സസ്നേഹം മുകുന്ദേട്ടന്...

എൺപത്തിനാലിലേക്കു കടക്കുന്നു മയ്യഴിപ്പുഴയുടെ എഴുത്തുകാരൻ
with  Love to
Mukundettan...

സസ്നേഹം മുകുന്ദേട്ടന്...

Updated on

നോവല്‍ വായിച്ചുവെന്നതിന്‍റെ പേരിലൊന്നും ഞാനൊരിക്കലും കഞ്ചാവിന്‍റെയോ ചരസ്സിന്‍റെയോ പിടിയില്‍ വീണില്ല. കാലങ്ങള്‍ക്ക് ശേഷം ഇതേക്കുറിച്ചു മുകുന്ദേട്ടനോട് ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെയായിരുന്നു-""എന്‍റെ രചനകള്‍ വായിച്ച് ചരസ്സിലും കഞ്ചാവിനും അടിമയാകുന്നു എന്നുള്ളത് ഒരു ആരോപണം മാത്രമാണ്''. യോജിക്കുന്നു മുകുന്ദേട്ടനോട്. ഞാനും ഇവയൊക്കെ വായിച്ചതാണല്ലോ....

സുധീര്‍ നാഥ് |വിജയ് ചൗക്ക്

പ്രിയപ്പെട്ട മുകുന്ദേട്ടന് ശതാഭിഷേക ആശംസകള്‍. ജീവിതയാത്രയിൽ മുകുന്ദേട്ടനിപ്പോൾ ആയിരം പൂർണചന്ദ്രന്മാരെ (പൗര്‍ണമികള്‍) കണ്ടിട്ടുണ്ടാകണം. എൺപത്തിനാലിലേക്കു കടക്കുന്നു മയ്യഴിപ്പുഴയുടെ എഴുത്തുകാരൻ. വിശ്വസിക്കാനാവുന്നില്ല. എന്നെപ്പോലെ തന്നെയായിരിക്കാം മുകുന്ദേട്ടന്‍റെ പ്രിയപ്പെട്ട വായനക്കാരുടെയും മനോനില. ശരീരത്തെ മാത്രമാണല്ലോ പ്രായം ബാധിച്ചത്. മനസിപ്പോഴും യുവത്വത്തിലാണ്. മുകുന്ദേട്ടന്‍ എഴുതുന്ന അക്ഷരങ്ങള്‍, വാചകങ്ങള്‍, എല്ലാം യുവത്വം നിറഞ്ഞതാണ്. ജെന്‍സികള്‍ക്കുപോലും പ്രിയപ്പെട്ട ഭാഷയിലാണ് രചനകള്‍. അതുകൊണ്ടുതന്നെ ജെന്‍സികളോടൊപ്പം കൂട്ടുവാന്‍ അവരും ആഗ്രഹിക്കുന്നുണ്ടാകും. ഇതു തമാശയല്ല, സത്യം. അതാണ് യാഥാർഥ്യം.

മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എന്ന പുസ്തകം തൃക്കാക്കര കേസരി സ്മാരക സഹൃദയ ഗ്രന്ഥശാലയില്‍ നിന്ന് വാങ്ങി വായിക്കുമ്പോഴാണ് എം. മുകുന്ദന്‍ എന്ന കഥാകാരനെ അറിയുന്നതും അടുക്കുന്നതും. അത് അക്ഷരങ്ങളിലൂടെയുള്ള അടുപ്പമായിരുന്നു. എനിക്ക് മയ്യഴിയില്‍ നിന്നുള്ള ചില സുഹൃത്തുക്കള്‍ ഉണ്ടായത് കൊണ്ടായിരിക്കാം അന്ന് പുസ്തകം വായിച്ചത്. അതുകൊണ്ട് തന്നെ ഞാന്‍ കോളെജില്‍ പഠിക്കുമ്പോള്‍ പലതവണ ചങ്ങാതിമാരോടൊപ്പം മയ്യഴിയില്‍ പോയിട്ടുണ്ട്. അന്നു മയ്യഴിയില്‍ മുകുന്ദേട്ടന്‍റെ വീട് കാണിച്ചു തന്നു. മുകുന്ദേട്ടന്‍ ഡല്‍ഹിയിലാണെന്ന് പറഞ്ഞു.

