

തിരുവിതാംകൂര്‍- കൊച്ചിലയന സമയത്ത് പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ വരച്ച കാര്‍ട്ടൂണ്‍. ലയനത്തിന് നേതൃത്വം നല്‍കിയ വി.പി. മേനോനാണ് ആനകളുടെ മുകളില്‍.
file photo
ഐക്യകേരളത്തിന് നിലകൊണ്ടതിനാല്‍ കേരളവര്‍മ മഹാരാജാവിനെ ഐക്യകേരളം തമ്പുരാന്‍ എന്നും അറിയപ്പെടുന്നു.
വിജയ് ചൗക്ക്|സുധീര്‍നാഥ്
കേരള സംസ്ഥാനം രൂപം കൊള്ളുന്നതിനു പിന്നില്‍ വലിയ ഒരു സമര ചരിത്രം തന്നെയുണ്ട്. രാജ്യത്തിനു സ്വാതന്ത്ര്യം കിട്ടാൻ ബ്രിട്ടീഷുകാരോട് പോരാടാന്‍ തീരുമാനിച്ചതിന്‍റെ തുടക്കം മുതല്‍ ഐക്യ കേരളത്തിനു വേണ്ടിയുള്ള കാഹളവും തുടങ്ങിയെന്നാണ് ചരിത്രം. വര്‍ഷങ്ങളായി തുടര്‍ന്ന ഐക്യ കേരള ആവശ്യം വളരെ വൈകിയാണ് നടപ്പിലായത്. 1947ൽ സ്വാതന്ത്ര്യം കിട്ടിയെങ്കിലും 56ലാണ് കേരളം എന്ന സംസ്ഥാനം രൂപം കൊള്ളുന്നതു തന്നെ. ഭാഷാ അടിസ്ഥാനത്തില്‍ കേരളം രൂപംകൊണ്ട അവസരത്തില്‍ തന്നെയാണ് മറ്റു സംസ്ഥാനങ്ങള്‍ക്കും ഭാഷാടിസ്ഥാനത്തില്‍ രൂപം കൊള്ളാന്‍ സാധിച്ചത് എന്നത് വലിയ ഒരു ചരിത്രമാണ്.
1920ല്‍ ഗാന്ധിജിയുടെ നിര്‍ദേശപ്രകാരം നാഗ്പുരില്‍ ചേര്‍ന്ന കോണ്‍ഗ്രസ് സമ്മേളനം ഭാഷാടിസ്ഥാനത്തില്‍ പ്രൊവിഷന്‍ കമ്മിറ്റികള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചിരുന്നു. ഭാഷാ അടിസ്ഥാനത്തില്‍ കേരളം ഒന്നിക്കണം എന്ന് സങ്കല്‍പ്പത്തിന് രൂപം കൈവരുന്നത് ആ സമ്മേളനത്തോടെയാണ്. ഭാഷാ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രാജ്യമാകെ ഉണ്ടകണമെന്ന ആവശ്യം സ്വാതന്ത്ര്യ സമരത്തിനൊപ്പം ഗാന്ധിജി ചേര്‍ത്തുവച്ചത് കൂടുതല്‍ ഊർജം പകരുന്ന ഒന്നായി മാറി. തുടര്‍ന്ന് 1921ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ മേഖലകള്‍ക്കുള്ള യൂണിറ്റുകളെ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (കെപിസിസി) എന്ന് പുനര്‍നാമകരണം ചെയ്തു.
