

ഫ്ളോറിയൻ തൗവിൻ.
പാരിസ്: ഫ്ലോറിയൻ തൗവിന്‍റെ മികവിൽ ടൗളൂസിനെ 4-1 ന് തകർത്ത് ലെൻസ് ഫ്രഞ്ച് കപ്പ് ഫൈനലിൽ പ്രവേശിച്ചു. ഇതോടെ ഈ സീസണിൽ ലീഗ് കിരീടവും കപ്പും സ്വന്തമാക്കാനുള്ള (ഡൊമസ്റ്റിക് ഡബിൾ) ലെൻസിന്‍റെ പ്രതീക്ഷകൾ സജീവമായി.
മത്സരത്തിന്‍റെ ഒൻപതാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കൃത്യമായി ലക്ഷ്യത്തിലെത്തിച്ച് തൗവിൻ ആണ് ലെൻസിനെ മുന്നിലെത്തിച്ചത്. തൊട്ടുപിന്നാലെ അലൻ സെന്‍റ്-മാക്സിമിൻ നേടിയ ഗോളിന് വഴിയൊരുക്കിയതും തൗവിൻ ആയിരുന്നു.
21-ാം മിനിറ്റിൽ സാന്‍റിയാഗോ ഹിഡാൽഗോയിലൂടെ ടൗളൂസ് ഒരു ഗോൾ മടക്കിയെങ്കിലും, ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് പ്രതിരോധ താരം മാത്യു ഉഡോൾ ലെൻസിന്‍റെ ലീഡ് വീണ്ടും ഉയർത്തി. 74-ാം മിനിറ്റിൽ അഡ്രിയാൻ തോമസൺ ആണ് ലെൻസിന്‍റെ ഗോൾ പട്ടിക പൂർത്തിയാക്കിയത്.
സ്ട്രാസ്‌ബർഗ് - നീസ് മത്സരത്തിലെ വിജയികളെയാകും ഫൈനലിൽ ലെൻസ് നേരിടുക. ഫ്രഞ്ച് ലീഗ് പോയിന്‍റ് പട്ടികയിൽ നിലവിൽ ഒന്നാം സ്ഥാനത്തുള്ള പിഎസ്ജിയേക്കാൾ വെറും ഒരു പോയിന്‍റ് മാത്രം പിന്നിലാണ് ലെൻസ്. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ലീഗ് മത്സരത്തിലും ലെൻസ് ടൗളൂസിനെ 3-2 ന് പരാജയപ്പെടുത്തിയിരുന്നു.