
#ടോം ജോസഫ്
മത്സരദിനമായിരുന്നതുകൊണ്ടുതന്നെ ഇന്നലെ വളരെ നേരത്തെ എണീറ്റ് കാര്യങ്ങള്‍ ക്രമീകരിച്ചു. ഗ്രൗണ്ടിലേക്ക് അല്പം നേരത്തെ എത്താമെന്ന് വിചാരത്തില്‍ രാവിലെ 9 മണിക്കു പുറപ്പെടേണ്ട ഞങ്ങള്‍ 8.30 ഓടുകൂടിത്തന്നെ വളണ്ടിയറുമായി വാഹനമെത്തുന്നയിടത്തേക്കു നടന്നു. വില്ലജിനു മുന്നില്‍ത്തന്നെ വാഹനം പാര്‍ക്ക് ചെയ്തിട്ടുണ്ടായിരുന്നു. ഓരോരുത്തരായി വാഹനത്തിനുള്ളില്‍ കയറി.
എന്നാല്‍ പോകാം റെഡി എന്നു ഞങ്ങള്‍ പറഞ്ഞെങ്കിലും വാഹനം വിടാന്‍ ഡ്രൈവര്‍ തയാറായില്ല. 9 ആകാതെ വാഹനം ഒരടി നീങ്ങില്ലെന്ന് അദ്ദേഹം തീര്‍ത്തു പറഞ്ഞു. പിന്നീടാണ് മനസിലായത്. കൃത്യസമയത്ത് പോവുക അവിടെയെത്തിക്കുക എന്നതാണ് സംഘാടകര്‍ ഡ്രൈവര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. എന്ായാലും 15 മിനിറ്റ് നേരത്തെ കാത്തിരിപ്പിനു ശഷം ഞങ്ങള്‍ മൈതാനത്തെത്തി. കുട്ടികള്‍ വളരെ നല്ല പ്രകടനമാണ് കാഴ്ചവച്ചത്. സമ്മര്‍ദമേതുമില്ലാതെ കളിച്ചതിന് ഫലമാണ് ഈ ജയം. മുമ്പൊക്കെ മത്സരം തുടങ്ങുന്നതിനു തലേദിവസം മാത്രമാകും വില്ലേജിലെത്തുക. ഇത്തവണ 16-ാം തീയതി തന്നെ എത്തിയത് ഗുണമായി.
കോര്ട്ടുമായും കാലാവസ്ഥയുമായും ഇണങ്ങാന്‍ ഇതിലൂടെ സാധിച്ചു. പൂര്‍ണമായും ശീതീകരിച്ച കോര്‍ട്ടും വില്ലേജുമാണ് ഇവിടെയുള്ളത്. അതുകൊണ്ടുതന്നെ സാഹചര്യവുമായി ഇണങ്ങുക എന്നത് വളരെ പ്രധാനമാണ്.
മത്സരശേഷം കംബോഡിയന്‍ ടീമിന്റെ പ്രതികരണം മനസിനു കുളിര്മയുണ്ടാകുന്നതായിരുന്നു. സാധാരണഗതിയില്‍ മത്സര ശേഷം ആര് ജയിച്ചാലും പരാജയപ്പെട്ടാലും പരസ്പരം ഹസ്തദാനം നല്കി പിരിയുകയാണ് പതിവ്. അങ്ങനെ വേണമെന്നും നിഷ്കര്‍ഷയുണ്ട്. എവിടെ എന്നാല്‍, അതു മാത്രമല്ല ഉണ്ടായിരുന്നത്. ഹസ്തദാനത്തിനു ശേഷം ഞങ്ങള്‍ പരിശീലകരോട് അല്പസമയം കൂടി ഇവിടെ നില്‍ക്കുമോ എന്നാവശ്യപ്പെട്ടു. അതനുസരിച്ച് ഞങ്ങള്‍ അവിടെ നിന്നു.
അപ്പോള്‍ അവരുടെ കളിക്കാര്‍ ഞങ്ങള്‍ക്ക് തൊട്ടുമുന്നില്‍ ലൈനപ്പ് ചെയ്തുനിന്ന് 12 കളിക്കാരും ഞങ്ങളുടെ മുന്നില്‍ ശിരസുകുനിച്ച് ബഹുമാനം പ്രകടിപ്പിച്ചു.
മറ്റൊരു ഘട്ടത്തിലും ഇത് കാണാന്‍ കഴിഞ്ഞിട്ടില്ല. ആ ടീമംഗങ്ങള്‍ ഒന്നടങ്കം ഞങ്ങളെ അതിശയിപ്പിക്കുകയായിരുന്നു. ആ രാജ്യത്തിന്റെ സംസ്കാരവും പാരമ്പര്യവുമാണ് അതിലൂടെ വെളിവായത്.