ബാസ്ബോൾപ്പടയെ പൂട്ടി; ആഷസിൽ ഓസീസിന് അനായാസ ജയം

ഇംഗ്ലണ്ട് ഉയർത്തിയ 205 റൺസ് വിജയലക്ഷ‍്യം ഓസീസ് 8 വിക്കറ്റ് ശേഷിക്കെ മറികടന്നു
australia vs england ashes 1st test match

ടീം ഓസീസ്

Updated on

പെർത്ത്: ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിലെ ആദ‍്യ മത്സരത്തിൽ ഓസ്ട്രേലിയയ്ക്ക് ജയം. ഇംഗ്ലണ്ട് ഉയർത്തിയ 205 റൺസ് വിജയലക്ഷ‍്യം ഓസീസ് 8 വിക്കറ്റ് ശേഷിക്കെ മറികടന്നു. ഇതോടെ അഞ്ച് ടെസ്റ്റ് മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ഓസീസ് 1-0ന് മുന്നിലെത്തി. ട്രാവിസ് ഹെഡ് നേടിയ തകർപ്പൻ സെഞ്ചുറിയാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. 83 പന്തുകൾ നേരിട്ട ഹെഡ് 16 ബൗണ്ടറിയും 4 സിക്സറുകളും ഉൾപ്പടെ 123 റൺസാണ് അടിച്ചെടുത്തത്. ആഷസ് ചരിത്രത്തിലെ രണ്ടാമത്തെ വേഗതയേറിയ സെഞ്ചുറിയാണ് പെർത്തിൽ ട്രാവിസ് ഹെഡ് നേടിയത്. 69 പന്തിലായിരുന്നു താരത്തിന്‍റെ സെഞ്ചുറി.

ഹെഡിനു പുറമെ മാർനസ് ലബുഷെയ്ൻ (51) അർധസെഞ്ചുറി തികച്ചു. അരങ്ങേറ്റ താരം ജേക്ക് വെതറാൾഡിന് 23 റൺസ് മാത്രമാണ് നേടാനായത്. ക‍്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് രണ്ടു റൺസ് നേടി പുറത്താവാതെ നിന്നു. ഇംഗ്ലണ്ടിനു വേണ്ടി ബ്രൈഡൻ കാർസ് രണ്ടു വിക്കറ്റ് വീഴ്ത്തി. ഉസ്മാൻ ഖവാജയ്ക്ക് പരുക്കേറ്റതിനാലാണ് ഓപ്പണറായി ട്രാവിസ് ഹെഡ് ജേക്ക് വെതറാൾഡിനൊപ്പം ഓപ്പണിങ്ങിറങ്ങിയത്. തുടക്കത്തിലെ തന്നെ ആക്രമണോത്സുക പുറത്തെടുത്ത് ബാറ്റു വീശിയ ഹെഡ് ബാസ്ബോൾപ്പടയെ അടിച്ചൊതുക്കി. ഹെഡിനൊപ്പം ജേക്ക് വെതാറാൾഡ് അൽപ്പ നേരം പിടിച്ചു നിന്നതോടെ 11.3 ഓവറിൽ ഓസീസിന് വിക്കറ്റ് നഷ്ടമില്ലാതെ 75 റൺസ് അടിച്ചെടുക്കാൻ ടീമിന് സാധിച്ചു. വെതറാൾഡിനെ ബ്രൈഡൻ കാർസ് പുറത്താക്കിയെങ്കിലും മാർനസിനൊപ്പം ചേർന്ന് റൺസ് ഉയർത്തിയ ഹെഡ് ടീമിനെ വിജയത്തിനരികെയെത്തിച്ചു. പിന്നീട് ഹെഡ് പുറത്തായെങ്കിലും മാർ‌നസും സ്മിത്തും ചേർന്ന് വിജയലക്ഷ‍്യം മറികടന്നു.

<div class="paragraphs"><p>സെഞ്ചുറി നേടിയ ട്രാവിസ് ഹെഡിന്‍റെ ആഹ്ലാദ പ്രകടനം</p></div>

സെഞ്ചുറി നേടിയ ട്രാവിസ് ഹെഡിന്‍റെ ആഹ്ലാദ പ്രകടനം

നേരത്തെ ഒന്നാം ഇന്നിങ്സിൽ 172 റൺസ് നേടിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സിൽ 164 റൺസ് മാത്രമാണ് അടിച്ചെടുത്തത്. നാലു വിക്കറ്റ് വീഴ്ത്തിയ സ്കോട്ട് ബോലൻഡും മൂന്നു വിക്കറ്റ് വീഴ്ത്തിയ മിച്ചൽ സ്റ്റാർക്കും രണ്ടു വിക്കറ്റ് വീഴ്ത്തിയ ബ്രണ്ടൻ ഡോഗെറ്റും ചേർന്നാണ് ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടത്. 37 റൺസ് നേടിയ ഗസ് അറ്റ്കിൻസനായിരുന്നു ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറർ. ഒല്ലി പോപ്പ് 33 റൺസും ബെൻ ഡക്കറ്റ് 28 റൺസും നേടിയിരുന്നു. 40 റൺസ് ഒന്നാം ഇന്നിങ്സ് ലീഡുമായി രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് മോശം തുടക്കമാണ് ലഭിച്ചത്. ആദ‍്യ ഓവറിൽ തന്നെ ഓപ്പണിങ് ബാറ്റർ സാക് ക്രോളിയെ നഷ്ടമായി (0), രണ്ടാം വിക്കറ്റിൽ ഒല്ലി പോപ്പും ബെൻ ഡക്കറ്റും ചേർന്ന് 65 റൺസിന്‍റെ കൂട്ടുകെട്ട് പടുത്തുയർത്തി ടീമിനെ മുന്നോട്ടു നയിച്ചെങ്കിലും ഇരുവരെയും പുറത്താക്കികൊണ്ട് സ്കോട്ട് ബോലൻഡ് മറുപടി നൽകി.

ജോ റൂട്ടിനെ മിച്ചൽ സ്റ്റാർക്കും ഹാരി ബ്രൂക്കിനെ ബോലൻഡും പൂജ‍്യത്തിന് പുറത്താക്കി. പിന്നാലെയെത്തിയ ക‍്യാപ്റ്റൻ ബെൻ സ്റ്റോക്സും 2 റൺസെടുത്ത് പുറത്തായതോടെ ഇംഗ്ലണ്ട് 5 വിക്കറ്റ് നഷ്ടത്തിൽ 76 റൺസെന്ന നിലയിലായി. പിന്നീട് ഗസ് അറ്റ്കിൻസൻ നേടിയ 37 റൺസാണ് ടീമിനെ 100 കടത്തിയത്. അറ്റ്കിൻസനൊപ്പം ബ്രൈഡൻ കാർസ് പിന്തുണ നൽകിയതോടെ എട്ടാം വിക്കറ്റിൽ ഇരുവരും 50 റൺസിന്‍റെ കൂട്ടുകെട്ട് നേടി. പിന്നീട് കാർസിനെയും ജോഫ്രാ ആർച്ചറെയും ഡോഗെറ്റും അറ്റ്കിൻസനെ ബോലൻഡും മടക്കിയതോടെ ഇംഗ്ലണ്ട് ഇന്നിങ്സ് 164 റൺസിൽ അവസാനിക്കുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com