മോദിയുടെ കാൽ നൂറ്റാണ്ടിന്‍റെ സേവന രാഷ്‌ട്രീയം

ഇനി രാജ്യചരിത്രം എഴുതുമ്പോൾ "മോദിക്ക് മുമ്പും മോദിക്ക് ശേഷവും' എന്ന രീതിയിൽ വിലയിരുത്തേണ്ടിവരും
 Modi's quarter-century of service politics

മോദിയുടെ കാൽ നൂറ്റാണ്ടിന്‍റെ സേവന രാഷ്‌ട്രീയം

Updated on: 

രാജീവ്‌ ചന്ദ്രശേഖർ

2001 ഒക്റ്റോബർ 7ന് ഗുജറാത്ത് മുഖ്യമന്ത്രിയായി ചുമതലയേറ്റ നരേന്ദ്ര മോദി 2026ൽ ഭരണ നേതൃത്വത്തിൽ കാൽ നൂറ്റാണ്ട് പൂർത്തിയാക്കുകയാണ്. ഒരു നേതാവിന്‍റെ രാഷ്‌ട്രീയ വളർച്ചയുടെ മാത്രം ചരിത്രമല്ല, ഇന്ത്യയുടെ ഭരണരീതിയിലും വികസന സമീപനത്തിലും സാമൂഹിക ക്ഷേമത്തിലും സാമ്പത്തിക ശാക്തീകരണത്തിലും രാജ്യത്തിന്‍റെ ആഗോള സ്ഥാനത്തും ഉണ്ടായ വലിയ മാറ്റങ്ങളുടെ കാലഘട്ടം കൂടിയാണ് ഈ 25 വർഷം.

ഇനി രാജ്യചരിത്രം എഴുതുമ്പോൾ "മോദിക്ക് മുമ്പും മോദിക്ക് ശേഷവും' എന്ന രീതിയിൽ വിലയിരുത്തേണ്ടിവരും എന്നതാണ് 25 വർഷത്തെ അദ്ദേഹത്തിന്‍റെ ഭരണയാത്ര ഉയർത്തുന്ന രാഷ്‌ട്രീയ സന്ദേശം.

ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്തെ ഭരണ പരീക്ഷണങ്ങളിൽ നിന്ന് 2014ൽ പ്രധാനമന്ത്രി പദത്തിലേക്ക് എത്തിയ മോദി, 2019ലും 2024ലും ജനവിധി നേടി ദീർഘകാല ദേശീയ ഭരണ നേതാക്കളിലൊരാളായി മാറി. ഗുജറാത്തിൽ ആരംഭിച്ച ഭരണയാത്ര രാജ്യത്തിന്‍റെ ഏറ്റവും ഉയർന്ന ഭരണ പദവിയിലെത്തിയപ്പോൾ ഒപ്പം വളർന്നത് രാജ്യത്തിന്‍റെ വികസനവേഗവും ആത്മവിശ്വാസവും ആഗോള സ്വാധീനവുമാണ്.

മോദിക്ക് മുമ്പും ശേഷവും

ലോകവേദിയിൽ താരതമ്യേന ദുർബലമായി കണക്കാക്കപ്പെട്ടിരുന്ന ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ ശക്തികളിലൊന്നായി ഉയർത്താനുള്ള യാത്രയാണ് മോദിയുടെ പ്രധാന സവിശേഷത. അടൽ ബിഹാരി വാജ്പേയി തുടക്കം കുറിച്ച വികസനത്തിന്‍റെയും അടിസ്ഥാനസൗകര്യ വികസനത്തിന്‍റെയും ദേശീയ കരുത്തിന്‍റെയും പാതയ്ക്ക് കൂടുതൽ വേഗവും വ്യാപ്തിയും നൽകിക്കൊണ്ടാണ് 2014ന് ശേഷം രാജ്യം മുന്നോട്ടുപോയത്.

""രാജ്യം ആദ്യം'' എന്ന സമീപനമാണ് ഈ ഭരണ രാഷ്‌ട്രീയത്തിന്‍റെ അടിസ്ഥാന ആശയം. അതുകൊണ്ടു തന്നെ രാജ്യത്തിനകത്ത് വികസനവും ക്ഷേമവും ഉറപ്പാക്കുന്നതിനൊപ്പം ലോകത്തിന് മുന്നിൽ ഇന്ത്യയുടെ കരുത്തും സ്ഥാനവും ആത്മവിശ്വാസവും ഉയർത്തിപ്പിടിക്കുന്ന നയതന്ത്രത്തിനും ഒരേ പ്രാധാന്യം ലഭിച്ചു.

