
വി.ഡി. സതീശൻ, എം.വി. ഗോവിന്ദൻ.
അജയൻ
അവിടെ ഒരു രാഹുൽ വോട്ട് മോഷണ ആരോപണവുമായി ദേശീയ ശ്രദ്ധയാകർഷിക്കാൻ കഠിനാധ്വാനം ചെയ്യുമ്പോൾ, ഇവിടെ അശ്ലീല ആരോപണങ്ങളിൽ മുങ്ങിത്താണ മറ്റൊരു രാഹുൽ രക്ഷപെടാൻ കച്ചിത്തുരുമ്പ് തേടുകയായിരുന്നു. എൽഡിഎഫിനും സിപിഎം എന്ന അതിന്‍റെ തുരുമ്പിച്ച നങ്കൂരത്തിനും ഇതൊരു സുവർണാവസരമായിരുന്നു. ആരോപണങ്ങളുടെ കൂമ്പാരത്തിൽ മുങ്ങിത്താണുകൊണ്ടിരുന്ന ഇടതുപക്ഷത്തിന്, അറിയാതെ തുറന്നു കിട്ടിയൊരു രക്ഷാ മാർഗമായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ വിവാദം. പതിറ്റാണ്ടുകളായി പുറത്തെടുക്കാതെ വച്ചിരുന്ന ക്ലാവ് പിടിച്ച ധാർമികതയുടെ വടക്കുനോക്കിയന്ത്രം ഒറ്റ രാത്രികൊണ്ട് സഖാക്കൾ പൊടിതട്ടിയെടുത്തു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമത്രേ! പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ തോൽവി സിപിഎമ്മിനേൽപ്പിച്ച മുറിവ് ഇനിയും ഉണങ്ങിയിട്ടില്ല.
പൊട്ടിയ സെപ്റ്റിക് ടാങ്ക് പോലെ ഫോൺ കോളുകളും ചാറ്റുമൊക്കെ ചോർന്നൊലിച്ചപ്പോൾ, തന്നെ വെട്ടിവീഴ്ത്താനുള്ള അരിവാളാണ് രാഹുൽ തന്‍റെ എതിരാളികൾക്കു തളികയിൽ വച്ചു നൽകിയത്. എന്നാൽ, സഖാക്കളുടെ ധാർമിക പ്രഹസനം അൽപ്പായുസായിപ്പോയി. പതിവില്ലാത്ത വിധം ചങ്കൂറ്റം കാണിച്ച കോൺഗ്രസ് നേതൃത്വം മങ്കൂട്ടത്തിലിനെ സസ്‌പെൻഡ് ചെയ്തു കളഞ്ഞു! ചതിയായിപ്പോയി, ആർക്ക്? സിപിഎമ്മിന്! എംഎൽഎ സ്ഥാനത്തുനിന്ന് രാഹുൽ രാജിവച്ചിട്ടില്ല. പക്ഷേ, വേണ്ട സമയത്ത് വേണ്ട നടപടികളെടുക്കുന്ന പതിവില്ലാത്ത പാർട്ടിയിൽ നിന്ന് ഒരു സസ്പെൻഷൻ നടപടി വന്നതു പോലും മഹാദ്ഭുതമായി. സിപിഎമ്മിനു പാർട്ടിക്കുള്ളിൽ സ്വന്തമായി പൊലീസും അന്വേഷണസംഘങ്ങളും കോടതിയുമൊക്കെയുള്ളതുകൊണ്ട് ഇത്തരം കേസുകളൊന്നും പുറത്തു കൊടുക്കാറില്ല.
കോൺഗ്രസിൽ നിന്നു താത്കാലികമായെങ്കിലും പുറത്തായ മങ്കൂട്ടത്തിൽ ഇനി നിയമസഭയിൽ രാഷ്ട്രീയമായും ധാർമികമായും ഒറ്റപ്പെട്ടിരിക്കേണ്ടിവരും; ക്ലാസിന്‍റെ മൂലയ്ക്ക് മാറിനിൽക്കാൻ വിധിക്കപ്പെട്ട വികൃതിക്കുട്ടിയെപ്പോലെ. രാഹുൽ എംഎൽഎ സ്ഥാനം രാജിവച്ചാലും നിയമപരമായി പാലക്കാട്ട് ഉപതെരഞ്ഞെടുപ്പ് നടത്തണമെന്നു നിർബന്ധമില്ല. കാരണം, നിയമസഭയ്ക്ക് ഇനി ഒരു വർഷത്തിൽ താഴെയാണ് കാലാവധി ബാക്കിയുള്ളത്. എങ്കിലും, ഉപതെരഞ്ഞെടുപ്പ് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിക്കുന്നതെങ്കിൽ - അത് അങ്ങനെയേ വരൂ - ബിജെപിക്ക് കേരളത്തിൽ വീണ്ടുമൊരു നിയമസഭാ സീറ്റ് സ്വപ്നം കാണാൻ കഴിയുമായിരുന്നു. കോൺഗ്രസിന്‍റെ സർജിക്കൽ സ്ട്രൈക്ക് ബിജെപിയുടെ ഈ സ്വപ്നം കൂടിയാണ് തകർത്തെറിഞ്ഞിരിക്കുന്നത്.
