സര്‍ഗാത്മകതയുടെ പുനര്‍വിഭാവനം

"സൃഷ്ടിപരമായ മികവുകളുടെ സംഗമ'ത്തിനാണു ലക്ഷ്യമിടുന്നത്.
Reimagining creativity

സര്‍ഗാത്മകതയുടെ പുനര്‍വിഭാവനം

Updated on

ചൈതന്യ കെ. പ്രസാദ്

ആധികാരികമായ ആഖ്യാനങ്ങള്‍ക്കും നൂതന വിനോദത്തിനുമായി കൊതിക്കുന്ന ലോകത്ത്, ആഗോള മാധ്യമരംഗത്തു വിപ്ലവം സൃഷ്ടിക്കാന്‍ ഇന്ത്യ ഒരുങ്ങുകയാണ്. ലോക ശ്രവ്യ ദൃശ്യ വിനോദ ഉച്ചകോടി (വേവ്സ്) വെറും മാധ്യമ- വിനോദ പങ്കാളി മാത്രമല്ല; ലോകമെമ്പാടുമുള്ള സ്രഷ്ടാക്കളും നയരൂപകര്‍ത്താക്കളും പ്രേക്ഷകരും ഉള്ളടക്കവുമായി എങ്ങനെ ഇടപഴകുന്നു എന്നതിനെ പുനര്‍നിര്‍വചിക്കുന്ന പരിവര്‍ത്തന കാഴ്ചപ്പാടിനെ പ്രതിനിധാനം ചെയ്യുന്ന ഒന്നു കൂടിയാണ്. ആഗോള വിനോദ ചര്‍ച്ചാവേദികള്‍ക്കു പുതിയ സുവര്‍ണ മാനദണ്ഡമൊരുക്കി, സ്രഷ്ടാക്കളുടെ ആവാസ വ്യവസ്ഥയ്ക്കായി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ഏറ്റെടുത്ത ദീര്‍ഘവീക്ഷണാത്മക സംരംഭമായി മെയ് 1 മുതല്‍ 4 വരെ മുംബൈയില്‍ നടക്കാനിരിക്കുന്ന "വേവ്സ്' ഉയര്‍ന്നുവരുന്നു.

പതിറ്റാണ്ടുകളായി സിനിമകള്‍, സംഗീതം, ഡിജിറ്റല്‍ ഉള്ളടക്കം എന്നിവയിലൂടെ ലോകത്തെ ആകര്‍ഷിക്കുന്ന കഥപറച്ചിലിന്‍റെ ശക്തികേന്ദ്രമാണ് ഇന്ത്യ. എന്നാല്‍, തികച്ചും സര്‍ഗാത്മക ആഖ്യാനങ്ങള്‍ ഉണ്ടായിരുന്നിട്ടും, ആഗോള വിനോദവ്യവസായത്തില്‍ രാജ്യത്തിന്‍റെ ഇടപഴകലുകള്‍ അപൂര്‍വമായിരുന്നു. ആ കുറവു മറികടക്കാനാണു "വേവ്സ്' ശ്രമിക്കുന്നത്. ഇത് ഇന്ത്യയുടെ സര്‍ഗാത്മകത പ്രദര്‍ശിപ്പിക്കുക മാത്രമല്ല; മാധ്യമങ്ങള്‍, വിനോദം, സാങ്കേതികവിദ്യ എന്നിവയെ കേന്ദ്രീകരിച്ചുള്ള ആഗോള ചര്‍ച്ചകള്‍ രൂപപ്പെടുത്തുകയുമാണ്.

സാമ്പത്തിക നയത്തിന്‍റെ നാഡീകേന്ദ്രവും കാന്‍ ചലച്ചിത്രത്തിന്‍റെ കേന്ദ്രവും ദാവോസ് ആണെങ്കില്‍, "വേവ്സ്' പുതുമ സൃഷ്ടിക്കുന്നതിലൂടെയും പ്രധാന പങ്കാളികളുടെ സഹകരണത്തിലൂടെയും വിനോദത്തിന്‍റെ ഭാവി നിര്‍വചിച്ച്, "സൃഷ്ടിപരമായ മികവുകളുടെ സംഗമ'ത്തിനാണു ലക്ഷ്യമിടുന്നത്.