പിന്നീട് ദൈവത്തിന്‍റെ വികൃതികള്‍ എന്നുള്ള നോവല്‍ വായിച്ചു. ഇതേ പേരില്‍ ഒരു സിനിമ ഇറങ്ങിയപ്പോള്‍ ആ സിനിമയും കണ്ടു. തുടര്‍ന്നാണ് ഡല്‍ഹിയും, ഹരിദ്വാറില്‍ മണിമുഴങ്ങുന്നു എന്ന പുസ്തകവും വായിച്ചത്. നോവല്‍ വായിച്ചുവെന്നതിന്‍റെ പേരിലൊന്നും ഞാനൊരിക്കലും കഞ്ചാവിന്‍റെയോ ചരസ്സിന്‍റെയോ പിടിയില്‍ വീണില്ല. കാലങ്ങള്‍ക്ക് ശേഷം മുകുന്ദേട്ടനോട് ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെയായിരുന്നു-""എന്‍റെ രചനകള്‍ വായിച്ച് ചരസ്സിലും കഞ്ചാവിനും അടിമയാകുന്നു എന്നുള്ളത് ഒരു ആരോപണം മാത്രമാണ്''. ഞാനും യോജിക്കുന്നു മുകുന്ദേട്ടനോട്. ഞാനും ഇവയൊക്കെ വായിച്ചതാണല്ലോ....

പഠന ശേഷം ഡല്‍ഹിയിലേക്ക് ചുവട് മാറ്റിയപ്പോള്‍ ഡല്‍ഹിയില്‍ താമസിക്കുന്ന മുകുന്ദനെ നേരില്‍ കാണണമെന്ന് ആഗ്രഹം ഉള്ളില്‍ ഉണ്ടായി. 1996 ജൂലൈയിലായിരിക്കണം ഞാന്‍ മുകുന്ദേട്ടനെ ആദ്യം കാണുന്നത്. ഡല്‍ഹിയിലെ ഔറംഗസീബ് റോഡിലെ ഫ്രഞ്ച് കള്‍ച്ചറല്‍ സെന്‍ററിലേക്ക് ഒരു മുന്നറിയിപ്പുമില്ലാതെ കടന്നുചെന്നു. അവിടത്തെ റിസപ്ഷനില്‍ ഞാന്‍ എം. മുകുന്ദനെ കാണണമെന്നുള്ള ആവശ്യം പറഞ്ഞു. വലിയ ഉയരവും തടിയും ഒക്കെയുള്ള വ്യക്തിയായിരുന്നു അന്നത്തെ എന്‍റെ മനസിലുള്ള മുകുന്ദൻ. അന്ന് ഫോട്ടൊയില്‍ മാത്രമാണ് കണ്ടിരുന്നത്. ഇന്നത്തെ പോലെ ടെലിവിഷനും മറ്റും ഇല്ലാതിരുന്ന കാലമായിരുന്നല്ലോ. ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു, ചാര നിറത്തിലുള്ള പാന്‍റ്സും, വെളുത്ത ഷര്‍ട്ടും, കഴുത്തില്‍ ഒരു ടാഗും ധരിച്ച് ഉയരം കുറഞ്ഞ മുകുന്ദേട്ടന്‍ നടന്നുവരുന്ന കാഴ്ച.

ഒരു തുടക്കക്കാരന്‍ അല്ലെങ്കില്‍ ഒരു ആരാധകന്‍ എന്നുള്ള നിലയില്‍ വലിയ സ്വീകരണം ആണ് എനിക്ക് ലഭിച്ചത്. മുകുന്ദേട്ടന്‍ ഓര്‍ക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല. അന്ന് കുറെ നേരം ഫ്രഞ്ച് സാംസ്കാരിക കേന്ദ്രത്തിലെ സ്വീകരണ മുറിയില്‍ ഇരുന്നു സംസാരിച്ചു. അവിടെ ആഴ്ചയില്‍ നടക്കുന്ന സിനിമ പ്രദര്‍ശനങ്ങളെക്കുറിച്ച് പറഞ്ഞു. കാര്‍ട്ടൂണ്‍ രംഗത്ത് വളരുവാന്‍ ഒട്ടേറെ സാധ്യതകളുണ്ടെന്ന് എന്നെ ഉപദേശിച്ചു. വിദേശ പ്രസിദ്ധീകരണങ്ങള്‍ മാധ്യമങ്ങള്‍ എല്ലാം സ്വീകരണം മുറിയില്‍ കാണിച്ചു തന്നു. എല്ലാം പ്രയോജനപ്പെടുത്തണം എന്ന് ഉപദേശിച്ചു. അങ്ങനെ ഞാന്‍ അവിടത്തെ നിത്യ സന്ദര്‍ശകനായി മാറി. നല്ല സിനിമകള്‍ കാണുവാനുള്ള അവസരം ലഭിച്ചു. വിദേശ പ്രസിദ്ധീകരണങ്ങളിലെ വരകള്‍ കണ്ട് പഠിച്ചു. ഭാഷ അറിയില്ലെങ്കിലും വരകള്‍ ഭാഷയ്ക്ക് അതീതമായതുകൊണ്ട് അത് നോക്കി പഠിക്കാന്‍ എനിക്ക് ലഭിച്ച അവസരം വിലമതിക്കാനാകാത്തതാണ്. എന്‍റെ കാര്‍ട്ടൂണ്‍ രംഗത്തെ വളര്‍ച്ചയില്‍ അറിഞ്ഞോ അറിയാതെയോ പങ്കുവഹിച്ചിട്ടുണ്ട് മുകുന്ദേട്ടൻ.