കെപിസിസിയുടെ നേതൃത്വത്തില്‍ 1921 ഏപ്രില്‍ 23 മുതല്‍ നടന്ന ആദ്യ അഖില കേരള രാഷ്‌ട്രീയ സമ്മേളനം നടന്നത് ഒറ്റപ്പാലത്താണ്. മലബാര്‍, തിരുവിതാംകൂര്‍, കൊച്ചി, കൂര്‍ഗ്, നീലഗിരി, ഗൂഡല്ലൂര്‍, സൗത്ത് കാനറ, മാഹി, ലക്ഷദ്വീപ് എന്നിവ ഉള്‍പ്പെടുന്ന പുതിയ കേരള സംസ്ഥാനം രൂപീകരിക്കണമെന്ന് ഒറ്റപ്പാലം സമ്മേളനത്തില്‍ രൂപീകരിച്ച ഐക്യകേരള കമ്മിറ്റി ആവശ്യപ്പെട്ടു. ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ അധ്യക്ഷതയില്‍ 1928ല്‍ എറണാകുളത്തു നടന്ന നാട്ടുരാജ്യ പ്രജാ സമ്മേളനത്തിലും ഐക്യകേരളത്തിനായി പ്രമേയം പാസാക്കിയിരുന്നു. 1946 മെയ് 26ന് ചെറുതുരുത്തിയില്‍ കെ.പി. കേശവമേനോന്‍റെ അധ്യക്ഷതയില്‍ ഐക്യ കേരളത്തിനായി പ്രവര്‍ത്തിക്കാന്‍ കെപിസിസി പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്നു.
കോണ്‍ഗ്രസ് പാര്‍ട്ടിയെ പോലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഐക്യകേരളം എന്ന ആശയത്തെ പിന്തുണച്ചിരുന്നു. മലയാളം ഭാഷ സംസാരിക്കുന്ന പ്രദേശത്തെ കൂട്ടി ഇണക്കി ഐക്യകേരളം എന്ന ആശയം കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും സംഘടിതമായി പ്രചരിപ്പിച്ചിട്ടുണ്ട്. ഈ ആശയം വരുന്ന "കേരളം മലയാളിയുടെ മാതൃഭൂമി' എന്ന ഗ്രന്ഥം ഇ.എം.എസ്. നമ്പൂതിരിപ്പാട് എഴുതിയിട്ടുണ്ട്. 1930കള്‍ മുതല്‍ തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ പ്രവിശ്യകളില്‍ വിവിധ പ്രവര്‍ത്തന മേഖലകളില്‍ കമ്യൂണിസ്റ്റ് ആശയങ്ങളില്‍ അധിഷ്ഠിതമായ ട്രേഡ് യൂണിയനുകള്‍ ഉയര്‍ന്നുവന്നു. പി. കൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ 1935 മേയിൽ അഖില കേരള തൊഴിലാളി സമ്മേളനം കോഴിക്കോട്ടു നടന്നിരുന്നു എന്നത് ശ്രദ്ധേയം.
അന്നത്തെ കൊച്ചി മഹാരാജാവ് ആയിരുന്ന കേരളവര്‍മ കേരളത്തിന്‍റെ ഏകീകരണമെന്ന ഐക്യകേരള ആശയത്തെ ശക്തിപ്പെടുത്തിയ വ്യക്തിയാണ്. 1946 ജൂലായ് 29ന് കൊച്ചി നിയമസഭയ്ക്ക് അദ്ദേഹം നല്‍കിയ കത്തില്‍ മലയാളം സംസാരിക്കുന്ന ജനവിഭാഗത്തിനായി ഏകീകൃത കേരളം എന്ന ആശയം അദ്ദേഹം ഉയര്‍ത്തിക്കാട്ടുകയും ബ്രിട്ടീഷ് മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ എന്നിവ ലയിപ്പിക്കുന്നതിന് വേണ്ടി നിലകൊള്ളുകയും ചെയ്തു. 1947 ഏപ്രിലില്‍ കെ. കേളപ്പന്‍റെ അധ്യക്ഷതയില്‍ തൃശൂരില്‍ നടന്ന ഐക്യകേരള കണ്‍വന്‍ഷന്‍ കേരളവര്‍മ മഹാരാജാവാണ് ഉദ്ഘാടനം ചെയ്തത്. അവിടെ "ഐക്യകേരളം' രൂപീകരിക്കാനുള്ള പ്രമേയം പാസാക്കിയിരുന്നു. ഐക്യകേരളത്തിന് നിലകൊണ്ടതിനാല്‍ കേരളവര്‍മ മഹാരാജാവിനെ ഐക്യകേരളം തമ്പുരാന്‍ എന്നും അറിയപ്പെടുന്നു. 1949 ജൂലൈ 1ന് തിരുവിതാംകൂറും കൊച്ചിയും സംയോജിപ്പിച്ച് തിരുവിതാംകൂര്‍- കൊച്ചി അല്ലെങ്കില്‍ ഔദ്യോഗികമായി യുണൈറ്റഡ് സ്റ്റേറ്റ് ഓഫ് ട്രാവന്‍കൂര്‍ ആന്‍ഡ് കൊച്ചി രൂപീകരിച്ചു. 1950 ജനുവരിയില്‍ അത് "സ്റ്റേറ്റ് ഓഫ് ട്രാവന്‍കൂര്‍- കൊച്ചിന്‍' എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു.
