വരും തലമുറയെ ഓർക്കാതെ സ്വകാര്യവത്കരണം നടത്തരുത്

പഞ്ചാബ് കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ മദ്യം ഉപയോഗിക്കുന്ന സംസ്ഥാനം കേരളമാണെന്ന യാഥാർഥ്യവും നാം മറന്നുകൂടാ.
vd satheesan
വി.ഡി. സതീശന്‍

file image

Updated on

ജ്യോത്സ്യൻ|ഗ്രഹനില

പാർലമെന്‍ററി ജനാധിപത്യത്തിന്‍റെ ഏറ്റവും വലിയ യാഥാർഥ്യം അതിലെ തുടർച്ചയായ മാറ്റങ്ങളാണ്. ഇന്നത്തെ പ്രതിപക്ഷം നാളത്തെ ഭരണപക്ഷവും, ഇന്നത്തെ ഭരണപക്ഷം നാളത്തെ പ്രതിപക്ഷവുമാകാം എന്ന ലളിതമായ സത്യം പലപ്പോഴും അധികാരത്തിന്‍റെ ലഹരിയിൽ രാഷ്‌ട്രീയ നേതൃത്വങ്ങൾ വിസ്മരിച്ചുപോകാറുണ്ട്. ഭരണപക്ഷത്തെ പ്രതിക്കൂട്ടിലാക്കാൻ വേണ്ടി പ്രതിപക്ഷത്തിരിക്കുമ്പോൾ ഉന്നയിക്കുന്ന പല അസത്യ ആരോപണങ്ങളും അർധ സത്യങ്ങളും, പിൽക്കാലത്ത് അവർ അധികാരത്തിലേറുമ്പോൾ അവർക്കു തന്നെ തിരിച്ചടിയാകാറുമുണ്ട്.

പത്തു വർഷക്കാലത്തോളം കേരളം ഭരിച്ച പിണറായി വിജയൻ സർക്കാർ അധികാരത്തിൽ നിന്നും മാറി പ്രതിപക്ഷത്താവുകയും, മുമ്പ് പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശൻ മുഖ്യമന്ത്രിയായി ഭരണപക്ഷത്ത് എത്തുകയും ചെയ്ത രാഷ്‌ട്രീയ മാറ്റമാണ് നാം ഇപ്പോൾ കേരളത്തിൽ കണ്ടത്. ഈ അധികാര കൈമാറ്റത്തിന്‍റെ അലയടികളും വേഷപ്പകർച്ചകളും കേരള രാഷ്‌ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറക്കുകയാണ്.

കേരളത്തിന്‍റെ രാഷ്‌ട്രീയ ചരിത്രം പരിശോധിച്ചാൽ, എന്നും മദ്യത്തിന്‍റെ മയക്കത്തിൽ ധാരാളം വിവാദങ്ങൾക്കും പ്രശ്നങ്ങൾക്കും സാക്ഷ്യം വഹിച്ചതായി കാണാം. വൈപ്പിൻ മദ്യ ദുരന്തം മുതൽ കെ.എം. മാണിയുടെ നോട്ടെണ്ണൽ മെഷീൻ വിവാദം വരെ നീളുന്നതാണ് ആ ചരിത്രം. ഇപ്പോൾ വീര്യം കുറഞ്ഞ മദ്യത്തിന്‍റെ വിൽപന നികുതിയെ ചൊല്ലിയുള്ള ആരോപണ പ്രത്യാരോപണങ്ങളാണ് ജനങ്ങൾക്ക് മുന്നിലെത്തുന്നത്.

മുമ്പ് 0.5 മുതൽ 20 ശതമാനം വരെയുള്ള വീര്യം കുറഞ്ഞ മദ്യത്തിന്‍റെ തീരുവ കുറയ്ക്കാൻ ഇടതു മുന്നണി തീരുമാനിച്ചപ്പോൾ അതിനവർ മൂന്നു കാരണങ്ങളാണ് നിരത്തിയത്-

1:കർഷകർക്ക് ഉപകാരപ്രദമായ വിധത്തിൽ പ്രാദേശികമായി മദ്യം ഉത്പാദിപ്പിക്കുന്ന ബ്രൂവറികൾ തുറക്കും.

2:മദ്യവില കുറയുന്നതോടെ ഗോവയിലേക്ക് ഒഴുകുന്ന ടൂറിസ്റ്റുകൾ കേരളത്തിലേക്ക് തിരിയും.

3:വിൽപന കൂടുന്നതോടെ സംസ്ഥാന ഖജനാവ് വീർക്കും.

അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശൻ ഭരണപക്ഷത്തോട് ചോദിച്ചത് ""ഇതിലൂടെ നിങ്ങൾക്ക് എത്ര കിട്ടി?'' എന്നായിരുന്നു. എന്നാൽ ഇന്ന് അദ്ദേഹം മുഖ്യമന്ത്രിയായപ്പോൾ, സ്വന്തം പാർട്ടിയിലോ മുന്നണിയിലോ ഒരു ചർച്ചയും നടത്താതെ, എക്സൈസ് മന്ത്രി പോലും അറിയാതെയാണ് വീര്യം കുറഞ്ഞ മദ്യത്തിന്‍റെ നികുതി ബജറ്റിലൂടെ കുറച്ചത്.

