപാതകത്തിന്‍റെ സ്മരണയ്ക്കായി ആര്‍എംപി അംഗങ്ങള്‍ സ്ഥാപിച്ച ഒരു സ്മാരകം സിപിഐ എം അംഗങ്ങള്‍ നിരന്തരം ആക്രമിച്ചതായും അതിനാല്‍ അഞ്ച് തവണ പുനര്‍നിര്‍മിക്കേണ്ടി വന്നതായും റിപ്പോര്‍ട്ടുണ്ട്.
എന്തായാലും മെയ് 4ന്‍റെ സവിശേഷത കോൺഗ്രസും സിപിഎമ്മും വീണ്ടും ചർച്ചയ്ക്കു കൊണ്ടുവന്നിരിക്കുകയാണിപ്പോൾ. ഇത്തവണത്തെ വോട്ടെണ്ണലും അന്നായതിനാൽ രണ്ടിലാർക്കാവും അതു പ്രധാനമാവുക എന്നതാണു കണ്ടറിയേണ്ടത്.