"മാതൃഭൂമി'യുടെ സ്ഥാപക പത്രാധിപരായിരുന്ന കെ.പി. കേശവ മേനോന്‍ കോണ്‍ഗ്രസ് നേതാവ് കൂടിയായിരുന്നു. ഐക്യ കേരളത്തിനായി തുടക്കം മുതല്‍ ശക്തമായി വാദിച്ച വ്യക്തിയാണ് അദ്ദേഹം. 1923ല്‍ മലബാറില്‍ നിന്ന് മാതൃഭൂമി പത്രം പ്രസിദ്ധീകരിച്ചു തുടങ്ങിയപ്പോള്‍ ആദ്യ മുഖപ്രസംഗത്തില്‍ തന്നെ കേശവ മേനോന്‍ ഐക്യകേരളത്തിന്‍റെ ആവശ്യകതയെക്കുറിച്ച് എഴുതി. ""ഒരേ ഭാഷാ സംസാരിച്ച് ഒരേ ചരിത്രത്താലും ഐക്യത്താലും ബന്ധിപ്പിക്കപ്പെട്ട, ഒരേ ആചാര സമ്പ്രദായങ്ങള്‍ അനുഷ്ഠിച്ചു വരുന്നവരായ കേരളീയര്‍ ഇപ്പോള്‍ ചിന്നിച്ചിതറി കിടക്കുന്ന 4 ഭരണത്തില്‍ കീഴിലായി തീര്‍ന്നിട്ടുണ്ടെങ്കിലും കേരളീയരുടെ പൊതു ഗുണത്തിനും വളര്‍ച്ചയ്ക്കും ശ്രേയസിനും കേരളത്തിലെ നാനാപ്രദേശങ്ങളിലും നിവസിക്കുന്ന ജനങ്ങള്‍ തമ്മില്‍ ഇപ്പോള്‍ ഉള്ളതിലതികം ചേര്‍ച്ചയും ഐക്യവും ഉണ്ടായിരിക്കേണ്ടത് എത്രയും ആവശ്യമാണ്'' എന്നാണ് കേശവ മേനോന്‍ എഴുതിയത്.
