ഓപ്പണർ പത്താം നമ്പറിൽ; തല തിരിച്ച ബാറ്റിങ് ഓർഡറും കേരളത്തെ തുണച്ചില്ല

രഞ്ജി ട്രോഫിയിൽ തുടരെ രണ്ടാം മത്സരത്തിലും ഒന്നാമിന്നിങ്സ് ലീഡും സമനിലയും വഴങ്ങിയ കേരളത്തിന്‍റെ നില പരുങ്ങലിൽ
രഞ്ജി ട്രോഫി കേരളം - പഞ്ചാബ് | Kerala vs Punjab Ranji Trophy

ജയിക്കാത്ത കളിയിലെ ഹീറോസ്: കേരള താരങ്ങൾ അങ്കിത് ശർമ (4 വിക്കറ്റും 62 റൺസും), അഹമ്മദ് ഇമ്രാൻ 86 റൺസ്).

Updated on

ചണ്ഡിഗഢ്: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളം തുടരെ രണ്ടാം മത്സരത്തിലും ഒന്നാമിന്നിങ്സ് ലീഡും സമനിലയും വഴങ്ങി. പഞ്ചാബിനെതിരേ കേരളത്തിന്‍റെ ആദ്യ ഇന്നിങ്സ് 371 റൺസിന് അവസാനിക്കുകയായിരുന്നു. ഇതോടെ പഞ്ചാബ് 65 റൺസിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കി. രണ്ടാം ഇന്നിങ്സിൽ പഞ്ചാബ് വിക്കറ്റ് പോകാതെ 15 റൺസെടുത്ത് നിൽക്കെയാണ് മത്സരം സമനിലയിൽ അവസാനിപ്പിച്ചത്. ലീഡിന്‍റെ മികവിൽ പഞ്ചാബിന് മത്സരത്തിൽ നിന്ന് മൂന്ന് പോയിന്‍റ് ലഭിച്ചു. കേരളം ഒരു പോയിന്‍റ് നേടി. ആദ്യ മത്സരത്തിൽ മഹാരാഷ്ട്രക്കെതിരേയും കേരളം ഒരു പോയിന്‍റ് മാത്രമാണു നേടിയത്. ആദ്യ ഇന്നിങ്സിൽ പഞ്ചാബിന് വേണ്ടി 170 റൺസെടുത്ത ഹർനൂർ സിങ്ങാണ് പ്ലെയർ ഓഫ് ദി മാച്ച്.

കഴിഞ്ഞ സീസണിൽ ഒരു പരിധി വരെ പരീക്ഷിച്ചു വിജയിച്ച റിവേഴ്സ് ബാറ്റിങ് ഓർഡർ പഞ്ചാബിനെതിരേ കൂടുതൽ വ്യക്തമായി പുറത്തെടുത്തായിരുന്നു ഇത്തവണ കേരളത്തിന്‍റെ പരീക്ഷണം. ടോപ് ഓർഡർ ബാറ്റർമാരായ രോഹൻ കുന്നുമ്മൽ നാലാമതും, ബാബാ അപരാജിത് ഏഴാമതും അഹമ്മദ് ഇമ്രാൻ എട്ടാമതും ഷോൺ റോജർ ഒമ്പതാമതും, സ്പെഷ്യലിസ്റ്റ് ഓപ്പണർ അക്ഷയ് ചന്ദ്രൻ പത്താമതുമാണ് ബാറ്റ് ചെയ്യാനിറങ്ങിയത്. യുവതാരം വത്സൽ ഗോവിന്ദിനൊപ്പം കേരളത്തിന്‍റെ ഇന്നിങ്സ് ഓപ്പൺ ചെയ്തത് പേസ് ബൗളർ എൻ.പി. ബേസിൽ!

അവസാന ദിവസം കളി തുടങ്ങുമ്പോൾ ബാബാ അപരാജിതും അഹമ്മദ് ഇമ്രാനും ചേർന്നുള്ള കൂട്ടുകെട്ടിലായിരുന്നു കേരളത്തിന്‍റെ പ്രതീക്ഷ. എന്നാൽ, ഇരുവരും ചേർന്ന് 20 റൺസ് കൂടി മാത്രമാണ് കൂട്ടിച്ചേർത്തത്. അർധസെഞ്ച്വറി പൂർത്തിയാക്കി നിലയുറപ്പിച്ചെന്ന് തോന്നിച്ച ഘട്ടത്തിലാണ് അപരാജിത് പുറത്തായത്. 51 റൺസെടുത്ത അപരാജിത് ആയുഷ് ഗോയലിന്‍റെ പന്തിൽ ക്ലീൻ ബൗൾഡാവുകയായിരുന്നു. തുടർന്നെത്തിയ ഷോൺ റോജറിനൊപ്പം അഹമ്മദ് ഇമ്രാൻ ഇന്നിങ്സ് മുന്നോട്ട് നീക്കി. എട്ടാം വിക്കറ്റിൽ 78 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തത്. കേരളത്തിന്‍റെ ഇന്നിങ്സിലെ ഏറ്റവും മികച്ച കൂട്ടുകെട്ടും ഇത് തന്നെയായിരുന്നു.

ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഏഴ് വിക്കറ്റിന് 323 റൺസെന്ന നിലയിലായിരുന്നു കേരളം. ഇടവേളയ്ക്ക് ശേഷം മത്സരം തുടങ്ങി വൈകാതെ ഷോൺ റോജറുടെ വിക്കറ്റ് നഷ്ടമായി. 27 റൺസെടുത്ത ഷോൺ റോജറെ എൽബിഡബ്ല്യുവിൽ കുടുക്കി ആയുഷ് ഗോയലാണ് കൂട്ടുകെട്ട് അവസാനിപ്പിച്ചത്. 15 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ കേരളത്തിന് അഹമ്മദ് ഇമ്രാന്‍റെ വിക്കറ്റും നഷ്ടമായി. 86 റൺസെടുത്ത ഇമ്രാൻ കൃഷ് ഭഗതിന്‍റെ പന്തിൽ സലീൽ അറോറ ക്യാച്ചെടുത്താണ് പുറത്തായത്. 10 ബൗണ്ടറികൾ അടങ്ങുന്നതായിരുന്നു കേരളത്തിന്‍റെ ടോപ് സ്കോറർ കൂടിയായ അഹമ്മദ് ഇമ്രാന്‍റെ ഇന്നിങ്സ്.

തുടർന്നെത്തിയ എം.ഡി. നിധീഷ് അക്കൗണ്ട് തുറക്കും മുൻപേ പുറത്തായതോടെ കേരളത്തിന്‍റെ ഇന്നിങ്സ് 371ന് അവസാനിച്ചു. അക്ഷയ് ചന്ദ്രൻ 13 റൺസുമായി പുറത്താകാതെ നിന്നു. പഞ്ചാബിനു വേണ്ടി കൃഷ് ഭഗത് നാലും ആയുഷ് ഗോയൽ, നമൻ ധീർ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

സ്കോർ:

പഞ്ചാബ് ആദ്യ ഇന്നിങ്സ് - 436, രണ്ടാം ഇന്നിങ്സ് - 15/0

കേരളം ആദ്യ ഇന്നിങ്സ് - 371

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com