വിളവ് സംരക്ഷിക്കാന്‍ നിര്‍മിത ബുദ്ധി

വിപുലമായ ചർച്ചകൾക്ക് "ഇന്ത്യ എഐ ഇംപാക്റ്റ് ഉച്ചകോടി' 16 മുതൽ
"India AI Impact Summit" from 16th for extensive discussions

വിളവ് സംരക്ഷിക്കാന്‍ നിര്‍മിത ബുദ്ധി

file photo

Updated on

രുബൽ ചിബ്

ഇന്ത്യയില്‍ നിർമിതബുദ്ധിയെ കുറിച്ച് (എഐ) ചര്‍ച്ചകള്‍ കൂടുതല്‍ പക്വത കൈവരിക്കുന്നു. കേവല ശേഷികളിൽ നിന്ന് പ്രായോഗിക സ്വാധീനങ്ങളിലേക്ക് അതിന്‍റെ ശ്രദ്ധാകേന്ദ്രം മാറുകയാണ്. അതായത്, സൈദ്ധാന്തികമായി നിര്‍മിതബുദ്ധി എന്തു ചെയ്യുന്നു എന്നതിലപ്പുറം പ്രായോഗികമായി എന്ത് പരിഹാരങ്ങള്‍ക്ക് എഐ ഉപയോഗിക്കാമെന്നതിലേക്ക് ചർച്ചകൾ വളരുകയാണ്.

ഭക്ഷ്യ- കാർഷിക മേഖലകളെപ്പോലെ ഈ വ്യത്യാസം പ്രകടമായി കാണാനാവുന്ന മറ്റ് മേഖലകൾ കുറവാണ്. കാരണം ഈ മേഖലകളില്‍ കാര്യക്ഷമതയില്ലായ്മ ചെറിയൊരു പ്രശ്നമല്ല, മറിച്ച് വ്യവസ്ഥയുടെ തന്നെ ഭാഗമാണ്. അതിനാല്‍ കാലാവസ്ഥ, വിതരണ ശൃംഖല, വിപണി എന്നിവയുടെ പ്രാദേശിക യാഥാർഥ്യങ്ങൾക്കനുസരിച്ച് സാങ്കേതികവിദ്യ പ്രവർത്തിക്കേണ്ടതുണ്ട്.

ഈ പ്രശ്നത്തെ ഭക്ഷ്യസംവിധാനങ്ങൾ വ്യക്തമായി തുറന്നുകാട്ടുന്നു. രാജ്യത്തെ ജനങ്ങൾക്ക് ആഹാരം നൽകാൻ ആവശ്യമായതിലുമേറെ ഉല്പാദനം ഇന്ത്യയില്‍ നടക്കുന്നുണ്ടെങ്കിലും ഓരോ വർഷവും ഏകദേശം 6.8 കോടി ടൺ ഭക്ഷണം നഷ്ടപ്പെടുന്നുവെന്നാണ് കണക്കുകള്‍. ക്രമരഹിത വിതരണം, മോശമായ ഗുണനിലവാര നിർണയം, വിഘടിത വിതരണ ശൃംഖലകൾ എന്നിവ മൂലമുണ്ടാകുന്ന തടസങ്ങൾ മൂലം, വിളവെടുപ്പിന് ശേഷം 35 മുതല്‍ 40 ശതമാനം വരെ പഴങ്ങളും പച്ചക്കറികളും നശിച്ചുപോകുന്നു.

