

പ്രസിദ്ധ് കൃഷ്ണ
File
ന്യൂഡൽഹി: വെസ്റ്റിൻഡീസിനെതിരായ അവസാന ഏകദിന മത്സരത്തിനു മുൻപേ ഇന്ത്യൻ ടീമിൽ മാറ്റം. ഗോഹട്ടിയിൽ നടന്ന രണ്ടാം ഏകദിന മത്സരത്തിനിടെ പരുക്കേറ്റ പേസ് ബൗളർ പ്രസിദ്ധ് കൃഷ്ണയ്ക്കു പകരം അൻഷുൽ കാംഭോജിനെ ടീമിൽ ഉൾപ്പെടുത്തി. ഹാംസ്ട്രിങ് ഇൻജുറി കാരണം പ്രസിദ്ധ് കൃഷ്ണയ്ക്ക് പരമ്പരയിലെ അവസാന മത്സരം നഷ്ടമാകും. രണ്ടാം മത്സരത്തിൽ അഞ്ച് ഓവർ മാത്രം എറിഞ്ഞ താരം 45 റൺസ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു. ബെംഗളൂരുവിലേക്കു മടങ്ങിയ പ്രസിദ്ധ്, ഒക്റ്റോബർ 11-ന് ആരംഭിക്കുന്ന രഞ്ജി ട്രോഫി ആദ്യ ഘട്ട മത്സരങ്ങളിൽ കളിക്കുന്ന കാര്യവും സംശയത്തിലാണ്.
അതേസമയം, ഇന്ത്യ എ - ഓസ്ട്രേലിയ എ ചതുർദിന മത്സരത്തിനിടയിൽ നിന്നാണ് അൻഷുൽ കാംഭോജിനെ സീനിയർ ടീമിലേക്കു വിളിപ്പിച്ചത്. ഇതുവരെ ഏകദിനത്തിൽ അരങ്ങേറിയിട്ടില്ലെങ്കിലും ലിസ്റ്റ് എ ക്രിക്കറ്റിൽ മികച്ച റെക്കോർഡുള്ള താരമാണ് കാംഭോജ്.
വെസ്റ്റിൻഡീസിനെതിരായ അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദറിനെയും ഒഴിവാക്കി. അദ്ദേഹത്തിന് പകരം നമൻ ധീറിനെ ടീമിൽ ഉൾപ്പെടുത്തി.
വരാനിരിക്കുന്ന ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പര മുൻനിർത്തിയാണ് ഈ തീരുമാനം. ഒക്റ്റോബർ 11-ന് ആരംഭിക്കുന്ന രഞ്ജി ട്രോഫി സീസണിലൂടെ വാഷിംഗ്ടൺ സുന്ദറിന് തമിഴ്നാട് ടീമിനായി റെഡ് ബോൾ ക്രിക്കറ്റ് കളിക്കാനും ടെസ്റ്റ് പരമ്പരയ്ക്കായി തയാറെടുക്കാനും അവസരം ലഭിക്കുമെന്ന് ബിസിസിഐ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച നമൻ ധീർ ആദ്യമായാണ് ടി20 ടീമിലെത്തുന്നത്. ടി20 പരമ്പരയ്ക്കു ശേഷം ഒക്റ്റോബർ 22-ന് ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനം ആരംഭിക്കും.