അങ്ങനെ പല കോണുകളില്‍ നിന്നുള്ള സമ്മര്‍ദം ഐക്യകേരളത്തിനുണ്ടായി. ഭാഷാ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ ഉണ്ടാകണമെന്ന ആവശ്യം രാജ്യത്താകമാനം ശക്തമായി. അതിനു കാരണം മഹാത്മാ ഗാന്ധി സ്വാതന്ത്ര്യ സമരത്തിനൊപ്പം ഭാഷാഅടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ ഉണ്ടകണമെന്ന ആവശ്യം ഉന്നയിച്ചതു തന്നെ. ഭാഷാ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിക്കാന്‍ മുഖ്യ കാരണം ഭാഷാ സമരം രാജ്യമാകെ ശക്തിപ്പെട്ടതാണ്. ആന്ധ്രാ പ്രദേശ്, പഞ്ചാബ്, മഹാരാഷ്‌ട്ര എന്നീ പ്രദേശങ്ങളില്‍ നടന്ന സമരം രക്തരൂഷിതമായിരുന്നു. ആന്ധ്രാ പ്രദേശിലാണ് ശക്തമായ സമരമുണ്ടായത്. തെലുങ്കു ഭാഷാ സംസ്ഥാനത്തിനു വേണ്ടി ശബ്ദമുയര്‍ത്തിയ പോറ്റി ശ്രീരാമലു 1952 ഡിസംബര്‍ 15ന് രക്തസാക്ഷിയയതോടെ സമരം ശക്തമായി. അതോടെയാണ് ഭാഷാ സംസ്ഥാനങ്ങള്‍ രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായത്.
ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങള്‍ രൂപീകരിക്കാൻ സയ്യിദ് ഫസല്‍ അലിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന പുനഃസംഘടനാ കമ്മിഷനെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചു. അവരുടെ ശുപാര്‍ശ പ്രകാരമാണ് തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ മേഖലകള്‍ ഉള്‍പ്പെടുത്തി ഒരു സംസ്ഥാനം രൂപീകരിക്കാന്‍ തീരുമാനിച്ചത്. തിരുവിതാംകൂര്‍- കൊച്ചിയിലെ മലയാളം സംസാരിക്കുന്ന പ്രദേശങ്ങളും, മലബാര്‍ ജില്ലയും (ലക്ഷദ്വീപ്, മിനിക്കോയ് ദ്വീപുകള്‍ ഒഴികെ) മദ്രാസ് സംസ്ഥാനത്തെ സൗത്ത് കനറ ജില്ലയിലെ കാസര്‍ഗോഡ് താലൂക്കും ലയിപ്പിച്ച് 1956 നവംബര്‍ 1ന് സംസ്ഥാന പുനഃസംഘടന നിയമം അനുസരിച്ച് കേരള സംസ്ഥാനം രൂപീകരിച്ച് കേന്ദ്ര ഗവണ്‍മെന്‍റ് നിയമം പാസാക്കി.
കോയമ്പത്തൂര്‍, ഊട്ടി ജില്ലയിലെ താലൂക്കുകള്‍, കന്യാകുമാരി തുടങ്ങിയ പ്രദേശങ്ങള്‍ കേരളത്തിന്‍റെ ഭാഗമാകേണ്ടതായിരുന്നു. തിരുവിതാംകൂറിന്‍റെ നെല്ലറയായ നാഞ്ചിനാട് തമിഴ്നാടിന്‍റെ ഭാഗമായപ്പോള്‍ പകരം ലഭിച്ചതാണ് പാലക്കാട്. 1956 നവംബര്‍ ഒന്നിന് കേരളം രൂപീകൃതമായി 2 മാസത്തിനു ശേഷം 1957 ജനുവരി ഒന്നിന് കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍ ജില്ലകളായി മലബാര്‍ ജില്ല വിഭജിച്ചു. കോഴിക്കോടു ജില്ലയിലെ ഏറനാട് താലൂക്കും തിരൂര്‍ താലൂക്കും പാലക്കാട് ജില്ലയിലെ പൊന്നാനി, പെരിന്തല്‍മണ്ണ താലൂക്കിലെ ഭൂരിഭാഗം വരുന്ന പ്രദേശങ്ങളും കൂട്ടിച്ചേര്‍ത്താണ് 1969 ജൂണ്‍ 16ന് മലപ്പുറം ജില്ല രൂപവത്കരിച്ചത്. 1957 ആഗസ്റ്റ് 17ന് ആലപ്പുഴയും 1958 ഏപ്രില്‍ ഒന്നിന് എറണാകുളം ജില്ലയും രൂപീകരിച്ചു.