തുടര്‍ച്ചയായിട്ടുള്ള ഫ്രഞ്ച് സാംസ്കാരിക കേന്ദ്രത്തിലെ സന്ദര്‍ശനമായിരിക്കും മുകുന്ദേട്ടനെ എന്നിലേക്ക് കൂടുതല്‍ അടുപ്പിച്ചത്. അതുകൊണ്ടുതന്നെയായിരിക്കും മയൂര്‍ വിഹാറിലെ കലാ വിഹാറിലേക്ക് മുകുന്ദേട്ടന്‍ എന്നെ ക്ഷണിച്ചത്. അയല്‍ക്കാരനായ പ്രശസ്ത കഥക് നര്‍ത്തകനും, കഥക് നൃത്ത രൂപത്തെ ആഗോളതലത്തില്‍ പ്രശസ്തമാക്കിയ ബ്രിഡ്ജ് മഹാരാജിനെ പരിചയപ്പെടുത്തിയത് ഞാന്‍ ഓര്‍ക്കുന്നു. ആ കെട്ടിട സമുച്ചയത്തില്‍ ഒട്ടേറെ കലാകാരന്മാര്‍ ഉണ്ടായിരുന്നത് മുകുന്ദേട്ടന്‍ പറഞ്ഞതില്‍ നിന്ന് ഞാന്‍ മനസിലാക്കി. ഓർമയുണ്ടോ എന്ന് അറിയില്ല, കലാ വിഹാറിന് പുറത്തുള്ള മത്സ്യ മാര്‍ക്കറ്റില്‍ അവിടെ മത്സ്യം വാങ്ങാന്‍ വന്ന ഒരു സ്ത്രീ രാഷ്ട്രപതിയുടെ സഹോദരിയായിരുന്നു എന്നറിഞ്ഞപ്പോള്‍ മുകുന്ദേട്ടന്‍ ഞെട്ടിപ്പോയെന്ന് ഒരിക്കല്‍ പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു. ഇന്ത്യന്‍ രാഷ്ട്രപതിയായ കെ.ആര്‍ നാരായണന്‍റെ സഹോദരി ഭാര്‍ഗവി ആയിരുന്നു അവര്‍. അങ്ങനെ എത്രയെത്ര പ്രശസ്തരുമായി മുകുന്ദേട്ടന്‍ അവിടെ നിന്ന് അടുപ്പം നെയ്തു. അതില്‍ ചിലരെ മുകുന്ദേട്ടന്‍ എനിക്കും പരിചയപ്പെടുത്തി തന്നിട്ടുണ്ട്.

