അവസാനിക്കാത്ത താളവട്ടങ്ങള്‍

ദില്‍ഷാദ് ഖാന്‍റെ സാരംഗിയില്‍ പെയ്തിറങ്ങിയ ധാനി എന്ന രാഗത്തില്‍ ലയിച്ചിരിക്കുന്ന ഉസ്താദ്. പ്രേക്ഷകരും കരയുകയാണ്. ഇനി ഉസ്താദിന്‍റെ ഊഴം. ആദ്യ വിരല്‍ തബലയില്‍ തൊടുമ്പോള്‍ കോരിത്തരിക്കുന്ന പ്രേക്ഷകര്‍...
Ustad Zakir Hussain with Peruvanam Kuttan Marar and Mattannur Sankarankutty at Peruvanam, Kerala
ഉസ്താദ് സാക്കിർ ഹുസൈൻ, പെരുവനം കുട്ടൻ മാരാർക്കും മട്ടന്നൂർ ശങ്കരൻകുട്ടിക്കും ഒപ്പം പെരുവനത്ത്.
Updated on

കെ. രാമചന്ദ്രൻ

2017ല്‍ പെരുവനത്തെ ധന്യമാക്കിയ ഉസ്താദിന്‍റെ സന്ദര്‍ശനം... കച്ചേരി കഴിഞ്ഞ് അദ്ദേഹത്തെയും കുട്ടന്‍ മാരാരെയും മട്ടന്നൂര്‍ ആശാനെയും ഒന്നിച്ചു നിര്‍ത്തി ഒരു പൊന്നാട അണിയിക്കാന്‍ ശ്രമിക്കുകയാണ്. പെട്ടെന്ന് അദ്ദേഹം കുതറിയോടി, സ്റ്റേജില്‍ കയറാന്‍ ശ്രമിക്കുന്ന പ്രായമായ ഒരാളുടെ അടുത്തേക്ക് ചെന്നു. കയറാന്‍ ശ്രമിച്ചപ്പോള്‍ വീണു പോയതാണ് അദ്ദേഹം. സാക്കിര്‍ ഹുസൈന്‍ അദ്ദേഹത്തെ പിടിച്ചെഴുന്നെല്‍പ്പിച്ചു. കേരബോഡിന്‍റെ പഴയ ചെയര്‍മാനാണ്. കയർ കൊണ്ടുണ്ടാകിയ ഒരു കൊച്ചു കരകൗശല സൃഷ്ടി കൈയിലുണ്ട്... അദ്ദേഹം അത് സാക്കിര്‍ ഹുസൈനു സമ്മാനിച്ചു. അദ്ദേഹത്തിന്‍റെ ഇരു കൈകളും ശിരസില്‍ ചേര്‍ത്ത് കൊച്ചു കുഞ്ഞിനു കളിപ്പാട്ടം കിട്ടും പോലെ സമ്മാനം തൊട്ട് തഴുകി ചാടിത്തുള്ളി സാക്കിര്‍ ഹുസൈന്‍ തിരിച്ചെത്തി, പൊന്നാട വാങ്ങി.

ആര്‍ദ്രതയാണ്‌ കല എന്ന് ഇങ്ങനെയും പറയാതെ പറഞ്ഞു വയ്ക്കാം. അതുകൊണ്ടാണ് ഉസ്താദിന്‍റെ സദിരുകള്‍ക്ക് വന്‍ സംഘം പ്രേക്ഷകര്‍ ഉണ്ടാകുന്നത്.

മുംബൈയിലെ വേദിയില്‍ കഴിഞ്ഞ വർഷം ഡിസംബര്‍ 13നാണ് അദ്ദേഹം പരിപാടി അവതരിപ്പിച്ചത്. ദില്‍ഷാദ് ഖാന്‍റെ സാരംഗിയില്‍ പെയ്തിറങ്ങിയ ധാനി എന്ന രാഗത്തില്‍ ലയിച്ചിരിക്കുന്ന ഉസ്താദ്. പ്രേക്ഷകരും കരയുകയാണ്. കലയ്ക്ക് വിമലീകരിക്കാനുമാവുമല്ലോ. ഇനി ഉസ്താദിന്‍റെ ഊഴമാണ്. ആദ്യ വിരല്‍ തബലയില്‍ തൊടുമ്പോള്‍ കോരിത്തരിക്കുന്ന പ്രേക്ഷകര്‍. പിന്നീടങ്ങോട്ട് ചേതനയുള്ള ഒരു മനസ് പോലെയാണ് അദ്ദേഹത്തിന്‍റെ തബല. കൊച്ചു കുഞ്ഞിനെപ്പോലെ പിച്ചവച്ച്, തുള്ളിച്ചാടി, പൊട്ടിച്ചിരിച്ച് ത്രസിച്ചുയരുന്ന കലാനുഭവം. ഓരോ പ്രേക്ഷകനെയും അദ്ദേഹം കാണുന്നുണ്ട്. ഒരോരുത്തരുടെ പ്രതികരണങ്ങള്‍ക്കും താളത്തിലൂടെ മറുപടി പറയുന്നുണ്ട്. ഓരോരുത്തര്‍ക്കും മനസ് നിറഞ്ഞു എന്ന് ഉറപ്പ് വരുത്തുന്നുമുണ്ട്....