വികസനവും ദേശസുരക്ഷയും, ക്ഷേമവും സാമ്പത്തിക ശാക്തീകരണവും, സേവനവും നയതന്ത്രവും പരസ്പരവിരുദ്ധങ്ങളല്ലെന്നും അവയെ ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകാൻ കഴിയുമെന്നും ഒരു ദശാബ്ദത്തിലേറെ കാലത്തെ മോദി ഭരണം തെളിയിച്ചു.

ഉത്പാദനക്ഷമതയും കർഷകരുടെ വരുമാനവും ഉയർത്താൻ ശാസ്ത്ര- സാങ്കേതിക മേഖലയുടെ സാധ്യതകളെ കൃഷിയുമായി കൂട്ടിയിണക്കുമ്പോൾ, ബഹിരാകാശ ഗവേഷണത്തിലും പ്രതിരോധ സാങ്കേതികവിദ്യയിലും ഇന്ത്യ പുതിയ നേട്ടങ്ങൾ കൈവരിക്കുന്നു. വയലിൽ സാങ്കേതികവിദ്യ എത്തിക്കുന്നതു മുതൽ ബഹിരാകാശത്തിന്‍റെ അനന്ത സാധ്യതകൾ തേടുന്നതു വരെയുള്ള വികസന യാത്രയാണ് പുതിയ ഇന്ത്യയുടേത്.

കർഷകനും അധ്വാനിക്കുന്ന തൊഴിലാളിയും ശാസ്ത്രജ്ഞനും ഒരേ വികസന യാത്രയിലെ പങ്കാളികളാണ്. അവരുടെ അധ്വാനത്തെയും കഴിവിനെയും രാജ്യത്തിന്‍റെ ശക്തിയാക്കി മാറ്റുന്ന നയങ്ങളിലൂടെയാണ് ആത്മനിർഭർ ഭാരതം എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുന്നത്.

"എല്ലാവർക്കുമൊപ്പം, എല്ലാവർക്കും വേണ്ടി'

""എല്ലാവർക്കുമൊപ്പം, എല്ലാവർക്കും വേണ്ടി'' എന്നത് കേവലമൊരു രാഷ്‌ട്രീയ മുദ്രാവാക്യമല്ലെന്നും അത് ഭരണത്തിലൂടെ തെളിയിക്കേണ്ട ആശയമാണെന്നും കഴിഞ്ഞ വർഷങ്ങൾ രാജ്യത്തെ പഠിപ്പിച്ചു.

ബാങ്കിങ് സേവനങ്ങളിൽ നിന്ന് ആരോഗ്യ പരിരക്ഷയിലേക്കും ഭവന നിർമാണത്തിൽ നിന്ന് കുടിവെള്ളത്തിലേക്കും ഡിജിറ്റൽ സേവനങ്ങളിൽ നിന്ന് സാമൂഹിക സുരക്ഷയിലേക്കും വികസന ഗുണഫലങ്ങൾ ഏറ്റവും താഴെത്തട്ടിലുള്ളവരിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് മോദി ഭരണത്തിന്‍റെ പ്രധാന സവിശേഷത. ക്ഷേമ പദ്ധതികളുടെ ലക്ഷ്യം വെറും സഹായം നൽകുന്നതിൽ അവസാനിക്കാതെ സാമ്പത്തിക സുരക്ഷയും സ്വയംപര്യാപ്തതയും നേടാനുള്ള അവസരം സൃഷ്ടിക്കണമെന്ന ആശയമാണ് ഈ സമീപനത്തിന്‍റെ കാതൽ.

ഗുജറാത്തിൽ തുടങ്ങിയ ജനക്ഷേമ മാതൃക

ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ദരിദ്ര വിഭാഗങ്ങളിലേക്ക് സർക്കാർ പദ്ധതികളുടെ ഗുണഫലങ്ങൾ നേരിട്ട് എത്തിക്കാൻ മോദി നടപ്പാക്കിയ ശ്രദ്ധേയമായ സംരംഭമായിരുന്നു ഗരീബ് കല്യാൺ മേളകൾ. വിവിധ ക്ഷേമ പദ്ധതികളുടെ സഹായം അർഹരായവരെ കണ്ടെത്തി നേരിട്ട് നൽകുക. സർക്കാർ സംവിധാനവും ഗുണഭോക്താക്കളും തമ്മിലുള്ള അകലം കുറയ്ക്കുകയും പദ്ധതികളുടെ പ്രയോജനം അർഹരിലേക്ക് നേരിട്ട് എത്തിക്കുകയും ചെയ്യുക എന്ന ആശയത്തിന് ഇതിലൂടെ പ്രാധാന്യം ലഭിച്ചു.

സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിന് ഗുജറാത്തിൽ രൂപം നൽകിയ പ്രധാന സംരംഭമായിരുന്നു മിഷൻ മംഗൾ. സ്വയംസഹായ സംഘങ്ങളിലൂടെ സ്ത്രീകൾക്ക് ബാങ്ക് വായ്പ, നൈപുണ്യ പരിശീലനം, ഉപജീവന മാർഗം എന്നിവ ലഭ്യമാക്കി അവരെ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളായി മാത്രം നിർത്താതെ വരുമാനം സൃഷ്ടിക്കുന്നവരാക്കി മാറ്റുക എന്ന ആശയത്തിനാണ് ഇതിലൂടെ പ്രാധാന്യം ലഭിച്ചത്. ഗുജറാത്തിലെ ഇത്തരം ഭരണ പരീക്ഷണങ്ങളിൽ നിന്നുള്ള അനുഭവങ്ങൾ പിന്നീട് പ്രധാനമന്ത്രിയായ മോദി ദേശീയതലത്തിൽ കൂടുതൽ വിപുലമായ പദ്ധതികളായി നടപ്പാക്കി.

ജൻധൻ: ബാങ്കിങ്ങിലേക്ക് കോടിക്കണക്കിന് ജനങ്ങൾ

2014ൽ പ്രധാനമന്ത്രിയായതിന് പിന്നാലെ ദേശീയതലത്തിൽ നടപ്പാക്കിയ വലിയ മുന്നേറ്റങ്ങളിൽ ഒന്നായിരുന്നു പ്രധാനമന്ത്രി ജൻധൻ യോജന. ബാങ്ക് അക്കൗണ്ട് ഇല്ലാതിരുന്ന കുടുംബങ്ങളെ ഔപചാരിക ബാങ്കിങ് സംവിധാനത്തിന്‍റെ ഭാഗമാക്കുക എന്നതായിരുന്നു ലക്ഷ്യം. ബാങ്ക് അക്കൗണ്ട് പണം സൂക്ഷിക്കുന്നതിനുള്ള സംവിധാനത്തിൽ നിന്ന് സർക്കാർ ആനുകൂല്യങ്ങൾ, ഇൻഷ്വറൻസ്, പെൻഷൻ, വായ്പ തുടങ്ങിയവ ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കുന്ന അടിസ്ഥാന സംവിധാനമായി മാറി.

ജൻധൻ, ആധാർ, മൊബൈൽ എന്നിവയെ ബന്ധിപ്പിച്ച ജാം (ജെഎഎം) സംവിധാനവും ഡയറക്റ്റ് ബനഫിറ്റ് ട്രാൻസ്ഫർ (ഡിബിടി) സംവിധാനവും ചേർന്ന് ഇടനിലക്കാരെ ഒഴിവാക്കി ആനുകൂല്യങ്ങൾ നേരിട്ട് ഗുണഭോക്താക്കളിലേക്ക് എത്തിക്കുന്ന പുതിയ സാധ്യതകൾ തുറന്നു.

സാമൂഹിക സുരക്ഷയിലേക്ക്

ജനങ്ങളുടെ സാമ്പത്തിക സുരക്ഷ ബാങ്ക് അക്കൗണ്ടിൽ മാത്രം ഒതുങ്ങാതെ ഇൻഷ്വറൻസിലേക്കും പെൻഷനിലേക്കും വ്യാപിപ്പിക്കാനാണ് മോദി സർക്കാർ പ്രാധാന്യം നൽകിയത്. പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന, പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന, അടൽ പെൻഷൻ യോജന തുടങ്ങിയ പദ്ധതികൾ കുറഞ്ഞ ചെലവിൽ സാധാരണക്കാർക്ക് സാമ്പത്തിക പരിരക്ഷ ഒരുക്കുന്നതിനുള്ള സംവിധാനമായി.

കുടുംബനാഥന്‍റെ മരണം, അപകടം, വാർധക്യം തുടങ്ങിയ സാഹചര്യങ്ങളിൽ ഒരു കുടുംബം സാമ്പത്തിക പ്രതിസന്ധിയിലാകുന്നത് തടയാൻ സാമൂഹിക സുരക്ഷാ സംവിധാനത്തെ വിപുലമാക്കുകയായിരുന്നു ലക്ഷ്യം.