ഇത് മുന്നണിയിൽ വലിയ തർക്കമായപ്പോൾ, "ഇതു ബജറ്റിൽ ഉൾപ്പെടുത്തിയെന്നേയുള്ളൂ, ഈ വില നിർണയം യാഥാർഥ്യമാകണമെങ്കിൽ മുന്നണിയും കോൺഗ്രസും ഈ നയത്തെ അംഗീകരിച്ചാൽ മാത്രമേ സാധിക്കൂ' എന്നായിരുന്നു മുഖ്യമന്ത്രിയുടെ സ്വതസിദ്ധമായ ശൈലിയിലുള്ള നിയമസഭയിലെ മറുപടി. കോൺഗ്രസിന്‍റെയും യുഡിഎഫിന്‍റെയും പ്രകടനപത്രികയിൽ "മദ്യത്തിന്‍റെ ഉപയോഗം ഘട്ടംഘട്ടമായി കുറയ്ക്കും' എന്ന് ജനങ്ങൾക്ക് നൽകിയ വാഗ്ദാനം മുഖ്യമന്ത്രി സതീശൻ മറന്നുപോയോ എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. വില കുറച്ചാൽ ഉപയോഗം കൂടും എന്ന ലളിതമായ യുക്തി നിലനിൽക്കെ, പഞ്ചാബ് കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ മദ്യം ഉപയോഗിക്കുന്ന സംസ്ഥാനം കേരളമാണെന്ന യാഥാർഥ്യവും നാം മറന്നുകൂടാ.

കേരളത്തെ പലവട്ടം പിടിച്ചുലച്ചിട്ടുള്ള മറ്റൊരു സുപ്രധാന വിഷയമാണ് തീരക്കടലിലെ കരിമണൽ ഖനനം. കേരളത്തിലെ കരിമണൽ യഥാർഥത്തിൽ സ്വർണത്തേക്കാൾ വിലയുള്ളതാണ്. ഇത് എങ്ങനെ ഫലപ്രദമായി ഉപയോഗിച്ച് കേരളത്തിന്‍റെ സമ്പദ്ഘടന മെച്ചപ്പെടുത്താം എന്ന ചോദ്യം എന്നും അന്തരീക്ഷത്തിലുണ്ട്. കരിമണൽ ചർച്ചകൾ കടന്നുവരുമ്പോഴൊക്കെ അതിലെ പ്രധാന സാന്നിധ്യമായി മാറുന്നത് ആലുവയിലെ കരിമണൽ ഖനന കമ്പനിയായ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടെയ്‌ൽസ് ലിമിറ്റഡ് ഉടന ഡോ. ശശിധരൻ കർത്തയാണ്. എല്ലാ മാധ്യമങ്ങളോടും രാഷ്‌ട്രീയ- മത നേതാക്കളോടും ഒരുപോലെ സുഹൃദ്ബന്ധം പുലർത്തുന്ന വ്യക്തിയാണദ്ദേഹം. പിണറായി വിജയന്‍റെ കാലത്തായാലും വി.ഡി. സതീശന്‍റെ കാലത്തായാലും, ഡോ. കർത്തയുടെ പേര് പരാമർശിക്കപ്പെടാതെ കരിമണൽ ഖനനത്തെക്കുറിച്ച് ഒരു ചർച്ചയും കേരളത്തിൽ പൂർത്തിയാകാറില്ല എന്നത് കൗതുകകരമാണ്.

സ്വകാര്യ മേഖലയോടുള്ള സമീപനത്തിന്‍റെ കാര്യത്തിൽ കോൺഗ്രസിനോ ഇടതുപക്ഷത്തിനോ പ്രത്യേകിച്ച് പുതിയ വിശദീകരണങ്ങൾ നൽകേണ്ടതില്ല. സ്വാതന്ത്ര്യം ലഭിച്ച കാലം മുതൽക്കേ ഇരുവിഭാഗത്തിനും ഇതിൽ വ്യക്തതയുണ്ടായിരുന്നു. നവഭാരത ശില്പിയായ പണ്ഡിറ്റ് ജവഹർലാൽ നെഹ്റു ഒരു "സമ്മിശ്ര സമ്പദ്‌വ്യവസ്ഥ'യുടെ വക്താവായിരുന്നു. പൊതുമേഖല, സ്വകാര്യ മേഖല, സഹകരണ മേഖല എന്നിവയ്ക്കെല്ലാം വ്യക്തമായ അതിർവരമ്പുകൾ നിശ്ചയിച്ചാണ് അദ്ദേഹം ഭാരതത്തിന്‍റെ സമ്പദ്ഘടനയ്ക്കു രൂപം നൽകിയത്. കമ്യൂണിസ്റ്റുകാരാകട്ടെ, തത്വത്തിൽ എപ്പോഴും മുതലാളിത്തത്തിനും സ്വകാര്യവത്കരണത്തിനും എതിരുമാണ്.

