
#ശരത് ഉമയനല്ലൂർ
വാക്കുകളില്‍ വിശുദ്ധിയും പ്രവൃത്തിയില്‍ പ്രകാശവും നിക്ഷേപിച്ച നേതാവ്. ഭരണത്തിൽ സ്വന്തം പാർട്ടിയായാലും തൊഴിലാളികളുടെ പ്രശ്നമാണെങ്കിൽ ആനത്തലവട്ടം ഇടപെടും. തൊഴിലാളികൾക്കുള്ള വിശ്വാസവും രക്ഷയും എന്നും അതായിരുന്നു. അതുകൊണ്ടു തന്നെയാണ് ആനത്തവട്ടം ആനന്ദനെ അവരുടെ പ്രിയങ്കരനായ നേതാവാക്കിയതും.
1954 ല്‍ ഒരണ കൂടുതല്‍ കൂലിക്കു വേണ്ടി നടന്ന കയര്‍ തൊഴിലാളി പണിമുടക്കിലൂടെയാണ് ആനന്ദന് രാഷ്ട്രീയ പ്രവര്‍ത്തനത്തിലെത്തുന്നത്. വര്‍ക്കല ട്രാവന്‍കൂര്‍ കയര്‍ വര്‍ക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിലായിരുന്നു സമരം. അക്കാലത്ത് ആനന്ദന് റെയ്ൽവേയില്‍ ടിക്കറ്റ് എക്സാമിനര്‍ ആയി ജോലി ലഭിച്ചെങ്കിലും സംഘടനാ പ്രവര്‍ത്തനത്തിനു വേണ്ടി അതു വേണ്ടെന്നു വയ്ക്കുകയായിരുന്നു.
1954ല്‍ പട്ടം താണുപിള്ള സര്‍ക്കാര്‍ കയര്‍ തൊഴിലാളികളുടെ ദിവസക്കൂലി ഒരു രൂപയാക്കി പ്രഖ്യാപിച്ചെങ്കിലും മുതലാളിമാര്‍ നല്കാന് തയാറായില്ല. വർഷങ്ങൾ പിന്നിട്ടിട്ടും കൂലി വര്‍ധന നടപ്പാകാതെ വന്നതോടെ തൊഴിലാളികളുമായി ആനത്തലവട്ടം ട്രെയ്ന്‍ കയറി തലസ്ഥാനത്തെത്തി. 1957ൽ സ്വന്തം പാർട്ടി അധികാരത്തിലിരിക്കുമ്പോൾ കയര്‍ മേഖലയിലെ മിനിമം കൂലിക്കായി നേതൃത്വത്തിന്റെ നിര്‍ദേശം അവഗണിച്ചു സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം സംഘടിപ്പിച്ച ശേഷമാണ് ആ യുവ നേതാവ് തൊഴിലാളികളുമായി ചിറയിന്കീഴെന്ന ഗ്രാമത്തിലേക്കു മടങ്ങിയത്. സര്‍ക്കാരിനെ വെല്ലുവിളിച്ച ബ്രാഞ്ച് സെക്രട്ടറിക്കെതിരേ നടപടി വേണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും ഭരണവും സമരവും ഒരുമിച്ചു കൊണ്ടുപോകണമെന്ന ഇഎംഎസിന്റെ നിര്‍ദേശം രക്ഷയായി.
ഏതാനും ദിവസം മുന്‍പ്, രോഗബാധിതനായി ആശുപത്രിയില്‍ പ്രവേശിക്കുന്നതിനു തൊട്ടു മുന്‍പും ആ പോരാട്ടവീര്യം ജ്വലിച്ചു. ഇഎംഎസ് സര്‍ക്കാരിന്റെ കാലത്ത് കയര്‍ തൊഴിലാളികള്‍ക്കായി സമരം ചെയ്തതുപോലെ, പിണറായി സര്‍ക്കാരിന്റെ ഭരണത്തില്‍ കെഎസ്ആര്‍ടിസിയിലെ തൊഴിലാളികള്‍ക്കായി ശബ്ദമുയര്‍ത്തിയ ആനത്തലവട്ടം മാനെജ്മെന്റിനെതിരേ രൂക്ഷ വിമര്‍ശനമുയര്‍ത്തി.
