

ഡാറി മിച്ചൽ
മൗണ്ട് മൗഗനുയി: ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ന‍്യൂസിലൻഡിന് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ ഉയർത്തിയ 224 റൺസ് വിജയലക്ഷ‍്യം ന‍്യൂസിലൻഡ് 36.4 ഓവറിൽ 4 വിക്കറ്റ് ശേഷിക്കെ മറികടന്നു. ന‍്യൂസിലൻഡിനു വേണ്ടി ഡാറി മിച്ചലും മൈക്കൽ ബ്രേസ്‌വെല്ലും (51) അർധസെഞ്ചുറികൾ നേടി.
78 റൺസ് നേടി പുറത്താവാതെ നിന്ന ഡാറി മിച്ചലാണ് ടീമിന്‍റെ ടോപ് സ്കോറർ. ഇരുവർക്കും പുറമെ ക‍്യാപ്റ്റൻ മിച്ചൽ സാന്‍റ്നർ (27) , ടോം ലാഥം (24) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. അതേസമയം തിരിച്ചുവരവ് മത്സരത്തിൽ കെയ്ൻ വില‍്യംസണ് മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. ഒരു റൺസ് പോലും നേടാനാവാതെ താരം മടങ്ങുകയായിരുന്നു.
ഹാരി ബ്രൂക്ക്
വിജയലക്ഷ‍്യം പിന്തുടരാൻ ബാറ്റേന്തിയ ന‍്യൂസിലൻഡിന് മോശം തുടക്കമായിരുന്നു ലഭിച്ചത്. 11.2 ഓവർ പൂർത്തിയായപ്പോൾ തന്നെ ടീമിന് നാലു വിക്കറ്റുകൾ നഷ്ടമായിരുന്നു. ഓപ്പണിങ് ബാറ്റർ വിൽ യങ് (5), കെയ്ൻ വില‍്യംസൺ (0), രച്ചിൻ രവീന്ദ്ര (17), ടോം ലാഥം എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. എന്നാൽ അഞ്ചാം വിക്കറ്റിൽ മിച്ചൽ - ബ്രേസ്‌വെൽ സഖ‍്യം ചേർത്ത 92 റൺസ് കൂട്ടുകെട്ടാണ് ടീമിനെ കൂട്ട തകർച്ചയിൽ നിന്നും കരകയറ്റിയത്.
പിന്നീട് ബ്രേസ്‌വെൽ റണ്ണൗട്ടായെങ്കിലും ക‍്യാപ്റ്റൻ മിച്ചൽ സാന്‍റ്നറുടെ പ്രകടനം ടീമിനെ വിജയത്തിനരിക്കെ എത്തിച്ചു. പിന്നീട് സാന്‍റ്നർ പുറത്തായെങ്കിലും നഥാൻ സ്മിത്തിനൊപ്പം ചേർന്ന് ഡാറി മിച്ചൽ മത്സരം ഫിനിഷ് ചെയ്തു. ഇംഗ്ലണ്ടിനു വേണ്ടി ബ്രൈഡൻ കാർസ് മൂന്നും ലൂക്ക് വുഡ്, ആദിൽ റഷീദ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ആദ‍്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഹാരി ബ്രൂക്കിന്‍റെ കരുത്തിലാണ് 224 റൺസ് വിജയലക്ഷ‍്യം ഉയർത്തിയത്. 101 പന്തിൽ 11 സിക്സും 9 ബൗണ്ടറികളും ഉൾപ്പടെ 135 റൺസ് അടങ്ങുന്നതായിരുന്നു താരത്തിന്‍റെ ബാറ്റിങ് പ്രകടനം. ഹാരി ബ്രൂക്കിനു പുറമെ ജാമി ഓവർടണിനു (46) മാത്രമാണ് രണ്ടക്കം കടക്കാനായത്. മറ്റു താരങ്ങളെല്ലാരും നിരാശപ്പെടുത്തി. ന‍്യൂസിലൻഡിനു വേണ്ടി സക്കാരി ഫൗക്സ് നാലും ജേക്കഭ് ഡഫി മൂന്നും മാറ്റ് ഹെൻറി രണ്ടും മിച്ചൽ സാന്‍റ്‌നർ ഒരു വിക്കറ്റും വീഴ്ത്തി.