ഡല്‍ഹിയിലെ അമര്‍ കോളനിയില്‍ ആദ്യം താമസം തുടങ്ങിയ കാര്യത്തെക്കുറിച്ച് മുകുന്ദേട്ടന്‍ എത്രയോ തവണ വാചാലമായിട്ടുണ്ട്. സമീപകാലത്ത് അമര്‍ കോളനിയില്‍ വീണ്ടും പോകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ഭാസ്കരന്‍ മാഷ് ഒരു പാട്ടില്‍ എഴുതിയ വരികള്‍ ഞാന്‍ ഓര്‍മിപ്പിച്ചത് ഓര്‍ക്കുന്നുണ്ടാകും. ഒരു നറുക്കിന് ചേര്‍ക്കണേ... ആ യാത്രയില്‍ തീര്‍ച്ചയായും ഞാനും കൂടെ ഉണ്ടാകും. അമര്‍ കോളനിയില്‍ നിന്ന് മയൂര്‍ വിഹാറിലേക്കും പിന്നെ ദ്വാരകയിലേക്കും താമസം മാറ്റിയ മുകുന്ദേട്ടനുമായി ഞാന്‍ എത്രയോ സംസാരിച്ചിരിക്കുന്നു. എത്രയെത്ര വിഷയങ്ങള്‍, എത്രയെത്ര സംഭവങ്ങള്‍. റിട്ടയര്‍ ചെയ്തതിനുശേഷം ദ്വാരകയില്‍ വിശ്രമജീവിതം നയിക്കുമ്പോള്‍ ഡല്‍ഹിയിലെ സാംസ്കാരിക വേദികളിലെല്ലാം മുകുന്ദേട്ടന്‍ നിറസാന്നിധ്യമായിരുന്നു. ഡല്‍ഹിയിലെ ഭീകരമായ അന്തരീക്ഷ മലിനീകരണം കാരണം ഡല്‍ഹി വിട്ട് മനസില്ലാ മനസോടെ മാഹിയിലേക്ക് മടങ്ങിപ്പോയത് ഞാന്‍ ഓര്‍ക്കുകയാണ്.

പിന്നീടൊരിക്കല്‍ കണ്ടപ്പോള്‍ എന്നോട് പറഞ്ഞ ഒരു കാര്യമുണ്ട്. നാട്ടില്‍ എല്ലാത്തിനും ഒരു സവിശേഷമായ സ്വീകാര്യത ലഭിക്കുന്നു. ആശുപത്രിയില്‍, ബസില്‍, ട്രെയ്നില്‍ മറ്റ് പൊതു ഇടങ്ങളില്‍ ചെല്ലുമ്പോള്‍ വല്ലാത്തൊരു സ്നേഹം മലയാളി എന്നും മുകുന്ദേട്ടന് നല്‍കുന്നു എന്ന് ചിരിച്ചുകൊണ്ട് പറഞ്ഞത് ഓര്‍ക്കുന്നുണ്ടോ...?

ലോകപ്രശസ്ത ഫോട്ടോഗ്രാഫര്‍ നിക്ക് ഊട്ടും ന്യൂയോര്‍ക്ക് ടൈംസ് ഫോട്ടോ എഡിറ്റര്‍ റൗള്‍ റോയും ഞാനും മുകുന്ദേട്ടന്‍റെ വീട്ടിലെത്തിയത് ഓര്‍ക്കുന്നുണ്ടോ...? അന്ന് പടിക്കല്‍ തന്നെ സ്വീകരിക്കാന്‍ മുകുന്ദേട്ടനും ഭാര്യ ശ്രീജ ചേച്ചിയും കാത്തുനില്‍പ്പുണ്ടായിരുന്നു. അന്ന് മുകുന്ദേട്ടന്‍ അവരോട് ഫ്രഞ്ച് ഭാഷയില്‍ സംസാരിക്കുന്നത് കൗതുകത്തോടെയാണ് നോക്കി നിന്നത്. മുകന്ദേട്ടന്‍റെ പ്രിയ നോവല്‍ മയ്യഴിപ്പുഴയുടെ തീരങ്ങളുടെ ഫ്രാന്‍സിലിറങ്ങിയ ഫ്രഞ്ച് പതിപ്പ് അവര്‍ക്കു സമ്മാനിച്ചത് ഞാന്‍ ഓര്‍ക്കുന്നു. വിയറ്റ്നാംകാരനായ നിക്ക് ഊട്ടിന് ഫ്രഞ്ചാണ് ഇംഗ്ലീഷിനെക്കാള്‍ നന്നായി അറിയുന്നത്. മുകുന്ദേട്ടന്‍ വീട്ടില്‍നിന്ന് ഞങ്ങളെ സമീപത്തുള്ള ഒരു ക്ഷേത്രത്തിലേക്കാണ് കൂട്ടികൊണ്ടുപോയത്. ക്ഷേത്രത്തില്‍ ശ്രീനാരായണഗുരുവിനെയും ഗാന്ധിജിയെയും കാണിച്ചു തന്നു. ഫ്രഞ്ചുഭരണത്തിനെതിരേയുള്ള സുദീര്‍ഘമായ പോരാട്ടത്തിന്‍റെ ചരിത്രമുണ്ട് മയ്യഴിക്കു പറയാന്‍ എന്ന മുഖവുരയോടെ മുകുന്ദേട്ടന്‍ മാഹിയിലെ ചെറു വഴികളിലൂടെ ഞങ്ങളെ കൊണ്ടു പോയി മാഹിയുടെ കഥപറഞ്ഞ് തന്നത് മറക്കില്ല. മയ്യഴിപ്പുഴയുടെ തീരത്തുള്ള രബീന്ദ്രനാഥ ടഗോര്‍ പാര്‍ക്കും, മാഹി പള്ളിയും മുകുന്ദേട്ടന്‍ ഞങ്ങളെ കാണിച്ചത് ഓര്‍ക്കുന്നോ...? പള്ളിയുടെ ചരിത്രം കുട്ടികളോടെന്നപോലെ മുകുന്ദേട്ടന്‍ പറഞ്ഞുതന്നു. മാഹിക്കാരുടെ മാതാവിലുള്ള വിശ്വാസം അരക്കിട്ടുറപ്പിക്കുന്ന വാക്കുകളായിരുന്നു അത്.