കടയ്ക്കാവൂര്‍ സ്കൂളില്‍ കെഎസ്എഫിന്റെ സ്ഥാനാര്ഥിയതോടെ ഹെഡ്മാസ്റ്റര്‍ക്ക് വിരോധമായി. പരീക്ഷ പാസായെങ്കിലും സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല. സ്കൂളിനു പുറത്തെ റോഡരികില്‍ ഒരു മണിക്കൂര്‍ വെയിലത്തു നിന്നാല്‍ സര്‍ട്ടിഫിക്കറ്റ് തരാമെന്ന് ഹെഡ്മാസ്റ്റര് പറഞ്ഞെങ്കിലും നിരസിച്ചു. മാസങ്ങള്‍ക്കു ശേഷമാണ് സര്‍ട്ടിഫിക്കറ്റ് കിട്ടിയത്. പക്ഷേ അതോടെ പഠനം അവസാനിച്ചു.
ആനന്ദനെ മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്ത്തനത്തിലെത്തിച്ചതു സി.എച്ച്. കണാരനായിരുന്നു. ആറ്റിങ്ങല്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കാനായിരുന്നു നിര്‍ദേശം. അപ്പോഴാണ് അടിയന്തരാവസ്ഥ വരുന്നത്. ഇടതു നേതാക്കളടക്കം വ്യാപകമായി അറസ്റ്റ് ചെയ്യപ്പെട്ടു. ആനത്തലവട്ടം ഉള്‍പ്പടെയുള്ളവര്‍ക്കായി പൊലീസ് തെരച്ചില്‍ നടത്തി. ആറ്റിങ്ങലില്‍ നിന്ന് ടാങ്കര്ല ലോറിയില്‍ തലസ്ഥാനത്തെത്തിയ ആനന്ദന് നേതാക്കളെ കണ്ടശേഷം ഒളിവിൽ പോയി. അദ്ദേഹം അടക്കമുള്ളവരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു. ഒന്നര വര്‍ഷത്തോളം ഒളിവില്‍ പ്രവര്‍ത്തനം നടത്തി.
എകെജിയുടെ നിര്‍ദേശപ്രകാരം കാസർഗോഡ് മുതല്‍ തിരുവനന്തപുരം വരെ നടന്ന പട്ടിണി മാര്‍ച്ച് ജനശ്രദ്ധ നേടിയതോടെ തലയെടുപ്പുള്ള തൊഴിലാളി നേതാവായി ആനത്തലവട്ടം വളര്‍ന്നു.
ട്രാവന്‍കൂര്‍ തൊഴിലാളി യൂണിയന് ജനറല്‍ സെക്രട്ടറി, 1972 മുതല്‍ കയര്‍ വര്‍ക്കേഴ്സ് സെന്റര്‍ ജനറല്‍ സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. 12 വര്‍ഷം കയര്‍ഫെഡിന്റെ പ്രസിഡന്റായിരുന്നു. കയര്‍ ബോര്‍ഡ് വൈസ് ചെയര്‍മാനായും സേവനമനുഷ്ഠിച്ചു. വിവിധ തൊഴിലാളി സംഘടനകളുടെ ഭാരവാഹിയായി.
1987ല്‍ ആറ്റിങ്ങലില്‍ നിന്നാണ് ആദ്യം നിയമസഭയിലെത്തിയത്. 96ല്‍ ആറ്റിങ്ങലില്‍ തന്നെ വക്കം പുരുഷോത്തമനെ പരാജയപ്പെടുത്തിയായിരുന്നു രണ്ടാം ജയം. 2006ല്‍ സി. മോഹനചന്ദ്രനെതിരെ 11,208 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചു കയറിയത്. അന്നത്തെ സഭയിൽ ചീഫ് വിപ്പായിരുന്നു.
സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനം മുതല്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗം വരെ സുപ്രധാന സംഘടനാ ചുമതലകള്‍ വഹിക്കുമ്പോഴും സമാന്തരമായി തൊഴിലാളി പ്രസ്ഥാനത്തിനായി അദ്ദേഹം ജീവിതം മാറ്റിവച്ചു.
86ാം വയസിലും സിഐടിയു സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തും ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തും നിറഞ്ഞു നിന്ന് പ്രവര്‍ത്തിക്കവേയാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. തൊഴിലാളി വര്‍ഗത്തിന്റെ ജീവിതപ്രശ്നം പരിഹരിക്കാന്‍ മടിക്കുന്ന ഏത് വമ്പനും ആ നാവിന്റെ മൂര്‍ച്ച അറിഞ്ഞിട്ടുണ്ട്. തൊഴിലാളികളുടെ പട്ടിണിയും പരിവട്ടവും അവസാനിപ്പിക്കാന്‍ തീരപ്രദേശത്തുകൂടി അനവധി ജാഥകള്‍ നയിച്ച അദ്ദേഹം ഗ്രാമഗ്രാമാന്തരങ്ങള്‍ സഞ്ചരിച്ച് ആയിരക്കണക്കിനു പൊതുയോഗങ്ങളില്‍ പ്രസംഗിച്ചു. അതതു കാലത്തെ രാഷ്ട്രീയ സംഭവവികാസങ്ങളെ ഉള്‍ക്കാഴ്ചയോടെ സാധാരണക്കാര്‍ക്കു മനസിലാകുന്ന ഭാഷയില്‍ അവതരിപ്പിച്ചു.
കാട്ടായിക്കോണം ശ്രീധരന്, എന്‍. അനിരുദ്ധന് തുടങ്ങിയ അതികായരായ നേതാക്കളുടെ ശിഷ്യനായി തെക്കന്‍ കേരളത്തില്‍ നിറഞ്ഞുനിന്നു. പില്ക്കാലത്ത് വി.എസ്. അച്യുതാനന്ദന് പക്ഷത്തെ കരുത്തനായ നേതാവായി. കൃത്യമായ രാഷ്ട്രീയം, കുറിക്കു കൊള്ളുന്ന മറുപടികള്‍, എതിരാളികളോട് സൗമ്യമായ പെരുമാറ്റം. എണ്‍പതാം വയസിലും ടിവി ചര്‍ച്ചകളിലെ നിറസാന്നിധ്യമായിരുന്നു.
എല്ലായ്പ്പോഴും ആള്‍ക്കൂട്ടത്തിനിടയില്‍ ജീവിക്കുക , പൊതുജീവിതമായി വ്യക്തിജീവിതത്തെ പരിവര്‍ത്തനം ചെയ്യുക എന്നത് എല്ലാവര്ക്കും കഴിയുന്ന കാര്യമല്ല... മറ്റുള്ളവര്‍ക്കായി വിശന്നിരിയ്ക്കുക, തനിയ്ക്കു വേണ്ടിയല്ലാതെ ഉറക്കമൊഴിയ്ക്കുക, ഏറ്റവും വിലപ്പെട്ട വിഭവങ്ങളിലൊന്നായ സമയം പ്രതിഫലേച്ഛയില്ലാതെ മറ്റുള്ളവര്‍ക്കായി വിനിയോഗിയ്ക്കുക ഇതൊക്കെയാണ് ഒരു പൊതുപ്രവര്‍ത്തകനെ നിര്‍ണയിക്കുന്ന ഘടകങ്ങള്‍. ആനത്തലവട്ടം ആനന്ദനെ നാടിന്റെ ഹൃദയഭാജനമാക്കി മാറ്റിയതും ഈ സവിശേഷതകള്‍ തന്നെ.