
അഭിഷേക് ശർമ, സ്മൃതി മന്ഥന, കുൽദീപ് യാദവ്.
MV Graphics
ദുബായ്: ഇന്‍റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ICC) മാസം തോറും മികച്ച കളിക്കാർക്കു നൽകി വരുന്ന പുരസ്കാരത്തിന് (ICC Player of the Month) സെപ്റ്റംബർ മാസത്തേക്ക് മൂന്ന് ഇന്ത്യൻ താരങ്ങൾക്ക് നാമനിർദേശം. പുരുഷ വിഭാഗത്തിൽ അഭിഷേക് ശർമ, കുൽദീപ് യാദവ്, വനിതാ വിഭാഗത്തിൽ സ്മൃതി മന്ഥാന എന്നിവരാണ് നാമനിർദേശം ചെയ്യപ്പെട്ടിരിക്കുന്നത്.
ടി20 സ്പെഷ്യലിസ്റ്റായ അഭിഷേക് ശർമ യുഎഇയിൽ നടന്ന ഏഷ്യ കപ്പിൽ ഇന്ത്യക്കു കിരീടം നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കാണ് വഹിക്കുന്നത്. ഏഴ് ടി20 മത്സരങ്ങളിൽ നിന്ന് 200 എന്ന അസാമാന്യ സ്ട്രൈക്ക് റേറ്റിൽ മൂന്ന് അർധസെഞ്ചുറികൾ ഉൾപ്പെടെ 314 റൺസ് നേടിയ അഭിഷേകിനെ 'പ്ലെയർ ഓഫ് ദി ടൂർണമെന്‍റ്' ആയി തെരഞ്ഞെടുത്തിരുന്നു. 25 വയസുകാരനായ താരം 931 പോയിന്‍റുമായി പുരുഷ ടി20 ക്രിക്കറ്റിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ബാറ്റിങ് റേറ്റിങ്ങിലും എത്തി.
ഏഷ്യ കപ്പിൽ പാക്കിസ്ഥാനെ മൂന്ന് തവണ തോൽപ്പിച്ച് ഇന്ത്യ കിരീടം നേടിയപ്പോൾ, കുൽദീപ് യാദവ് സ്വപ്നതുല്യമായ പ്രകടനമാണ് നടത്തിയത്. 6.27 എന്ന ഇക്കോണമി റേറ്റിൽ 17 വിക്കറ്റുകൾ നേടി കുൽദീപ് വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമതെത്തി. യുഎഇക്കെതിരേ 4/7 എന്ന പ്രകടനത്തോടെ ഏഷ്യാ കപ്പ് ആരംഭിച്ച അദ്ദേഹം, പാക്കിസ്ഥാനെതിരായ ഫൈനലിൽ 4/30 എന്ന മികച്ച പ്രകടനത്തോടെയാണ് ടൂർണമെന്‍റ് പൂർത്തിയാക്കിയത്.
പുരുഷ വിഭാഗത്തിൽ സിംബാബ്‌വെ താരം ബ്രയാൻ ബെന്നറ്റാണ് നാമനിർദേശം ചെയ്യപ്പെട്ട മറ്റൊരു താരം. ഒൻപത് ടി20 മത്സരങ്ങളിൽ 55.22 ശരാശരിയിലും 165.66 സ്ട്രൈക്ക് റേറ്റിലും 497 റൺസാണ് അദ്ദേഹം നേടിയത്. ഈ പ്രകടനം സിംബാബ്‌വെക്ക് 2026 ടി20 ലോകകപ്പിന് യോഗ്യത നേടാൻ സഹായകമായി.
വനിതാ വിഭാഗത്തിൽ ഓസ്‌ട്രേലിയക്കെതിരേ നടന്ന മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയിലെ 'പ്ലെയർ ഓഫ് ദി സീരീസ്' പുരസ്‌കാരം നേടിയ സ്മൃതി മന്ഥാനയെയും ഐസിസി 'പ്ലെയർ ഓഫ് ദി മന്ത്' അവാർഡിനായി നാമനിർദേശം ചെയ്തു.
സെപ്റ്റംബറിൽ നാല് ഏകദിനങ്ങളിൽ നിന്ന് 77 ശരാശരിയിലും 135.68 സ്ട്രൈക്ക് റേറ്റിലുമായി 308 റൺസാണ് ഈ ഇടംകൈയ്യൻ ബാറ്റർ നേടിയത്.
ഓസ്‌ട്രേലിയക്കെതിരേ 58, 117, 125 എന്നിങ്ങനെ സ്കോറുകൾ നേടിയ അവർ ആദ്യ കളിയിലെ തോൽവിക്കു ശേഷം അടുത്ത മത്സരത്തിൽ സെഞ്ചുറി നേടി പരമ്പര സമനിലയിലാക്കാൻ ആതിഥേയരെ സഹായിച്ചു. പാക്കിസ്ഥാന്‍റെ സിദ്ര അമീൻ, ദക്ഷിണാഫ്രിക്കയുടെ തസ്മിൻ ബ്രിറ്റ്സ് എന്നിവരാണ് വനിതാ വിഭാഗത്തിൽ നാമനിർദേശം ചെയ്യപ്പെട്ട മറ്റ് താരങ്ങൾ.