"വേവ്സ്' എന്നതു സ്രഷ്ടാക്കള്‍ക്കും വ്യാപാരികള്‍ക്കും നിക്ഷേപകര്‍ക്കുമായുള്ള യഥാര്‍ഥ അവസരങ്ങളാണ്. പുരാതന ഇതിഹാസങ്ങളില്‍നിന്നും നാടോടിക്കഥകളില്‍നിന്നും നിര്‍മിതബുദ്ധി അധിഷ്ഠിത ഉള്ളടക്കത്തിലേക്കും ആഴത്തിലുള്ള ഡിജിറ്റല്‍ ആഖ്യാനത്തിലേക്കും പരിണമിക്കുന്ന ഇന്ത്യയുടെ കഥപറച്ചില്‍ പാരമ്പര്യം "ഭാരത് പവലിയന്‍' ആഘോഷിക്കും. ഇന്ത്യ ലോകത്തോടു പറയുന്നത് ഇതാണ്: "നമ്മുടെ കഥകള്‍ കാലാതീതമാണ്; പക്ഷേ, നമ്മുടെ കഥപറച്ചില്‍ അത്യാധുനികവും'. അതേസമയം, വര്‍ഷം മുഴുവനുമുള്ള ഇത്തരത്തിലുള്ള ആദ്യത്തെ ആഗോള ഉള്ളടക്ക വിപണിയായ "വേവ്സ് ബസാര്‍', ഉള്ളടക്കം എങ്ങനെ വാങ്ങുന്നു, വില്‍ക്കുന്നു, വിതരണം ചെയ്യുന്നു എന്നതിനെ പരിവര്‍ത്തനം ചെയ്യും.

പരമ്പരാഗത ഉത്സവാധിഷ്ഠിത ഏറ്റെടുക്കല്‍ മാതൃകയ്ക്കപ്പുറം, ഈ "ഡിജിറ്റല്‍- ഫസ്റ്റ് ' പ്ലാറ്റ്‌ഫോം സ്ഥിരമായ ആഗോള ഇടപാടുകള്‍ പ്രാപ്തമാക്കും. ഇന്ത്യയിലും പുറത്തുമുള്ള ഉള്ളടക്ക സ്രഷ്ടാക്കള്‍ക്ക് എപ്പോഴും സജ്ജമായിരിക്കുന്ന ധനസമ്പാദന ആവാസവ്യവസ്ഥയിലേക്കു പ്രവേശനം ഉറപ്പാക്കും. ശ്രദ്ധേയമായ ഇന്ത്യന്‍ വിഎഫ്എക്സ് സംഭാവനകളോടെ 2025ലെ മികച്ച വിഷ്വല്‍ എഫക്റ്റിനുള്ള ഓസ്‌കര്‍ നേടിയ "ഡ്യൂണ്‍: പാര്‍ട്ട് 2' പോലുള്ള സമീപകാല നേട്ടങ്ങള്‍ ആഗോള വേദികളില്‍ പ്രദര്‍ശിപ്പിക്കുന്നതും പരിപോഷിപ്പിക്കുന്നതും "വേവ്സ്' ലക്ഷ്യമിടുന്ന സര്‍ഗാത്മക സാധ്യതകള്‍ക്ക് ഉദാഹരണമാണ്. എന്നാല്‍ എല്ലാ വ്യവസായ ചര്‍ച്ചകള്‍ക്കുമപ്പുറം, "വേവ്സി'നെ ശരിക്കും വ്യത്യസ്തമാക്കുന്നത് അതിന്‍റെ വലിയ കാഴ്ചപ്പാടാണ്?

