

മുഹമ്മദ് സലാ മത്സരത്തിനിടെ.
ലിവർപൂൾ: ബെഞ്ചിൽനിന്ന് കളിക്കളത്തിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കി മുഹമ്മദ് സലാ നിറഞ്ഞാടിയപ്പോൾ, ബ്രൈറ്റണിനെതിരേ ലിവർപൂളിന് എതിരില്ലാത്ത രണ്ടു ഗോളിന്‍റെ ജയം. പ്രീമിയർ ലീഗിൽ ഹ്യൂഗോ എകിറ്റിക്കെയുടെ ഇരട്ടഗോളുകളാണ് ഡിഫൻഡിങ് ചാംപ്യൻമാർക്ക് ജയം സമ്മാനിച്ചത്. ഈജിപ്ഷ്യൻ സൂപ്പർതാരം കളത്തിലിറങ്ങിയതോടെ ആൻഫീൽഡിൽ ആരാധകർ ആവേശകരമായ സ്വീകരണമാണ് നൽകിയത്.
26-ാം മിനിറ്റിൽ സബ്സ്റ്റിറ്റ്യൂട്ടായി ഇറങ്ങിയ സലാ, എകിറ്റിക്കെയുടെ രണ്ടാം ഗോളിന് അസിസ്റ്റ് നൽകി തന്‍റെ ക്ലാസ് തെളിയിച്ചു. മത്സരത്തിന്‍റെ ആദ്യ മിനിറ്റിൽ തന്നെ എകിറ്റിക്കെ നേടിയ ഗോൾ ലിവർപൂളിനെ മുന്നിലെത്തിച്ചിരുന്നു. ഈ ജയത്തോടെ ലിവർപൂൾ ലീഗിൽ ആറാം സ്ഥാനത്തേക്ക് ഉയർന്നു; തുടർച്ചയായ അഞ്ചാം മത്സരമാണ് തോൽവിയറിയാതെ അവർ പൂർത്തിയാക്കിയത്.
സലായും പരിശീലകൻ ആർനെ സ്ലോട്ടും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ ചർച്ചകളിലൂടെ പരിഹരിച്ചെന്ന സൂചനയും മത്സരത്തോടെ ലഭിച്ചു. "പരിഹരിക്കാനുള്ള യാതൊരു പ്രശ്നവുമില്ല,'' സ്ലോട്ട് പറഞ്ഞു. ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിനായി സലാ ഉടൻ ദേശീയ ടീമിനൊപ്പം ചേരും; ടൂർണമെന്‍റിൽ ഈജിപ്റ്റ് മുന്നേറുകയാണെങ്കിൽ താരം ഒരു മാസത്തിലധികം ലിവർപൂളിനൊപ്പം ഉണ്ടാകില്ല.
ആഴ്‌സനലിന് ഭാഗ്യത്തിന്‍റെ ആനുകൂല്യം
മറ്റൊരു മത്സരത്തിൽ, അവസാന സ്ഥാനത്തുള്ള വൂൾവ്സിനെതിരേ ആഴ്‌സനൽ 2–1ന് ജയിച്ചെങ്കിലും, രണ്ട് സെൽഫ് ഗോളുകളുടെ സഹായം ആവശ്യമായി വന്നു. 70-ാം മിനിറ്റിൽ ഗോൾകീപ്പർ സാം ജോൺസ്റ്റൺ പന്ത് സ്വന്തം വലയിലാക്കിയതോടെയാണ് ആഴ്‌സനൽ മുന്നിലെത്തിയത്. 90-ാം മിനിറ്റിൽ ടോളു അരോകൊഡാരെ സമനില നേടിയെങ്കിലും, സ്റ്റോപ്പേജ് ടൈമിൽ ബുകായോ സാകയുടെ ക്രോസിൽ യേർസൻ മോസ്കേര ഹെഡറിലൂടെ സ്വന്തം വല കുലുക്കി — ആഴ്‌സനലിന് നിർണായക ജയം.
ഈ വിജയത്തോടെ ആഴ്‌സനൽ ലിവർപൂളിനെക്കാൾ അഞ്ച് പോയിന്‍റ് മുന്നിലെത്തി. സാകയുടെ രണ്ട് ക്രോസുകളാണ് രണ്ടു സെൽഫ് ഗോളുകൾക്കും കാരണമായത്.
മറ്റു മത്സരങ്ങൾ
സ്റ്റാംഫോർഡ് ബ്രിഡ്ജിൽ എവർട്ടനെ 2–0ന് തോൽപ്പിച്ച് ചെൽസി നാലാം സ്ഥാനത്തേക്കു കുതിച്ചു. മൂന്ന് മാസത്തിന് ശേഷം കോൾ പാല്മർ നേടിയ ഗോൾ ടീമിന് ലീഡ് നൽകി. പിന്നീട് മലോ ഗുസ്തോ രണ്ടാം ഗോൾ നേടി. പരിക്ക് പൂർണമായി മാറിയിട്ടില്ലെന്ന് പാല്മർ മത്സരശേഷം പറഞ്ഞു.
ഫുൾഹാം 3–2ന് ബേൺലിയെ കീഴടക്കി. തുടർച്ചയായ ഏഴാം തോൽവി ഏറ്റുവാങ്ങിയ ബേൺലി, റിലിഗേഷൻ ഭീഷണിയിൽ തുടരുകയാണ്.