ഇത് ഉല്പാദനവുമായി ബന്ധപ്പെട്ട പ്രതിസന്ധിയല്ല; മറിച്ച് തടയാനാവുന്ന നഷ്ടമാണ്. ഈ നഷ്ടം ദൗർലഭ്യം മൂലമുണ്ടാകുന്നതല്ല, മറിച്ച് വിളവെടുപ്പും ഉപഭോഗവും തമ്മിലും വിവരങ്ങളും തീരുമാനങ്ങളും തമ്മിലും കൃത്യമായ വിന്യാസമില്ലാത്തതിനാല്‍ സംഭവിക്കുന്നതാണ്. ഗുണനിലവാരവും സമയക്രമവും സംബന്ധിച്ച വിശ്വസനീയ തത്സമയ വിവരങ്ങളുടെ അഭാവം വർഷങ്ങളായി നമ്മുടെ കർഷകർക്കും നിയന്ത്രണ ഏജൻസികൾക്കും വെല്ലുവിളിയായി തുടരുകയാണ്. ഇന്ത്യൻ സാഹചര്യങ്ങൾക്കായി രൂപകല്പന ചെയ്യുന്ന നിർമിതബുദ്ധി സംവിധാനങ്ങള്‍ ഈ വിടവ് നികത്താന്‍ വഴിയൊരുക്കുന്നു.

ജൈവിക യാഥാർഥ്യവും സാമ്പത്തിക തീരുമാനങ്ങളും തമ്മിലെ ഈ വിടവിലാണ് പ്രായോഗിക നിര്‍മിതബുദ്ധിയ്ക്ക് വലിയ സ്വാധീനം ചെലുത്താനാവുന്നത്. ക്യുസെൻസ് ലാബ്സിൽ ഞങ്ങളുടെ പ്രവർത്തനം ആരംഭിച്ചത് ലളിതമായ ഒരു നിരീക്ഷണത്തോടെയാണ്: ഇന്ത്യയുടെ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ പണമിടപാടുകളിലും വ്യക്തിഗത തിരിച്ചറിയൽ രേഖകളിലും സേവന വിതരണത്തിലും മാറ്റങ്ങൾ കൊണ്ടുവന്നപ്പോൾ ഗുണനിലവാരം വിലയിരുത്തുന്ന കാര്യത്തിൽ ഭക്ഷ്യ സമ്പദ്‌വ്യവസ്ഥ ഇപ്പോഴും വ്യാപകമായി പരമ്പരാഗത രീതിയില്‍ തുടരുന്നു.

ഞങ്ങൾ വികസിപ്പിച്ച "ക്യൂസ്കാൻ' എഐ അധിഷ്ഠിത സെൻസിങ് സംവിധാനം ഇൻഫ്രാറെഡ് സ്പെക്‌ട്രോസ്കോപ്പിയും കൃത്രിമ ഘ്രാണശേഷിയുമുപയോഗിച്ച് പഴങ്ങളുടെയും പച്ചക്കറികളുടെയും ആന്തരിക ഗുണനിലവാര സൂചനകൾ ശേഖരിക്കുകയും തീരുമാനങ്ങളെടുക്കേണ്ട ഘട്ടത്തിൽ അവ ഉപയോഗപ്രദമായ വിവരങ്ങളാക്കി മാറ്റുകയും ചെയ്യുന്നു.

കേവലം യാന്ത്രികവൽക്കരണത്തിനപ്പുറം കുറഞ്ഞ ലാഭവിഹിതത്തിൽ പ്രവർത്തിക്കുന്ന ഉപഭോക്താക്കൾക്കും കർഷകർക്കും ചില്ലറ വ്യാപാരികൾക്കും അവരുടെ അനിശ്ചിതത്വങ്ങൾ കുറയ്ക്കാന്‍ വേണ്ടിയായിരുന്നു ഇത് വിഭാവനം ചെയ്തത്. നിര്‍മിതബുദ്ധിയുടെ ഫലപ്രാപ്തി അടിസ്ഥാനപരമായി അതിന്‍റെ സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കുമെന്നാണ് ഈ അനുഭവങ്ങൾ അടിവരയിടുന്നത്.

വിദേശ വിവരശേഖരങ്ങളിലോ ഏകീകൃത വിതരണ ശൃംഖലകളിലോ പരിശീലിപ്പിക്കപ്പെട്ട എഐ മോഡലുകള്‍ വിളവൈവിധ്യങ്ങളും കാലാവസ്ഥയും സംഭരണരീതികളും വിപണി ഘടനകളും ഓരോ പ്രദേശത്തും വലിയതോതിൽ വ്യത്യാസപ്പെട്ടിരിക്കുന്ന ഇന്ത്യയുടെ വൈവിധ്യമാർന്ന സാഹചര്യങ്ങളിൽ പരാജയപ്പെടുന്നു. ഭക്ഷ്യസംവിധാനങ്ങളിൽ പ്രത്യേകിച്ച് കൃത്യത എന്നത് പ്രാദേശികതയിൽനിന്ന് വേർപെടുത്താനാകില്ല.