ഇത് ഒരു തവണത്തേക്കു മാത്രമുള്ള ഒന്നല്ല; വിനോദ നവീകരണത്തിന്‍റെ ആഗോള ആസ്ഥാനമായി ഇന്ത്യയെ സ്ഥാപിക്കുന്നതിനുള്ള ദീര്‍ഘകാല തന്ത്രമാണിത്. 2030-ഓടെ ആഗോള മാധ്യമ- വിനോദ വ്യവസായം 3 ട്രില്യണ്‍ ഡോളര്‍ മൂല്യത്തിലേക്കു നീങ്ങുമ്പോള്‍, ഇന്ത്യ ഔട്ട്‌സോഴ്‌സിങ് കേന്ദ്രമാകുകയല്ല; മറിച്ച്, വിനോദ ഉല്‍പ്പാദനം, നയം, നിക്ഷേപം എന്നിവയില്‍ ആഗോളതലത്തില്‍ മുന്‍നിരക്കാരായി മാറുകയാണ്. ഉള്ളടക്ക സൃഷ്ടി, ധനസഹായം, നയചര്‍ച്ചകള്‍, ഉയര്‍ന്നുവരുന്ന സാങ്കേതിക വിദ്യകള്‍ എന്നിവയുടെ സംയോജനം ഉച്ചകോടിയെ വിനോദത്തിന്‍റെ ഭാവിയിലേക്കുള്ള വിക്ഷേപണത്തറയാക്കി മാറ്റുന്നു.

കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനപ്പുറം ആഗോള മാധ്യമ ചര്‍ച്ചകളിലൂടെ അന്താരാഷ്ട്ര സഹകരണം വളര്‍ത്തുന്നതിലേക്ക് ഉച്ചകോടിയുടെ അഭിലാഷങ്ങള്‍ വ്യാപിക്കുന്നു. ഇന്ത്യയുടെ നേതൃത്വത്തില്‍ ഭൂഖണ്ഡാനന്തര സ്രഷ്ടാക്കളെയും വ്യവസായ പങ്കാളികളെയും ബന്ധിപ്പിക്കുന്ന യഥാര്‍ഥ ആഗോള ആവാസവ്യവസ്ഥ സൃഷ്ടിക്കുക എന്നതാണ് ഈ നയതന്ത്ര സംരംഭത്തിന്‍റെ ലക്ഷ്യം. ആഗോള മാധ്യമ- വിനോദ സാഹോദര്യത്തിനായുള്ള ദീര്‍ഘവീക്ഷണാത്മക മാര്‍ഗരേഖയായ "വേവ്സ് ഡിക്ലറേഷന്‍ 2025' എന്ന നാഴികക്കല്ലില്‍ ആഗോള മാധ്യമ ചര്‍ച്ചകള്‍ പരിസമാപ്തിയിലെത്തും.

ഇതു സുസ്ഥിര ലോക വിനോദ ചര്‍ച്ചാവേദിക്ക് അടിത്തറയിടും. ലോകമെമ്പാടുമുള്ള സ്രഷ്ടാക്കള്‍ക്കു പ്രയോജനപ്പെടുന്ന സമഗ്രമായ ചട്ടക്കൂടുകള്‍ നിര്‍ദേശിക്കുന്നതിനൊപ്പം നിര്‍ണായക വ്യവസായ പ്രവണതകളെയും വെല്ലുവിളികളെയും ഈ പ്രഖ്യാപനം അഭിസംബോധന ചെയ്യും.

സര്‍ഗാത്മക സംരംഭകര്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേറ്ററായ വേവ് എക്സെലറേറ്ററാണ് "വേവ്സി'ലെ ഏറ്റവും ശ്രദ്ധേയ സംരംഭങ്ങളിലൊന്ന്. നിര്‍മിത ബുദ്ധിയാല്‍ സൃഷ്ടിക്കപ്പെട്ട ഉള്ളടക്കം, സംവേദനാത്മക മാധ്യമങ്ങള്‍, വെര്‍ച്വല്‍ പ്രൊഡക്ഷന്‍ എന്നിവയുടെ വളര്‍ച്ചയോടെ, ഘടനാപരമായ മാര്‍ഗ നിര്‍ദേശം, ധനസഹായം, വിപണി പ്രവേശം എന്നിവയുടെ ആവശ്യകത മുമ്പൊരിക്കലും ഇത്രയും വലുതായിട്ടില്ല.

