
വി.കെ. സഞ്ജു
ഇന്ത്യൻ ടീമിൽ ഒരു ബാറ്റിങ് പൊസിഷനും ആരുടെയും വ്യക്തിഗത സ്വത്തല്ലെന്ന് മുൻ പരിശീലകൻ രവി ശാസ്ത്രി പറയുമ്പോൾ ഉന്നം മറ്റാരുമല്ല, വിരാട് കോഹ്‌ലിയാണ്. ടീമിന് ആവശ്യമാണെങ്കിൽ വിരാട് നാലാം നമ്പറിലേക്ക് ഇറങ്ങി കളിക്കണമെന്നും, ടീമിന്‍റെ താത്പര്യത്തിന് അവൻ എതിരു നിൽക്കില്ലെന്നും ശാസ്ത്രി തെളിച്ചു തന്നെ പറയുന്നു. ലോകകപ്പ് കളിക്കാനുള്ള ടീമിലെ നാലാം നമ്പർ ബാറ്ററെ ഇനിയും കണ്ടെത്താൻ ടീം മാനെജ്മെന്‍റിനു സാധിച്ചിട്ടില്ലാത്ത പശ്ചാത്തലത്തിലാണ് ഈ പ്രതികരണം.
അവസാനിക്കാത്ത അനിശ്ചിതത്വം
2019 ലോകകപ്പിനു മുൻപ് തുടങ്ങിയതാണ് നാലാം നമ്പർ ബാറ്റർക്കു വേണ്ടിയുടെ ഇന്ത്യയുടെ അന്വേഷണം. അന്ന് നാലാം നമ്പറിൽ ഏറെക്കുറെ സെറ്റായിരുന്ന ബാറ്റർ അമ്പാടി റായുഡുവിനെ ടീമിൽ ഉൾപ്പെടുത്താതെ കെ.എൽ. രാഹുലിനെ മധ്യനിരയിൽ കളിപ്പിക്കാനായിരുന്നു സെലക്‌ഷൻ കമ്മിറ്റിയുടെ തീരുമാനം. എന്നാൽ, ഓപ്പണർ ശിഖർ ധവാനു പരുക്കേറ്റതോടെ രാഹുൽ ഓപ്പണിങ് പൊസിഷനിലേക്കു മടങ്ങി. വിജയ് ശങ്കർ, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ എന്നിവരെല്ലാം ലോകകപ്പ് പോലൊരു സുപ്രധാന ടൂർണമെന്‍റിൽ, നിർണായകമായ നാലാം നമ്പറിൽ പരീക്ഷിക്കപ്പെടുന്ന അവസ്ഥയായിരുന്നു ഫലം. ടീം മാനെജ്മെന്‍റിന്‍റെ ആ ചൂതാട്ടത്തിൽ ഭാഗ്യം ഇവരുടെ ആരുടെയും ഒപ്പം നിന്നില്ല.
ടീമിൽ തിരിച്ചുവന്നപ്പോഴൊക്കെ രാഹുലിന് മധ്യനിരയിൽ മോശമല്ലാത്ത പ്രകടനങ്ങൾ നടത്താൻ സാധിച്ചിരുന്നു. എന്നാൽ, ശ്രേയസ് അയ്യർ നാലാം നമ്പറിൽ സ്ഥിരതയുള്ള പ്രകടനങ്ങൾ കാഴ്ചവച്ചതോടെയാണ് ആ സമസ്യ അവസാനിച്ചെന്ന പ്രതീതിയുണ്ടായത്. പക്ഷേ, ശ്രേയസിനെ നിരന്തരം പരുക്കുകൾ പിടികൂടിയതോടെ വീണ്ടും അനിശ്ചിതത്വം. ഇതിനിടെ ഏകദിന ടീമിന്‍റെ സ്ഥിരം വിക്കറ്റ് കീപ്പറായിക്കഴിഞ്ഞിരുന്ന രാഹുലിനും പരുക്കായി.