മുകുന്ദേട്ടനെ പിന്നീട് കേരളത്തിലെ പല സാഹിത്യോത്സവങ്ങളിലും കണ്ടുമുട്ടിയിട്ടുണ്ട്. സാഹിത്യോത്സവത്തില്‍ മുകുന്ദേട്ടനെ കേള്‍ക്കാന്‍ എത്രയോ പേരാണ്. ഇതില്‍ പ്രായഭേദം ഇല്ലാതെ എത്രയോ ചെറുപ്പക്കാര്‍. വര്‍ത്തമാനകാല ഭാഷയില്‍ പറഞ്ഞാല്‍ ജെന്‍സികള്‍ പോലും മുകുന്ദേട്ടന്‍റെ ആരാധകരാണ്. മുകുന്ദേട്ടന്‍ എഴുതിയ എന്‍റെ എംബസിക്കാലം കൗതുകത്തോടു കൂടിയാണ് ഞങ്ങളൊക്കെ വായിച്ചിട്ടുള്ളത്. അതില്‍ എഴുതാതെ പോയ ഒട്ടേറെ കഥകള്‍ ഉണ്ട്. ആ കഥകളൊക്കെ കേള്‍ക്കാന്‍, ആ കഥകളൊക്കെ വായിക്കാന്‍ ഞങ്ങളൊക്കെ കാത്തിരിക്കുകയാണ്.

സര്‍ക്കസിന്‍റെ കുലവതി ജെമിനി ശങ്കരേട്ടനെ ഒരുമിച്ച് കാണാന്‍ പോയത് ഓര്‍ക്കുന്നുണ്ടാകും. ശങ്കരേട്ടന്‍ ഒരിക്കല്‍ എന്നോട് പറഞ്ഞത് മുകുന്ദേട്ടനെ എനിക്കൊന്നു കാണണം എന്നാണ്. മുകുന്ദേട്ടന്‍ ഇങ്ങോട്ട് വന്നില്ലെങ്കില്‍ ഞാന്‍ മുകുന്ദേട്ടനെ അങ്ങോട്ട് പോയി കാണാം എന്നായിരുന്നു ശങ്കരേട്ടന്‍ പറഞ്ഞത്. അന്ന് ശങ്കരേട്ടന്‍റെ വയസ്സ് 99. പ്രായം നോക്കാതെ മലയാളികള്‍ സ്നേഹത്തോടെ വിളിക്കുന്ന പേരാണ് മുകുന്ദേട്ടന്‍. കൊച്ചുകുട്ടി മുതല്‍ വലിയവര്‍ വരെ താങ്കളെ മുകുന്ദേട്ടാ എന്നാണ് വിളിക്കുന്നത് എന്ന് ശ്രദ്ധിച്ചിട്ടുണ്ടോ...? ഡല്‍ഹിയിലും വടക്കേ ഇന്ത്യയിലുള്ള ചിലര്‍ മുകുന്ദേട്ടാ എന്ന് വിളിക്കുന്നത് കൗതുകത്തോടെ കേട്ടിരുന്നിട്ടുണ്ട്. ഒരിക്കല്‍ കൂടി ശതാഭിഷേക ആശംസകള്‍...

logo
Metro Vaartha
www.metrovaartha.com