ഇന്ത്യ അത്യാധുനിക കഥപറച്ചില്‍ പ്രോത്സാഹിപ്പിക്കുക മാത്രമല്ല, വിനോദത്തിന്‍റെ അടുത്ത ദശകത്തെ നിര്‍വചിക്കുന്ന വ്യവസായങ്ങള്‍ കെട്ടിപ്പടുക്കുകയും ചെയ്യുന്നുവെന്ന് വേവ് എക്സെലറേറ്റര്‍ ഉറപ്പാക്കുന്നു. ബൗദ്ധിക സ്വത്തവകാശ സംരക്ഷണവുമായി നിക്ഷേപസൗകര്യം സംയോജിപ്പിക്കുന്നതിലൂടെ, സുസ്ഥിരവും സൃഷ്ടിപരവുമായ സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന് ഇന്ത്യ വലിയ പ്രാധാന്യമേകുന്നുവെന്നു ലോകത്തിനു സൂചന നല്‍കുന്നു.

പ്രതിഭകളെ കണ്ടെത്തുന്നതിലും മാര്‍ഗദര്‍ശനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നതാണു "വേവ്സി'ന്‍റെ പ്രധാന സവിശേഷത. "ക്രിയേറ്റ് ഇന്‍ ഇന്ത്യ' മത്സരങ്ങളിലൂടെ, ഗെയിമിങ്, കോമിക്സ്, അനിമേഷന്‍, സംഗീതം, ഇ- സ്പോര്‍ട്സ്, പ്രക്ഷേപണം എന്നിവയിലുടനീളം 725 മുന്‍നിര സ്രഷ്ടാക്കളെ ഉച്ചകോടി ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട ഈ പ്രതിഭകള്‍ തത്സമയ മത്സരങ്ങള്‍, മാസ്റ്റര്‍ക്ലാസുകള്‍, കൂട്ടായ പദ്ധതികള്‍ എന്നിവയുള്ള സംവേദനാത്മക കേന്ദ്രമായ ക്രിയേറ്റോസ്ഫിയറില്‍ പങ്കെടുക്കും. ഇതു വിനോദമേഖലയിലെ മികച്ച പുതിയ ശബ്ദങ്ങള്‍ ഇന്ത്യയില്‍നിന്ന് ആഗോള വേദിയിലേക്ക് ഉയര്‍ന്നുവരുന്നുവെന്ന് ഉറപ്പാക്കും.

കഥ പറച്ചിലിന്‍റെ ഭാവി എങ്ങനെയായിരിക്കും? ഉള്ളടക്കസൃഷ്ടിയെ നിര്‍മിത ബുദ്ധി എങ്ങനെ പുനര്‍വിഭാവനം ചെയ്യും? ഏതു പുതിയ ധനസമ്പാദന മാതൃകകള്‍ സ്ട്രീമിങ് യുഗത്തെ നിര്‍വചിക്കും? സര്‍ഗാത്മകതയെ നിയന്ത്രണവുമായി സന്തുലിതമാക്കുന്നതെങ്ങനെ? എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് അവര്‍ ഉത്തരം തേടും. ഇവ വിനോദത്തിന്‍റെ ഭാവി രൂപപ്പെടുത്തുന്ന യഥാര്‍ഥ സംവാദങ്ങളാണ്; അവയുടെ കേന്ദ്രബിന്ദുവായി "വേവ്സ്' മാറും.