സൂര്യകുമാർ യാദവ് മുതൽ സഞ്ജു സാംസൺ വരെയുള്ളവരെ നാലാം നമ്പറിൽ കളിപ്പിച്ചെങ്കിലും ആരും പ്രതീക്ഷയ്ക്കൊത്തുയർന്നില്ല. ഇപ്പോൾ ലോകകപ്പ് അടുത്തെത്തി നിൽക്കെ യുവതാരം തിലക് വർമയെ ആ പൊസിഷനിൽ പരീക്ഷിക്കണമെന്ന് പല ക്രിക്കറ്റ് നിരീക്ഷകരും അഭിപ്രായപ്പെടുന്നുണ്ട്. പരുക്കിൽനിന്നു മുക്തരാകുന്നതിനു തൊട്ടു പിന്നാലെ രാഹുലിനെയും ശ്രേയസിനെയോ ആ പൊസിഷനിലേക്ക് നിയോഗിക്കുന്നതിലും നല്ലത് തിലക് തന്നെയായിരിക്കുമെന്ന അഭിപ്രായം ശാസ്ത്രി തന്നെ കഴിഞ്ഞ ദിവസം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, അന്താരാഷ്‌ട്ര തലത്തിൽ ട്വന്‍റി20 ക്രിക്കറ്റ് മാത്രം കളിച്ചിട്ടുള്ള തിലക് വർമയെ ഏകദിന ലോകകപ്പിലേക്ക് നേരിട്ട് റിക്രൂട്ട് ചെയ്യുക എന്നതും മറ്റൊരു ചൂതാട്ടമായിരിക്കും.
ആദ്യ ഏഴ് ബാറ്റർമാരിൽ മൂന്ന് ഇടങ്കയ്യൻമാർ വേണമെന്ന ഫോർമുല അനുസരിച്ചാണ് കോഹ്‌ലിയെ നാലാം നമ്പറിൽ കളിപ്പിക്കാമെന്ന് ശാസ്ത്രി വാദിക്കുന്നത്. അതിനായി രോഹിത് ശർമ - ശുഭ്‌മാൻ ഗിൽ ഓപ്പണിങ് സഖ്യം പൊളിക്കേണ്ടി വരും. യശസ്വി ജയ്സ്‌വാൾ, അല്ലെങ്കിൽ ഇഷാൻ കിഷൻ ഇന്നിങ്സ് ഓപ്പൺ ചെയ്താൽ ലെഫ്റ്റ് - റൈറ്റ് കോംബിനേഷനാകും. അങ്ങനെ വരുമ്പോൾ സ്ഥിരം ഓപ്പണർമാരിലൊരാൾ മൂന്നാം നമ്പറിലേക്കിറങ്ങണം. ഗില്ലിനെപ്പോലുള്ള യുവതാരങ്ങളുടെ പൊസിഷൻ മാറ്റുമ്പോൾ അവരുടെ മനോനില കൂടി കണക്കിലെടുക്കേണ്ടതുണ്ട്. ഒന്നോ മൂന്നോ നാലോ ബാറ്റിങ് പൊസിഷനിൽ കളിക്കാനുള്ള പരിചയസമ്പത്ത് ക്യാപ്റ്റൻ രോഹിത് ശർമയ്ക്കുമുണ്ടെന്നും ശാസ്ത്രി ചൂണ്ടിക്കാട്ടുന്നുണ്ട്.
2019 ലോകകപ്പിലെ വില്ലൻ
ഇതേ പ്രതിസന്ധി നേരിട്ട 2019 ലോകകപ്പിൽ കോഹ്‌ലിയെ താഴേക്കിറക്കുന്ന പരീക്ഷണത്തിന് അന്നു ദേശീയ ടീമിന്‍റെ മുഖ്യ പരിശീലകനായിരുന്ന ശാസ്ത്രി തയാറായിരുന്നില്ല. കോഹ്‌ലി അന്നു ടീമിന്‍റെ ക്യാപ്റ്റനമാണ്. അന്നത്തെ ചീഫ് സെലക്റ്റർ എം.എസ്.കെ. പ്രസാദുമായി താൻ ഇക്കാര്യം ചർച്ച ചെയ്തിരുന്നതാണെന്നും ശാസ്ത്രി അവകാശപ്പെടുന്നുണ്ട്. ശിഖർ ധവാൻ, രോഹിത് ശർമ, വിരാട് കോഹ്‌ലി എന്നിവരടങ്ങിയ ടോപ് ഹെവി ബാറ്റിങ് ലൈനപ്പാണ് ഇന്ത്യക്ക് അന്നുണ്ടായിരുന്നത്. ധവാനു പരുക്കേറ്റപ്പോൾ കെ.എൽ. രാഹുൽ ആ സ്ഥാനത്തേക്കു വന്നു. അപ്പോഴും സ്ഥിതിയിൽ മാറ്റമില്ല. മൂവരും പരാജയപ്പെട്ടാൽ അതു ടീമിന്‍റെ പ്രകടനത്തെയാകെ ബാധിക്കുന്ന അവസ്ഥയുണ്ടാകും. അതൊഴിവാക്കാൻ, ടോപ് ത്രീ ബാറ്റിങ് പൊസിഷനുകൾ ബ്രേക്ക് ചെയ്ത് അവരിലൊരാളെ നാലാം നമ്പറിലേക്ക് ഇറക്കി കളിപ്പിക്കുക എന്നതായിരുന്നു ശാസ്ത്രി മുന്നോട്ടുവച്ച നിർദേശം. അത് നിരാകരിച്ചത് ആരാണെന്ന് അദ്ദേഹം തുറന്നു പറയുന്നില്ലെങ്കിലും, സംശയത്തിന്‍റെ വിരൽ എം.എസ്.കെ. പ്രസാദിലേക്കു തന്നെയാണ് നീളുന്നത്.