എന്നാൽ, കേന്ദ്രത്തിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം രാജ്യത്ത് സ്വകാര്യവത്കരണത്തിന്‍റെ വേഗത വർധിച്ചു. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായിരുന്ന എയർ ഇന്ത്യയും, ടൂറിസം രംഗവും, കൽക്കരി- പെട്രോളിയം തുടങ്ങിയ തന്ത്രപ്രധാന ഖനന മേഖലകളും പൊതുമേഖലയിൽ നിന്നും സ്വകാര്യ കൈകളിലേക്ക് മാറാൻ തുടങ്ങി.

ഇന്ന് കമ്യൂണിസ്റ്റുകാരും കോൺഗ്രസുകാരും ഈ സ്വകാര്യവത്കരണത്തിന്‍റെ കാര്യത്തിൽ പരസ്പരം മത്സരിക്കുന്ന അവസ്ഥയിലാണ്. ആലപ്പുഴയിലെയും കൊല്ലത്തെയും തീരദേശങ്ങളിലെ സ്വർണ ഖനികൾക്ക് തുല്യമായ കരിമണൽ നിക്ഷേപങ്ങൾ അദാനിക്കും അംബാനിക്കും വിട്ടുകൊടുക്കുന്ന വിധത്തിലുള്ള തീരുമാനങ്ങളിലേക്കു കാര്യങ്ങൾ നീങ്ങുമ്പോൾ, കോൺഗ്രസിനകത്തോ യുഡിഎഫ് മുന്നണിയിലോ ഒരു ചർച്ച പോലും നടക്കുന്നില്ല. മുഖ്യമന്ത്രി സതീശൻ തന്നെ ഏകപക്ഷീയമായി തീരുമാനങ്ങൾ കൈക്കൊള്ളുന്നു.

മറ്റൊരു ശ്രദ്ധേയമായ കാര്യം തുറമുഖ വകുപ്പ് മുഖ്യമന്ത്രിയും ഫിഷറീസ് വകുപ്പ് മുസ്‌ലിം ലീഗും പങ്കിട്ടെടുത്തു എന്നതാണ്. കേന്ദ്ര സർക്കാരിന്‍റെ "ബ്ലൂ എക്കോണമി' പോളിസി കൂടി ഇതിനോടു ചേർത്തു വായിക്കുമ്പോൾ, അണിയറയിൽ ബിജെപിയും കോൺഗ്രസും മുസ്‌ലിം ലീഗും എങ്ങനെയാണ് പരസ്പര ധാരണയോടും ഒരുമയോടും കൂടി മുന്നോട്ടുപോകുന്നതെന്ന് വ്യക്തമാകും. പരസ്യമായി പോരടിക്കുമ്പോഴും സാമ്പത്തിക താത്പര്യങ്ങളിൽ ഇവർ കൈകോർക്കുന്നു. മറുഭാഗത്ത് സിപിഎം നേതൃത്വം നൽകുന്ന ഇടതു മുന്നണിയാകട്ടെ, "ഞങ്ങൾ സ്വകാര്യവത്കരണത്തിന് എതിരല്ല, പക്ഷേ അത് കച്ചവടമാകരുത് ' എന്ന പഞ്ചസാരയിൽ പൊതിഞ്ഞ വാക്കുകളിലൂടെ തങ്ങളുടെ നിലപാടുകളെ ന്യായീകരിക്കാനും ശ്രമിക്കുന്നു.

ഭരണാധികാരികളും രാഷ്‌ട്രീയ പ്രസ്ഥാനങ്ങളും മാറിക്കൊണ്ടേയിരിക്കും. എന്നാൽ പ്രകൃതി കനിഞ്ഞു നൽകിയ കേരളത്തിന്‍റെ അമൂല്യമായ പ്രകൃതി വിഭവങ്ങളും സമ്പത്തും വരുംതലമുറകൾക്ക് കൂടി അവകാശപ്പെട്ടതാണ്. താത്കാലിക രാഷ്‌ട്രീയ ലാഭങ്ങൾക്കും കോർപ്പറേറ്റ് താത്പര്യങ്ങൾക്കും വേണ്ടി അവയെ വിറ്റഴിക്കരുത്. വരുംതലമുറയുടെ നിലനിൽപ്പിനു വേണ്ടിയെങ്കിലും കേരളത്തിന്‍റെ ഈ അമൂല്യ സമ്പത്ത് അങ്ങേയറ്റം സൂക്ഷ്മതയോടെയും ഉത്തരവാദിത്തത്തോടെയും കൈകാര്യം ചെയ്യേണ്ടതുണ്ട് എന്നാണ് ജ്യോത്സ്യന് ഓർമിപ്പിക്കാനുള്ളത്.

logo
Metro Vaartha
www.metrovaartha.com