ആരോപണങ്ങളുടെ ശരശയ്യയിൽ കിടക്കുകയാണ് ഇടതു സർക്കാർ: യുകെയിലെ മലയാളി വ്യവസായിയുമായി സിപിഎം ഉന്നതർക്ക് ഹിതകരമല്ലാത്ത ഇടപാടുകളുണ്ടെന്ന കത്ത്, എൽഡിഎഫ് സർക്കാരിനു ഹൈക്കോടതി കൊടുത്ത അടി, എഡിജിപി അജിത്കുമാറിനെ മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തര വകുപ്പ് വ്യാജ അന്വേഷണം നടത്തി സംരക്ഷിച്ചെന്ന ആക്ഷേപം, തകർന്നുകിടക്കുന്ന ആരോഗ്യ മേഖല, ശോഷണം നേരിടുന്ന വിദ്യാഭ്യാസ മേഖല... ഇതൊന്നും പോരാഞ്ഞ്, തെരഞ്ഞെടുപ്പിന് മുൻപ് ഉദ്ഘാടനം ചെയ്യാൻ കാത്തിരുന്ന ദേശീയപാത ഇടിഞ്ഞു താഴുന്നു, ശേഷിക്കുന്നിടത്ത് കുണ്ടും കുഴിയുമൊഴിഞ്ഞ ഇടവുമില്ല! ഈ സർക്കാരിനെ ജീവനോടെ കുഴിച്ചുമൂടാൻ പോന്ന ആരോപണ ബാഹുല്യം തന്നെ പെയ്തിറങ്ങുന്ന സമയത്താണ് സിപിഎമ്മിനു ജീവശ്വാസമായി രാഹുൽ മാങ്കൂട്ടത്തിലിനെതിരായ അശ്ലീല ആരോപണങ്ങളുടെ ആവിർഭാവം.
എന്നാൽ, സസ്പെൻഷനോടെ ജീവശ്വാസം വിഷവാതകമായി മാറുന്ന അവസ്ഥയായി! സിപിഎം ഇപ്പോൾ സ്വന്തം സെലക്ടീവ് മൊറാലിറ്റിയെ ന്യായീകരിക്കാൻ കഷ്ടപ്പെടേണ്ടിവരുന്നു. രാഹുലിനെതിരേ പരാതിയില്ലെന്നു പിന്തുണക്കാർ സാങ്കേതികമായി പറയുമ്പോൾ, എം. മുകേഷ് എന്ന പാർട്ടി എംഎൽഎയ്ക്കെതിരേ പരാതിയുണ്ടെന്നു മാത്രമല്ല, കോടതിയിൽ കേസും നടക്കുകയാണ്. അപ്പോൾ രാഹുൽ മാത്രം രാജിവച്ചാൽ മതിയോ? സ്ത്രീലമ്പടത്വത്തിനു കിട്ടിയ അടിയിൽ വീങ്ങിയ മുഖവുമായി മലയാളികൾ കണ്ടയാൾക്ക് മന്ത്രിക്കസേരയിൽ ഇരിക്കാമോ? മകളുടെ പ്രായമുള്ള പെൺകുട്ടിയോട് ഫോണിൽ കൂടി പഞ്ചാര വർത്തമാനം പറഞ്ഞയാൾക്ക് മന്ത്രിസഭയിൽ തുടരാമോ? പി.കെ. ശശിയെ പാർട്ടിയിൽനിന്ന് പേരിനു തരംതാഴ്ത്തിയെന്നു വേണമെങ്കിൽ പറയാം. പക്ഷേ, പകരം ടൂറിസം ഭരിക്കാനാണ് നിയോഗിച്ചത്. മറ്റൊരു ശശി മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ഉപദേഷ്ടാവായി വിരാജിക്കുന്നു! പൊതുജനങ്ങൾ ഇതിനെ കാപട്യമെന്നു വിളിച്ചേക്കും, പക്ഷേ, സഖാക്കൾക്ക് ഇതൊക്കെ 'പാർട്ടി അച്ചടക്കം'മാത്രം.
