
ഒരോവറിൽ 5 സിക്സർ പറത്തി നബി; എന്നിട്ടും കളി തോറ്റു
അബുദാബി: അഫ്ഗാനിസ്ഥാനെതിരായ ഏഷ‍്യ കപ്പ് മത്സരത്തിൽ ശ്രീലങ്കയ്ക്ക് 6 വിക്കറ്റ് ജയം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത അഫ്ഗാനിസ്ഥാൻ ഉയർത്തിയ 170 റൺസ് വിജയലക്ഷ‍്യം ശ്രീലങ്ക 18.4 ഓവറിൽ മറികടന്നു. ഇതോടെ ശ്രീലങ്ക സൂപ്പർ ഫോറിലേക്ക് പ്രവേശിക്കുകയും അഫ്ഗാനിസ്ഥാൻ ടൂർണമെന്‍റിൽ നിന്നും പുറത്താവുകയും ചെയ്തു.
52 പന്തിൽ നിന്നും 10 ബൗണ്ടറി ഉൾപ്പെടെ 74 റൺസ് നേടിയ കുശാൽ മെൻഡിസിന്‍റെ അർധ സെഞ്ചുറിയാണ് ടീമിന് കരുത്തേകിയത്. കുശാലിനു പുറമെ കാമിന്ദു മെൻഡിസ് (28), കുശാൽ പെരേര (28) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
അർധ സെഞ്ചുറി നേടിയ കുശാൽ മെൻഡിസ്
സ്റ്റാർ ബാറ്റർ പാത്തും നിസങ്ക (6) കാമിൽ മിശാര (4) എന്നിവർ നിരാശപ്പെടുത്തി. അഫ്ഗാനിസ്ഥാനു വേണ്ടി മുജീബ് ഉർ റഹ്മാൻ, അസ്മത്തുള്ള ഒമർസായ്, മുഹമ്മദ് നബി, നൂർ അഹമ്മദ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. ആദ‍്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ മുഹമ്മദ് നബിയുടെ വെടിക്കെട്ട് ഇന്നിങ്സിന്‍റെ ബലത്തിലാണ് 169 റൺസിലെത്തിയത്. 22 പന്തിൽ 6 സിക്സ്റുകളും 3 ബൗണ്ടറിയും ഉൾപ്പെടെ 60 റൺസാണ് താരം അടിച്ചു കൂട്ടിയത്. ദുനിത് വെല്ലാലഗെയെറിഞ്ഞ അവസാന ഓവറിൽ അഞ്ചു സിക്സറാണ് നബിയുടെ ബാറ്റിൽ നിന്നും പറന്നത്.
ശ്രീലങ്കയ്ക്കു വേണ്ടി നാലു ഓവറിൽ 18 റൺസ് മാത്രം വിട്ടുകൊടുത്ത് നാലു വിക്കറ്റ് വീഴ്ത്തിയ നുവാൻ തുഷാര മികച്ച പ്രകടനം പുറത്തെടുത്തു. തുഷാരയ്ക്കു പുറമെ ദുഷ്മന്ത ചമീര, ദുനിത് വെല്ലാലഗെ ദസുൻ ഷാനക, എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.