ഇന്ത്യൻ ഉല്പന്നങ്ങളെയും വിതരണ രീതികളെയും ജനങ്ങളുടെ പെരുമാറ്റരീതികളെയും മനസിലാക്കാത്ത നിര്‍മിതബുദ്ധി സങ്കേതങ്ങള്‍ അനുകൂല സാഹചര്യത്തിൽ പോലും പ്രയോജനരഹിതമാകാനും ഏറ്റവും മോശം സാഹചര്യത്തിൽ തെറ്റായ വിവരങ്ങൾ വരെ നൽകാനും സാധ്യതയുണ്ട്.

അതുകൊണ്ടാണ് സ്വന്തം നിയന്ത്രണത്തിലുള്ളതും രാജ്യത്തെ സാഹചര്യങ്ങൾക്ക് ചേര്‍ന്നതുമായ നിർമിതബുദ്ധി സംവിധാനങ്ങള്‍ക്ക് നിലവിലെ നയങ്ങൾ നൽകുന്ന മുൻഗണന സന്ദര്‍ഭോചിതവും അത്യന്താപേക്ഷിതവുമാകുന്നത്. നിർമിതബുദ്ധിയെ സമീപിക്കുന്ന രീതിയിൽ സർക്കാരിനുണ്ടായ വ്യക്തമായ മാറ്റത്തെയാണ് ഇന്ത്യ എഐ ദൗത്യം സൂചിപ്പിക്കുന്നത്.

അതായത്, നിര്‍മിതബുദ്ധിയെ ദൈനംദിന യാഥാർഥ്യങ്ങളിൽ നിന്ന് അടർത്തിയെടുത്ത അത്യാധുനിക സാങ്കേതികവിദ്യയായല്ല, മറിച്ച് വികസനത്തിന്‍റെ അടിസ്ഥാന സൗകര്യമായാണ് സർക്കാർ കാണുന്നത്. തദ്ദേശീയ എഐ ആപ്ലിക്കേഷനുകൾക്കുവേണ്ടി നടത്തുന്ന ധനവിനിയോഗം, ദേശീയ കംപ്യൂട്ട് ശേഷിയിലെ നിക്ഷേപം, ഇന്ത്യൻ വിവരശേഖരങ്ങൾക്ക് നല്‍കുന്ന പിന്തുണ, ഓരോ മേഖലയ്ക്കും അനുയോജ്യമായ പരിഹാരങ്ങൾ വികസിപ്പിക്കാന്‍ തയാറാക്കുന്ന പരിപാടികള്‍ എന്നിവയിലൂടെ ഈ ദൗത്യം പ്രാദേശിക ആവശ്യങ്ങളിലധിഷ്ഠിതമായ ആവാസ വ്യവസ്ഥ സജീവമായി തയാറാക്കിവരുന്നു.

തദ്ദേശീയ മാതൃകകളെയും സ്റ്റാർട്ടപ്പുകളെയും പൊതുതാല്പര്യ പദ്ധതികളെയും പിന്തുണയ്ക്കുന്നതിലൂടെ മറ്റ് ഭൂപ്രദേശങ്ങളിൽ നിന്ന് കടമെടുക്കുന്നതിന് പകരം ഇന്ത്യൻ സാഹചര്യങ്ങൾക്കായി രൂപകല്പന ചെയ്ത എഐ സംവിധാനങ്ങൾക്ക് ദൗത്യം ഇടമൊരുക്കുന്നു. എന്തുകൊണ്ടാണ് ഇതിന് ഇത്രയേറെ പ്രാധാന്യമെന്ന് ഭക്ഷ്യ- കാർഷിക മേഖലകൾ വ്യക്തമാക്കുന്നു. വിളവെടുപ്പാനന്തര നഷ്ടം കുറയ്ക്കുന്നത് കർഷകരുടെ വരുമാനത്തെയും ഭക്ഷണസാധനങ്ങളുടെ വിലയെയും പരിസ്ഥിതിയെയും നേരിട്ട് സ്വാധീനിക്കുന്ന കാര്യമാണ്.