നേതാക്കളുടെ ധാർമിക പാപ്പരത്തത്തിന് ഒഴികഴിവുകൾ പറയുന്ന ലില്ലിപുട്ടുകളുടെ സർക്കസ് മാത്രമാണ് ഇവിടെ ശേഷിക്കുന്നത്. മുകേഷ് രാജിവയ്ക്കണോ എന്ന് ഒരിക്കൽ ചോദിച്ചപ്പോൾ, പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ താനെന്തോ വലിയ തമാശ പറയുന്നതു പോലെ മറുചോദ്യമുന്നയിച്ചു: "പിന്നീട് അദ്ദേഹം കുറ്റവിമുക്തനാക്കപ്പെട്ടാൽ, ധാർമികതയുടെ അടിസ്ഥാനത്തിൽ എംഎൽഎ സ്ഥാനം തിരിച്ചു കിട്ടുമോ?" അതേ ഗോവിന്ദൻ ന്നെ, അതേ 'ധാർമികതയുടെ അടിസ്ഥാനത്തിൽ' മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്നാണു പറയുന്നത്. ഇന്നത്തെ സിപിഎമ്മിൽ സൗകര്യപൂർവം എടുത്തുപയോഗിക്കാവുന്ന ഒരു വെറുംവാക്ക് മാത്രമായിരിക്കുന്നു ധാർമികത; ഒരു കാലത്ത് കോൺഗ്രസ് അടക്കമുള്ള വലതുപക്ഷക്കാരുടെ കുത്തകയായിരുന്ന സമീപനം!
മുൻഗാമികളിൽനിന്നു വ്യത്യസ്തമായി, താഴേത്തട്ടിൽ ഒരുപാടു കാലമൊന്നും കഷ്ടപ്പെടാതെ ശരവേഗത്തിലുള്ള രാഹുൽ മാങ്കൂട്ടത്തിലിന്‍റെ വളർച്ച അതേ വേഗത്തിൽ തിരിച്ചടിയാകുമെന്ന് ഉറപ്പായിരുന്നു. ഉചിതമായ നടപടി കോൺഗ്രസ് സ്വീകരിച്ചു. രാജിവയ്ക്കാൻ വിസമ്മതിച്ചതിനാണു സസ്പെൻഡ് ചെയ്തതെന്ന് വ്യക്തമാക്കിയിരുന്നെങ്കിൽ കൂടുതൽ നന്നായേനെ. എന്നിരുന്നാലും, അധികാരത്തിനായുള്ള വിട്ടുവീഴ്ചകളുടെ ചതുപ്പിൽ സഖാക്കളെ ചവിട്ടിത്താഴ്ത്താൻ പോന്ന പുതിയൊരു മാനദണ്ഡം കോൺഗ്രസ് മുന്നോട്ടുവച്ചിരിക്കുന്നു. രണ്ടാം ടേം ജയിച്ച് മൂന്നാം ടേം സ്വപ്നം കാണാൻ ധൈര്യപ്പെടുന്ന ഇടതുപക്ഷത്തിന് ആ വെല്ലുവിളി ഏറ്റെടുക്കുക ഒട്ടും എളുപ്പമമായിരിക്കില്ല.
പുറത്തു നടക്കുന്ന അങ്കങ്ങളെല്ലാം ഐസിയുവിൽ കിടന്ന് കാണാൻ മാത്രമാണ് തത്കാലം കേരളത്തിലെ ബിജെപിയുടെ വിധി. ജീവതാളമാകുമെന്ന് ബിജെപി വിശ്വസിച്ച പാലക്കാട്ടെ ദുർബലമായ സ്പന്ദനം പോലും രാഹുലിന്‍റെ സസ്പെൻഷനിലൂടെ കോൺഗ്രസ് ഞെരിച്ച് ഇല്ലാതാക്കിക്കളഞ്ഞു. സിപിഎമ്മിന്‍റെ കോൺഗ്രസ് വിരുദ്ധ ആക്രോശത്തിനൊപ്പം അണിചേരുക മാത്രമാണ് ബിജെപിക്ക് ഇപ്പോൾ ചെയ്യാനുള്ളത്. നരേന്ദ്ര മോദിയുടെ 'കോൺഗ്രസ് മുക്ത ഭാരതം' എന്ന മുദ്രാവാക്യത്തിന്‍റെ വിളറിയ പ്രതിധ്വനി ഇങ്ങു കേരളത്തിലും കേൾക്കുന്നുണ്ടോ? പിണറായിയുടെയും മോദിയുടെയും ശബ്ദത്തിന് ഒരേ താളമാണെന്നു തോന്നിയെങ്കിൽ, പൊതുജനങ്ങളുടെ കാതുകൾക്കല്ല കുഴപ്പം, സഖാക്കളുടെ തൊണ്ടയ്ക്കാണ്!