വായ്പയിലൂടെ സംരംഭകത്വത്തിലേക്ക്

ഒരു ബാങ്ക് അക്കൗണ്ട് മാത്രമുണ്ടായാൽ സാമ്പത്തിക ശാക്തീകരണം പൂർത്തിയാകില്ലെന്ന തിരിച്ചറിവിൽ നിന്നാണ് പ്രധാനമന്ത്രി മുദ്ര യോജന പോലുള്ള പദ്ധതികൾക്ക് രൂപം നൽകിയത്. ചെറുകിട വ്യാപാരികൾക്കും സ്വയംതൊഴിൽ ചെയ്യുന്നവർക്കും സംരംഭങ്ങൾ ആരംഭിക്കാനും വികസിപ്പിക്കാനും വായ്പ ലഭ്യമാക്കുക എന്നതിലൂടെ വായ്പയെ അടിയന്തര സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാനുള്ള സഹായത്തിൽ നിന്ന് വരുമാനം സൃഷ്ടിക്കാനും തൊഴിൽ നൽകാനുമുള്ള അവസരമായി മാറ്റുകയായിരുന്നു ലക്ഷ്യം.

പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ടവർക്കും വനിതാ സംരംഭകർക്കും പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ വായ്പ ലഭ്യമാക്കുന്നതിനുള്ള സ്റ്റാൻഡ് അപ് ഇന്ത്യ പോലുള്ള പദ്ധതികളും ഈ സാമ്പത്തിക ശാക്തീകരണത്തിന്‍റെ ഭാഗമാണ്.

തെരുവോര കച്ചവടക്കാർ

കൊവിഡ് കാലത്ത് ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിട്ട വിഭാഗങ്ങളിലൊന്നായിരുന്നു തെരുവോര കച്ചവടക്കാർ. ദിവസ വരുമാനത്തെ ആശ്രയിച്ചിരുന്ന ഇവർക്ക് വ്യാപാരം പുനരാരംഭിക്കാൻ ചെറിയ മൂലധനം ആവശ്യമായിരുന്നു.

ഇതിനായി നടപ്പാക്കിയ പിഎം സ്വനിധി പദ്ധതി തെരുവോര കച്ചവടക്കാരെ ഔപചാരിക സാമ്പത്തിക സംവിധാനത്തിന്‍റെ ഭാഗമാക്കുന്നതിലും അവരുടെ ഉപജീവനം പുനഃസ്ഥാപിക്കുന്നതിലും പ്രധാന ഇടപെടലായി.

ആരോഗ്യ സുരക്ഷ ,സാമ്പത്തിക സംരക്ഷണം

ഒരു കുടുംബത്തിന്‍റെ സാമ്പത്തിക സ്ഥിരത തകർക്കുന്ന പ്രധാന കാരണങ്ങളിലൊന്നാണ് ഗുരുതരമായ രോഗം. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് നടപ്പാക്കിയ ചിരഞ്ജീവി യോജന, മുഖ്യമന്ത്രി അമൃതം തുടങ്ങിയ ആരോഗ്യ പരിരക്ഷാ പദ്ധതികളിൽ നിന്നുള്ള അനുഭവങ്ങൾ ഉൾക്കൊണ്ട് ദേശീയതലത്തിൽ ആയുഷ്മാൻ ഭാരത് – പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന വലിയ ആരോഗ്യ സുരക്ഷാ സംവിധാനമായി മാറി.

ചികിത്സാ ചെലവ് മൂലം കുടുംബങ്ങൾ സാമ്പത്തികമായി തകർന്നു പോകുന്ന സാഹചര്യം കുറയ്ക്കുക എന്നത് ആരോഗ്യനയത്തിന്‍റെയും സാമൂഹിക സുരക്ഷയുടെയും പ്രധാന ലക്ഷ്യമായി.

രാജ്യത്തിന്‍റെ കരുത്ത് ഉയർത്തിയ രാഷ്‌ട്രീയം

രാജ്യത്തിന്‍റെ ദേശീയ കരുത്തിനും മോദി ഭരണത്തിൽ പ്രത്യേക പ്രാധാന്യം ലഭിച്ചു. ഒരു ആഗോള ശക്തിയുടെയും സമ്മർദത്തിന് വഴങ്ങാതെ ജനതയുടെ താൽപര്യങ്ങൾ ഉയർത്തിപ്പിടിച്ച് ഇന്ത്യയുടെ നിലപാട് ലോകത്തിന് മുന്നിൽ പ്രഖ്യാപിക്കാനുള്ള ആത്മവിശ്വാസം രാജ്യത്തിന് ലഭിച്ചു.