1980 നവംബര്‍ ഒന്നിന് 12ാം ജില്ലയായി വയനാട് രൂപം കൊണ്ടു. 1982 നവംബര്‍ ഒന്നിന് 13ാം ജില്ലയായി പത്തനംതിട്ട ജില്ല രൂപീകൃതമായി. അന്നത്തെ പത്തനംതിട്ട നിയമസഭാ സാമാജികന്‍ കെ.കെ. നായരുടെ തന്ത്രപരമായ രാഷ്‌ട്രീയ നീക്കം കൊണ്ടാണ് അങ്ങനെ സംഭവിച്ചത്. സ്വതന്ത്ര സ്ഥാനാർഥിയായി പത്തനംതിട്ടയില്‍ നിന്നു വിജയിച്ച ഇദ്ദേഹത്തിന് ഒരു പ്രത്യേക രാഷ്‌ട്രീയ സാഹചര്യത്തില്‍ കെ. കരുണാകരന്‍റെ നേതൃത്വത്തിലുള്ള മന്ത്രിസഭയെ സഹായിക്കാനായി. അതിനുള്ള പ്രത്യുപകാരമായാണ് പത്തനംതിട്ട ജില്ല കരുണാകരന്‍റെ പിന്തുണയില്‍ സാധ്യമായത്. 1984 മെയ് 24ന് കണ്ണൂര്‍ ജില്ല വിഭജിച്ച് രൂപീകരിച്ച കാസർഗോഡ് ആണ് 14ാമത്തെയും അവസാനത്തെയും ജില്ല. മലപ്പുറത്തെ വിഭജിച്ച് തിരൂർ ജില്ല, എറണാകുളത്തെ വിഭജിച്ച് മൂവാറ്റുപുഴ ജില്ല, പത്തനംതിട്ടയെയും ആലപ്പുഴയെയും വിഭജിച്ച് ചെങ്ങന്നൂരോ തിരുവല്ലയോ കേന്ദ്രമായി മറ്റൊരു ജില്ല എന്നീ ആവശ്യങ്ങളൊക്കെ ഇടയ്ക്കൊക്കെ ഉയർന്നുവരുന്നുണ്ട്.
കേരളം രൂപീകൃതമായതോടെ തിരുവിതാംകൂര്‍ മഹാരാജാവ് ചിത്തിര തിരുന്നാള്‍ ബാലരാമവര്‍മയ്ക്ക് രാജപ്രമുഖ് എന്ന സ്ഥാനപ്പേര് നഷ്ടമായി. തിരുവിതാംകൂര്‍- കൊച്ചി ലയനത്തെ തുടര്‍ന്നായിരുന്നു തിരുവിതാംകൂര്‍ രാജാവിന് രാജപ്രമുഖ് എന്ന സ്ഥാനപ്പേര് നല്‍കിയത്. കേരളം രൂപീകരിച്ചതിന് പിന്നാലെ കേരളത്തില്‍ പലയിടത്തും പ്രതിഷേധങ്ങളും ഉണ്ടായത് ചരിത്രമാണ്.
ഐക്യകേരള സമിതി ആവശ്യപ്പെട്ട ഗൂഡല്ലൂരും കന്യാകുമാരിയും മാഹിയും ലക്ഷദ്വീപും കേരളത്തിന്‍റെ ഭാഗമാകാത്തതിലായിരുന്നു പ്രതിഷേധം. കന്നഡ ഭാഷ സംസാരിക്കുന്ന ദക്ഷിണ കനറയിലെ ചില പ്രദേശങ്ങള്‍ കേരളത്തില്‍ ഉള്‍പ്പെടുത്തിയതിലും പ്രതിഷേധമുണ്ടായി. ഐക്യകേരളം രൂപം കൊണ്ടതില്‍ വിജയവും പരാജയവും ഉണ്ടെത്ര..!