ആഗോള വ്യവസായ ആവശ്യങ്ങളായ മേഖലയുടെ വളര്‍ച്ചയെ നയിക്കല്‍, നിര്‍മിതബുദ്ധി പോലുള്ള ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകളിലൂടെ പുതുമയെ പരിപോഷിപ്പിക്കല്‍, യുവപ്രതിഭകളെ ശാക്തീകരിക്കല്‍, ഇന്ത്യന്‍- അന്തര്‍ദേശീയ മാധ്യമ പ്രൊഫഷണലുകള്‍ക്കിടയില്‍ അര്‍ഥവത്തായ സാംസ്‌കാരിക വിനിമയം സുഗമമാക്കല്‍ എന്നിവയുമായി "വേവ്സി'ന്‍റെ തന്ത്രപരമായ ലക്ഷ്യങ്ങള്‍ തികച്ചും യോജിക്കുന്നു. നേട്ടങ്ങള്‍ ഉച്ചകോടിക്കപ്പുറത്തേക്കു വ്യാപിക്കുന്നു. ഇന്ത്യയുടെ സൃഷ്ടിപരമായ വ്യവസായങ്ങളില്‍ ഗണ്യമായ നിക്ഷേപം ആകര്‍ഷിക്കുന്നതിനും ആഗോള വിനോദമേഖലയില്‍ രാജ്യത്തിന്‍റെ നേതൃത്വം ഉറപ്പിക്കുന്നതിനും ലോകമെമ്പാടുമുള്ള സര്‍ഗാത്മക സമ്പദ്വ്യവസ്ഥയിലേക്കുള്ള സംഭാവന ശക്തിപ്പെടുത്തുന്നതിനും വ്യവസായത്തിന്‍റെ ഭാവി ആവശ്യങ്ങള്‍ക്കായി തയ്യാറുള്ള വൈദഗ്ധ്യമുള്ള തൊഴില്‍ശക്തി വികസിപ്പിക്കുന്നതിനും "വേവ്സ്' സഹായിക്കുന്നു.

ഉള്ളടക്ക സൃഷ്ടിയും ധനസഹായവും മുതല്‍ ഗെയിമിങ്, അനിമേഷന്‍, സംഗീതം, ഐപി വികസനം എന്നിവവരെ വൈവിധ്യമാര്‍ന്ന മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ "വേവ്സ്' പരസ്പരബന്ധിതമായ ലോകത്തിലെ വര്‍ധിച്ചുവരുന്ന മാധ്യമ- വിനോദ വെല്ലുവിളികളെയും അവസരങ്ങളെയുമാകെ അഭിസംബോധന ചെയ്യുന്നു.

മെയ് ഒന്നിലേക്കുള്ള കൗണ്ട്ഡൗണ്‍ ആരംഭിക്കുമ്പോള്‍, ലോകം ശ്രദ്ധയോടെ കാത്തിരിക്കുകയാണ്. "വേവ്സ്' വെറും മാധ്യമ ഉച്ചകോടി മാത്രമല്ല; അതൊരു മുന്നേറ്റമാണ്. സര്‍ഗാത്മകത വാണിജ്യത്തെയും, പാരമ്പര്യം സാങ്കേതികവിദ്യയെയും കണ്ടുമുട്ടുന്നതും ഇന്ത്യ സ്വന്തം നിബന്ധനകളോടെ ലോകത്തെ കണ്ടുമുട്ടുന്നതുമായ മുന്നേറ്റം. വിനോദ വ്യവസായം മാറ്റത്തിന്‍റെ ഘട്ടത്തിലാണ്. അടുത്ത അധ്യായം രചിക്കുമ്പോള്‍, "വേവ്സ്' അതിന്‍റെ കേന്ദ്ര ബിന്ദുവായതിനാല്‍, അതു വലിയ അക്ഷരങ്ങളാല്‍ കുറിക്കപ്പെടുമെന്ന് ഇന്ത്യ ഉറപ്പാക്കുക തന്നെ ചെയ്യും.

(മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനാണ് ലേഖകൻ)

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com