ചൈനയുടെയും റഷ്യയുടെയും ഇസ്രയേലിന്‍റെയും ഭരണത്തലവന്മാരുമായി ഒരേസമയം ബന്ധം പുലർത്താനും ഇവരെയെല്ലാം ഒരുമിച്ച് ഇരു കൈകളിലും ചേർത്തു പിടിക്കാനും കഴിയുന്ന നേതാവായി മോദി മാറി.

ലോകശക്തികൾ ഇന്ത്യയുമായി പങ്കാളിത്തത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന പുതിയ ആഗോള സാഹചര്യത്തിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിലും മോദിയുടെ നയതന്ത്രത്തിന് വലിയ പങ്കുണ്ട്. ഇന്ത്യ ഉൾപ്പെടുന്ന അല്ലെങ്കിൽ ഇന്ത്യ കൂടി നേതൃത്വം നൽകുന്ന പുതിയൊരു ലോകക്രമം രൂപപ്പെട്ടുകൊണ്ടിരിക്കുന്നു. നമ്മുടെ വിദേശനയം മറ്റുള്ളവരുടെ സമ്മർദത്തിന് അനുസരിച്ച് നിർണയിക്കപ്പെടുന്നതല്ല; ദേശീയ താൽപര്യമാണ് അതിന്‍റെ അടിസ്ഥാനമെന്ന നിലപാടാണ് കാതൽ.

ലോകത്ത് ഇന്ത്യയുടെ കരുതൽ

ലോകത്തിന്‍റെ ഏതൊരു കോണിലും ഇന്ത്യൻ ജനത പ്രതിസന്ധിയിലായാൽ അവരെ സംരക്ഷിക്കാൻ സ്വന്തം രാജ്യം എത്തുന്നുവെന്ന ആത്മവിശ്വാസം ശക്തിപ്പെടുത്താനും മോദി സർക്കാരിന് കഴിഞ്ഞു. ഓപ്പറേഷൻ ഗംഗ ഉൾപ്പെടെയുള്ള രക്ഷാപ്രവർത്തനങ്ങൾ ഇതിന് ഉദാഹരണം.

പ്രകൃതിദുരന്തങ്ങളോ പകർച്ചവ്യാധികളോ മറ്റ് പ്രതിസന്ധികളോ നേരിടുന്ന രാജ്യങ്ങളിലേക്ക് സഹായഹസ്തം നീട്ടുന്ന രാജ്യമായി നാം മാറി. ഇന്ത്യയെ വിശ്വസിക്കാൻ കഴിയുന്ന ഒരു സുഹൃത്ത് എന്ന് ലോകരാജ്യങ്ങൾ വിശേഷിപ്പിച്ചുതുടങ്ങി. ലോകത്തിന്‍റെ പ്രതിസന്ധികളിലും സഹായവുമായി മുന്നിലെത്തുന്ന രാഷ്‌ട്രമായി ഇന്ത്യയുടെ പ്രതിച്ഛായ ഉയർന്നു.

പ്രതിസന്ധികളിലും തല ഉയർത്തി നിന്നു

ലോകം മുഴുവൻ പ്രതിസന്ധികളെ നേരിട്ട ഘട്ടങ്ങളിലും ഇന്ത്യയുടെ സാമ്പത്തിക- സാമൂഹിക സ്ഥിരത സംരക്ഷിക്കാൻ കഴിഞ്ഞത് "രാജ്യം ആദ്യം' എന്ന സമീപനത്തിന്‍റെ ശക്തിയാണ്. പകർച്ചവ്യാധി, പ്രകൃതിദുരന്തം, യുദ്ധം, ആഗോള സാമ്പത്തിക പ്രതിസന്ധി തുടങ്ങി നിരവധി വെല്ലുവിളികൾക്കിടയിലും വികസനപ്രവർത്തനങ്ങൾ തുടരുന്നതിനൊപ്പം ജനക്ഷേമ പദ്ധതികളും മുന്നോട്ടുകൊണ്ടുപോകാൻ രാജ്യത്തിന് കഴിഞ്ഞു.

logo
Metro Vaartha
www.metrovaartha.com