2019 ലോകകപ്പുമായി ബന്ധപ്പെട്ട് പ്രസാദിന്‍റെ പല തീരുമാനങ്ങളും വിവാദമായിരുന്നു. റായുഡുവിനെ ഒഴിവാക്കി, പകരം ശരാശരി കളിക്കാരനായ വിജയ് ശങ്കറെ 3ഡി പ്ലെയർ എന്ന വിശേഷണത്തോടെ ടീമിൽ ഉൾപ്പെടുത്തിയതായിരുന്നു ഒന്ന്. ആദ്യം ശിഖർ ധവാനും പിന്നീട് വിജയ് ശങ്കറിനും പരുക്കേറ്റപ്പോൾ പോലും റായുഡുവിനെ ടീമിലേക്കു തിരികെ വിളിക്കാൻ സെലക്‌ഷൻ കമ്മിറ്റി തയാറായിരുന്നില്ല. ഇതോടെ വിരമിക്കൽ പ്രഖ്യാപിച്ച റായുഡു, ആഭ്യന്തര ക്രിക്കറ്റിൽ ഒരുമിച്ചു കളിച്ചിരുന്ന കാലത്തെ വ്യക്തി വൈരാഗ്യമാണ് പ്രസാദ് തന്നോടു കാണിക്കുന്നതെന്നു പിന്നീട് ആരോപിക്കുകയും ചെയ്തിരുന്നു.
പ്രോപ്പർ സെക്കൻഡ് ഡൗൺ ബാറ്റർ ഇല്ലാതിരുന്നതാണ് 2019 ലോകകപ്പിൽ ഇന്ത്യക്ക് സെമി ഫൈനലിനപ്പുറത്തേക്കു മുന്നേറാൻ സാധിക്കാതിരുന്നതിനു കാരണമെന്ന് വിദഗ്ധരെല്ലാം സമ്മതിക്കുന്നതാണ്. ഇപ്പോഴത്തെ ടീമിൽ ഓപ്പൺ ചെയ്യാനും മൂന്നാം നമ്പറിൽ കളിക്കാനും ശേഷിയുള്ള കൂടുതൽ ബാറ്റർമാരുള്ള സാഹചര്യത്തിൽ സ്ഥിരം പൊസിഷനുകൾ മാറ്റി പരീക്ഷിക്കണമെന്ന സൂചനയാണ് ശാസ്ത്രി നൽകുന്നത്.
ഇളകാത്ത കസേരകൾ
ലോകകപ്പിനു മുന്നോടിയായുള്ള പരമ്പരകളിൽ ടീം കോംബിനേഷനിൽ പല മാറ്റങ്ങളും വരുത്തി നോക്കിയെങ്കിലും കോഹ്‌ലിയെ നാലാം നമ്പറിൽ ഇറക്കാൻ ടീം മാനെജ്‌മെന്‍റ് ശ്രമിക്കുന്നില്ല. രോഹിത് ശർമ ലോവർ മിഡിൽ ഓർഡറിലേക്കു വരെ ഇറങ്ങി കളിക്കുകയും ചെയ്തിരുന്നു. ഏകദിന ക്രിക്കറ്റിൽ കോഹ്‌ലിക്ക് മൂന്നാം നമ്പറിലുള്ള അസാധാരണ മികവാണ് പൊസിഷൻ മാറ്റാൻ മാനെജ്മെന്‍റ് ധൈര്യപ്പെടാത്തതിനു കാരണം. എന്നാൽ, നാലാം നമ്പറിലും കോഹ്‌ലിയുടെ റെക്കോഡ് ഒട്ടും മോശമല്ലെന്ന് ശാസ്ത്രിയെപ്പോലുള്ളവർ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യ ജേതാക്കളായ 2011 ലോകകപ്പായിരുന്നു കോഹ്‌ലിയുടെ ആദ്യ ലോകകപ്പ്. അന്ന് സച്ചിൻ ടെൻഡുൽക്കർ - വീരേന്ദർ സെവാഗ് ഓപ്പണിങ് സഖ്യത്തിനു ശേഷം ഗൗതം ഗംഭീർ വൺഡൗണായും കോഹ്‌ലി നാലാം നമ്പറിലുമാണ് കളിച്ചിരുന്നത്. അതിനും താഴെ യുവരാജ് സിങ്ങും എം.എസ്. ധോണിയും പകർന്ന ഉറപ്പ് കൂടി ചേർന്നപ്പോഴാണ് ലോകകപ്പ് നേട്ടം യാഥാർഥ്യമായത്. ഇന്നത്തെ ടീമിലും ടോപ് ഓർഡറും ലോവർ മിഡിൽ ഓർഡറും മോശമല്ല, പ്രോപ്പർ മിഡിൽ ഓർഡർ മാത്രമാണ് പ്രശ്നമായി തുടരുന്നത്.