നഷ്ടപ്പെടാതെ സംരക്ഷിക്കുന്ന ഓരോ തരി ഉല്പന്നവും ഭൂമി, ജലം, ഊർജം എന്നീ വിഭവങ്ങളുടെ അമിതോപയോഗം കുറയ്ക്കുകയും കാലാവസ്ഥാ സംരക്ഷണത്തിലെയും ഉത്തരവാദിത്തപൂര്‍ണമായ ഉപഭോഗത്തിലെയും ഇന്ത്യയുടെ പ്രതിബദ്ധതകളോട് സ്വാഭാവികമായി ചേർന്നുനിൽക്കുകയും ചെയ്യുന്നു. വിളവ് വർധിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങളിൽ കർഷകർ അവരുടെ രീതികൾ മാറ്റുകയോ പുതിയ വളവും വിത്തുകളും ഉപയോഗിക്കുകയോ ചെയ്യേണ്ടി വരാറുണ്ട്.

എന്നാൽ ഗുണനിലവാരം കൃത്യമായി പരിശോധിക്കുന്നത് വിതരണ ശൃംഖലയെ കൂടുതൽ കാര്യക്ഷമമാക്കുകയും കൃത്യസമയത്ത് ഉചിതമായ തീരുമാനമെടുക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഉൾച്ചേർക്കലുമായി ബന്ധപ്പെട്ട ചോദ്യവും അത്രതന്നെ പ്രധാനമാണ്. നിര്‍മിതബുദ്ധി പൊതുനന്മയ്ക്കായി ഉപയോഗിക്കപ്പെടണമെങ്കിൽ അത് വന്‍കിട സംരംഭങ്ങൾക്ക് മാത്രമല്ല, സാധാരണക്കാര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്നതായിരിക്കണം.

ഇന്ത്യയുടെ കാർഷിക സമ്പദ്‌വ്യവസ്ഥയിൽ അനൗപചാരിക വിപണികളിൽ പ്രവർത്തിക്കുന്നതും പ്രാദേശിക ഭാഷകളെ പിന്തുണയ്ക്കുന്നതും മനുഷ്യന്‍റെ തീരുമാനങ്ങളെ മറികടക്കുന്നതിന് പകരം അവയെ കൂടുതൽ ശാക്തീകരിക്കുന്നതുമായ ഉപകരണങ്ങളാണ് ആവശ്യം. സുതാര്യമല്ലാത്ത നിർദേശങ്ങൾ അടിച്ചേൽപ്പിക്കുന്ന സാങ്കേതികവിദ്യകൾ വിശ്വാസം നേടിയെടുക്കാൻ പ്രയാസപ്പെടും.

അദൃശ്യമായ വിവരങ്ങളെ പുറത്തുകൊണ്ടുവന്ന് ശരിയായ തീരുമാനങ്ങളെടുക്കാൻ മനുഷ്യനെ സഹായിക്കുന്ന സാങ്കേതികവിദ്യകൾ സ്വാഭാവികമായും ജനങ്ങൾക്കിടയിൽ വ്യാപിക്കാനാണ് കൂടുതൽ സാധ്യത. ഇത്തരം വ്യത്യാസങ്ങൾ കൂടുതൽ പ്രകടമാകുന്ന ഘട്ടത്തിലാണ് രാജ്യ തലസ്ഥാനത്ത് ഫെബ്രുവരി 16 മുതൽ 20 വരെ "ഇന്ത്യ എഐ ഇംപാക്റ്റ് ഉച്ചകോടി' വന്നെത്തുന്നത്.