വാഷി സിഡ്കോ സെന്‍ററിലെ പരിപാടി കഴിഞ്ഞ് എല്ലാവരും മടങ്ങുകയാണ്. ആരും ഒന്നും സംസാരിക്കുന്നില്ല. മനസ് നിറയെ താളം നിര്‍ത്താതെ പെയ്യുകയാണ്. കേരള ഹൗസിലാണ് സദ്യ. നാട്ടില്‍ നിന്ന് പാരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു പ്രശസ്ത ഓട്ടന്‍തുള്ളല്‍ കലാകാരി, കലാമണ്ഡലം ഷര്‍മിള. പരിപാടിയുടെ ലഹരിയില്‍ ആരോടും ഒന്നും സംസാരിക്കാതെ കേരളഹൗസിനു പുറത്ത്, മങ്ങിയ വെളിച്ചത്തില്‍ ഒറ്റയ്ക്ക് നില്‍ക്കുകയാണ് ഷര്‍മിള. സക്കീര്‍ ഹുസൈന്‍ അവരെ കണ്ടു. അടുത്തു ചെന്നു. എന്നിട്ട് പറഞ്ഞു, ''ഞാന്‍ സാക്കിര്‍ ഹുസൈന്‍...''

ഷര്‍മിള വിനയത്തോടെ തൊഴുത്‌ പറഞ്ഞു, ''അറിയാമല്ലോ.. അതറിയാത്തതായി ആരുമില്ലല്ലോ.''

സക്കീര്‍ ഹുസൈന്‍ പറഞ്ഞു, ''എനിക്ക് നിങ്ങള്‍ക്കൊപ്പം ഒരു ഫോട്ടൊ എടുക്കണം.''

അടുത്തു നിന്ന എന്നെക്കൊണ്ട് അദ്ദേഹം അതെടുപ്പിച്ചു. നനഞ്ഞ കണ്ണുകളോടെ ഷര്‍മിള ചേര്‍ന്നു നിന്നു.

കേരള സദ്യയിലെ ഓരോ വിഭവങ്ങളും അദ്ദേഹം പ്രത്യേകം രുചിച്ച് ആസ്വദിച്ചു കഴിച്ചു. ഇടയ്ക്ക് പറഞ്ഞു, ''അഞ്ച് വര്‍ഷങ്ങള്‍ക്കു മുൻപ് കേരളത്തില്‍ വന്നപ്പോള്‍ കഴിച്ച അരി ഇതായിരുന്നില്ലല്ലോ....''

അടുത്തു നിന്ന ആരോ വിശദീകരിച്ചു, ''അത് കുത്തരി ആയിരുന്നു, ഇത് പൊന്നിയാണ്.''

ഉസ്താദ് ഇടക്കിടെ പറയാറുണ്ട്‌, ''എന്നെക്കാള്‍ നല്ല തബല വാദകര്‍ വേറെയും ഉണ്ട് കേട്ടോ. അവരെ ഓര്‍ക്കാതിരിക്കരുത്....''

ശരിയാവാം ഉസ്താദ്... അവരൊക്കെ തബലയിലെ ഉസ്താദുമാരാണ്. അങ്ങാകട്ടെ, അലിവും സ്നേഹവും മാത്രമറിയുന്ന വലിയൊരു സംസ്കൃതിയുടെ ഉസ്താദും....

(ലേഖകൻ കെ. രാമചന്ദ്രൻ മുംബൈയിലെ കേളി എന്ന സാംസ്കാരിക സംഘടനയുടെ മുഖ്യ സാരഥിയാണ്. കേളിയുടെ 25-ാം വാർഷികത്തോടനുബന്ധിച്ച് സാക്കിർ ഹുസൈനെ പെരുവനത്തെത്തിച്ചതും രാമചന്ദ്രനാണ്. 1999 മുതൽ സാക്കിർ ഹുസൈനുമായി ഉഷ്മള സൗഹൃദം പുലർത്തുന്ന രാമചന്ദ്രൻ, തബല വിസ്മയമായ ഉസ്താദിന്‍റെ മൂന്നു പരിപാടികൾക്ക് ആതിഥ്യം വഹിച്ചിട്ടുണ്ട്. കേളിയുടെ പല വാദ്യാവതരണ പരിപാടികളിലും സാക്കിർ ഹുസൈൻ അതിഥിയായിരുന്നു. വാദ്യകലകൾ, നാടകം, അനുഷ്ഠാന കലകൾ, നാടകം, ഡോക്യുമെന്‍ററി, ഫോക്ക്‌ലോർ പഠനങ്ങൾ എന്നീ മേഖലകളിൽ ശ്രദ്ധേയ സാന്നിധ്യമാണ് രാമചന്ദ്രൻ.)

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com