ഗ്രെഗ് ചാപ്പൽ ഇന്ത്യൻ പരിശീലകനായിരുന്നപ്പോഴും ബാറ്റിങ് പൊസിഷൻ സംബന്ധിച്ച് ചൂടേറിയ തർക്കവിതർക്കങ്ങൾ ഉണ്ടായിട്ടുണ്ട്. അദ്ദേഹം സച്ചിൻ ടെൻഡുൽക്കറെ ഓപ്പണിങ് പൊസിഷനിൽ നിന്ന് മധ്യനിരയിലേക്കിറക്കിയത് സച്ചിന്‍റെ ആരാധകർക്കു ദഹിച്ചിരുന്നില്ല. വീരേന്ദർ സെവാഗ് - ഗൗതം ഗംഭീർ ഓപ്പണിങ് സഖ്യത്തിന്‍റെ മികവ് കണക്കിലെടുത്തായിരുന്നു ചാപ്പലിന്‍റെ അന്നത്തെ തീരുമാനം. സുരേഷ് റെയ്നയെ മൂന്നാം നമ്പറിൽ പരീക്ഷിച്ചു വിജയിച്ചതും അതേ സമയത്തു തന്നെ.
പൊതുവേ വിവാദങ്ങൾക്കു നിൽക്കാത്ത സച്ചിൻ പോലും തന്‍റെ ബാറ്റിങ് പൊസിഷൻ മാറ്റിയതിലെ അതൃപ്തി പിന്നീട് പരസ്യമാക്കിയിട്ടുണ്ട്. ഏകദിന ക്രിക്കറ്റിൽ സ്ഥിരം ഓപ്പണറായിരുന്ന സച്ചിൻ, ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യ നിലവാരമുള്ള ഓപ്പണർമാരെ കണ്ടെത്താൻ ബുദ്ധിമുട്ടിയിരുന്ന കാലഘട്ടത്തിലും ആ ഫോർമാറ്റിൽ ഓപ്പണിങ് പൊസിഷൻ സ്വീകരിക്കാൻ തയാറായിരുന്നില്ല. ദിനേശ് കാർത്തിക്കും പാർഥിവ് പട്ടേലും യുവരാജ് സിങ്ങും ഹേമാങ് ബദാനിയും സഞ്ജയ് ബംഗാറും ഇർഫാൻ പഠാനും വരെ ടെസ്റ്റ് ഓപ്പണറുടെ ചേരാത്ത കുപ്പായമിട്ട കാലമായിരുന്നു അത്. താത്കാലിക ഓപ്പണറായി അന്നു ശോഭിക്കാൻ സാധിച്ചത് ഇന്നത്തെ കോച്ച് രാഹുൽ ദ്രാവിഡിനു മാത്രം. ഇടക്കാലത്ത് വിക്കറ്റ് കീപ്പറുമായിരുന്ന ദ്രാവിഡിനെക്കുറിച്ച് പ്രശസ്ത ക്രിക്കറ്റ് കമന്‍റേറ്റർ ഹർഷ ഭോഗ്‌ലെ പറഞ്ഞ പ്രശസ്തമായ വാക്കുകൾ ആ കാലഘട്ടത്തിന്‍റെ സംഭാവനയാണ്- ''ടീമിനു വേണ്ടി വെള്ളത്തിനു മുകളിലൂടെ നടക്കണമെന്നു നിങ്ങൾ ദ്രാവിഡിനോടു പറയൂ, എത്ര കിലോമീറ്റർ നടക്കണമെന്ന് അദ്ദേഹം തിരിച്ചു ചോദിക്കും.''
ഇന്നത്തെ ഇന്ത്യൻ ടീമിൽ, വെള്ളത്തിനു മുകളിലൂടെ നടക്കാൻ തയാറുള്ള എത്ര ക്രിക്കറ്റർമാരുണ്ടെന്ന ചോദ്യം തന്നെയാവാം ശാസ്ത്രിയും പരോക്ഷമായി ഉന്നയിക്കുന്നത്.