ആഗോളതലത്തിൽ നിര്‍മിതബുദ്ധിയെക്കുറിച്ച് നടക്കുന്ന ചർച്ചകൾ അധികാര കേന്ദ്രീകരണത്തിലും വിവരങ്ങളുടെ അസമത്വത്തിലും പാരിസ്ഥിതിക ആഘാതങ്ങളിലുമാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. വികേന്ദ്രീകൃതവും, സന്ദർഭോചിതവും യഥാർഥ സാമ്പത്തിക വ്യവസ്ഥകളിൽ ഉൾച്ചേർന്നതുമായ പുതിയൊരു പാത ലോകത്തിനുമുന്നില്‍ തുറക്കാന്‍ ഇന്ത്യയ്ക്ക് മികച്ച അവസരമുണ്ട്.

ഈ ചരിത്രഗാഥയില്‍ കൃഷിയും ഭക്ഷ്യവിതരണവും കാലാവസ്ഥാ അതിജീവനവും പാർശ്വവൽക്കരിക്കപ്പെട്ട വിഷയങ്ങളല്ല; മറിച്ച് അവ കേന്ദ്രസ്ഥാനത്താണ്. എഐ തനിയെ ഒരു സ്വാധീനവുമുണ്ടാക്കുന്നില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. നിര്‍മിതബുദ്ധിയെ സംബന്ധിച്ച് ഈ മേഖലയിലെ ആഴമേറിയ അറിവ്, നയങ്ങളിലെ സങ്കീർണ യാഥാർഥ്യങ്ങൾ നേരിടാന്‍ ക്ഷമ, പൊതുസ്ഥാപനങ്ങളുമായി അടുത്ത സഹകരണം എന്നിവ അനിവാര്യമാണ്.

എന്നാൽ ഈ നിബന്ധനകൾ പാലിക്കപ്പെടുമ്പോൾ കാലങ്ങളായി മാറ്റങ്ങളെ പ്രതിരോധിച്ച മേഖലകളെപ്പോലും നിശബ്ദമായി പരിവർത്തനം ചെയ്യാൻ നിര്‍മിതബുദ്ധിയ്ക്ക് സാധിക്കും. വിനാശകരമായ തകര്‍ച്ചയിലൂടെയല്ല, മറിച്ച് ശരിയായ തീരുമാനങ്ങൾ നേരത്തെ കൈക്കൊള്ളാന്‍ സഹായിക്കുന്നതിലൂടെയാണത്.

ഇന്ത്യ എഐ ഇംപാക്റ്റ് ഉച്ചകോടി അടുത്തു വരുമ്പോൾ നയരൂപകർത്താക്കൾക്കും സാങ്കേതിക വിദഗ്ധർക്കും സംരംഭകർക്കും മുന്നിലെ ദൗത്യം എഐ ഉപയോഗം വിവേചനരഹിതമായി ത്വരിതപ്പെടുത്തുകയല്ല, മറിച്ച് ചിന്താപരമായ രീതിയിൽ അതിനെ ആഴത്തിൽ വ്യാപിപ്പിക്കുകയെന്നതാണ്.

എഐ മോഡലുകളുടെ നിലവാര സൂചികകൾ നോക്കിയല്ല അതിന്‍റെ വിജയം അളക്കേണ്ടത്; മറിച്ച്, പാഴാകൽ കുറയ്ക്കാനും വരുമാനം സുസ്ഥിരമാക്കാനും അതിജീവനശേഷി വർധിപ്പിക്കാനും ഈ സാങ്കേതികവിദ്യ സഹായിക്കുന്നുണ്ടോ എന്നതായിരിക്കണം അളവുകോല്‍.

ഭക്ഷ്യസംവിധാനങ്ങളിലും ഇന്ത്യയുടെ വികസന യാത്രയിലെ മറ്റ് പല മേഖലകളിലുമെന്നപോലെ കൃത്യസമയത്ത് പ്രവർത്തിക്കാൻ സഹായിക്കുന്നുവെന്നതാണ് നിര്‍മിതബുദ്ധി നമുക്ക് നല്‍കുന്ന ഏറ്റവും വലിയ സംഭാവന.

(ക്യുസെൻസ് ലാബ്സ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ സഹസ്ഥാപകയാണ് ലേഖിക)

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com