ഐപിഎൽ പ്ലേ ഓഫിലെത്തുന്ന നാലാം ടീം ഏത്, തീരാത്ത കൺഫ്യൂഷൻ

ഇനിയുള്ള സമവാക്യം ഇങ്ങനെ: 3 ടീമുകൾ പ്ലേ ഓഫ് ഉറപ്പിച്ചു. ആർസിബി - സിഎസ്‌കെ മത്സരത്തിലെ ജയപരാജയങ്ങളും നെറ്റ് റൺ റേറ്റും നാലാമത്തെ ടീമിനെ തീരുമാനിക്കും
ഐപിഎൽ പ്ലേ ഓഫിലെത്തുന്ന നാലാം ടീം ഏത്, തീരാത്ത കൺഫ്യൂഷൻ
ഗുരുശിഷ്യൻമാർ നേർക്കുനേർ: എം.എസ്. ധോണിയും വിരാട് കോലിയും.File photo

ഐപിഎൽ പ്ലേഓഫിൽ ആരൊക്കെ കളിക്കുമെന്ന കണക്കിന്‍റെ കോംപ്ലിക്കേഷൻ കുറഞ്ഞെങ്കിലും അവസാനിച്ചിട്ടില്ല. ഇനിയുള്ള സമവാക്യം ഇങ്ങനെ: മൂന്നു ടീമുകൾ പ്ലേ ഓഫ് ഉറപ്പിച്ചു. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ചെന്നൈ സൂപ്പർ കിങ്സും തമ്മിലുള്ള മത്സരത്തിന്‍റെ അടിസ്ഥാനത്തിൽ നാലാമത്തെ ടീമിന്‍റെ കാര്യം തീരുമാനിക്കപ്പെടും.

സൺറൈസേഴ്സ് ഹൈദരാബാദും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള മത്സരം കഴ കാരണം ഉപേക്ഷിച്ചതോടെയാണ് സാധ്യതകൾ വ്യക്തമായത്. ഉപേക്ഷിച്ച മത്സരത്തിൽ നിന്നു ലഭിച്ച ഒരു പോയിന്‍റുമായി എസ്ആർഎച്ച് പ്ലേഓഫിൽ ഇടം ഉറപ്പിക്കുകയായിരുന്നു. ജിടി നേരത്തെ തന്നെ പുറത്തായ ടീമാണ്.

കോൽക്കത്ത നൈറ്റ് റൈഡേഴ്സും രാജസ്ഥാൻ റോയൽസും നേരത്തെ തന്നെ പ്ലേഓഫ് ഉറപ്പിച്ച ടീമുകളാണ്. ഒന്നാം സ്ഥാനം കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉറപ്പാക്കിക്കഴിഞ്ഞു. 13 കളിയിൽ നേടിയ അവരുടെ 19 പോയിന്‍റ് മറികടക്കാൻ ഇനിയാർക്കും സാധിക്കില്ല. അതിനാൽ, ഇനി പ്രധാന മത്സരം പ്ലേഓഫിലെത്തുന്ന നാലാമത്തെ ടീം ഏതെന്നു തീരുമാനിക്കാനാണ്.

നിർണായകമായ രണ്ടാം സ്ഥാനത്ത് ആരെന്നും വരും മത്സരങ്ങളിൽ നിർണയിക്കപ്പെടും. ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുന്ന ടീമുകൾ പരസ്പരം മത്സരിച്ച്, ജയിക്കുന്നവർ ഫൈനലിൽ കടക്കുന്ന രീതിയിലാണ് ഐപിഎൽ പ്ലേഓഫ്. ഇതിൽ തോൽക്കുന്നവർ, മൂന്നും നാലും സ്ഥാനക്കാർ തമ്മിലുള്ള മത്സരത്തിലെ ജേതാവിനെ നേരിടണം. ഈ മത്സരത്തിൽ ജയിക്കുന്നവരായിരിക്കും രണ്ടാം ഫൈനലിസ്റ്റുകൾ.

ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുന്നവർക്ക് ഒറ്റ ജയം കൊണ്ട് ഫൈനലിലെത്താം എന്നതാണ് ആ രണ്ടു സ്ഥാനങ്ങളുടെ ആനുകൂല്യം. മൂന്നും നാലും സ്ഥാനക്കാർക്ക് ഫൈനൽ കളിക്കണമെങ്കിൽ തുടരെ രണ്ടു മത്സരം ജയിക്കണം, കപ്പ് നേടണമെങ്കിൽ തുടരെ മൂന്നു മത്സരവും ജയിക്കണം.

ഇനിയുള്ള സാധ്യതകൾ എങ്ങനെയൊക്കെ എന്നു പരിശോധിക്കാം:

സൺറൈസേഴ്സ് ഹൈദരാബാദ്

13 കളി, 15 പോയിന്‍റ്, അടുത്ത എതിരാളി പഞ്ചാബ് കിങ്സ്

അവസാന മത്സരത്തിൽ പഞ്ചാബിനെ തോൽപ്പിച്ചാൽ സൺറൈസേഴ്സിന് 17 പോയിന്‍റാകും. എന്നാൽ, രാജസ്ഥാൻ റോയൽസ് അവസാന മത്സരം ജയിച്ചാൽ 18 പോയിന്‍റുമായി രാജസ്ഥാൻ രണ്ടാം സ്ഥാനത്തെത്താം. സൺറൈസേഴ്സ് ജയിക്കുകയും രാജസ്ഥാൻ തോൽക്കുകയും ചെയ്താൽ സൺറൈസേഴ്സ് രണ്ടാം സ്ഥാനക്കാരാകും. എന്നാൽ, സൺറൈസേഴ്സിന്‍റെ അവസാന മത്സരം ഉപേക്ഷിക്കപ്പെട്ടാൽ രാജസ്ഥാൻ തോറ്റാലും പോയിന്‍റ് ടേബിളിൽ അവരെക്കാൾ മുകളിലായിരിക്കും. സൺറൈസേഴ്സ് ഏഴു കളി ജയിച്ചപ്പോൾ രാജസ്ഥാൻ എട്ടു കളി ജയിച്ചിട്ടുള്ളതാണ് കാരണം.

രാജസ്ഥാൻ റോയൽസ്

13 കളി, 16 പോയിന്‍റ്, അടുത്ത എതിരാളി കോൽക്കത്ത നൈറ്റ് റൈഡേഴ്സ്

കോൽക്കത്തയെ തോൽപ്പിച്ചാൽ രാജസ്ഥാന് ഉറപ്പായും രണ്ടാം സ്ഥാനം ലഭിക്കും. തോറ്റിട്ടും രണ്ടാം സ്ഥാനം കിട്ടണമെങ്കിൽ സൺറൈസേഴ്സ് ഹൈദരാബാദിനും ചെന്നൈ സൂപ്പർ കിങ്സിനും അവരുടെ അവസാന മത്സരങ്ങളിൽ ഓരോ പോയിന്‍റിൽ കൂടുതൽ കിട്ടാൻ പാടില്ല. കെകെആറിനോട് രാജസ്ഥാൻ തോൽക്കുകയും, സൺറൈസേഴ്സും സിഎസ്‌കെയും അവരുടെ അവസാന മത്സരങ്ങൾ ജയിക്കുകയും ചെയ്താൽ രാജസ്ഥാൻ നാലാം സ്ഥാനത്തേക്കു വീഴും.

റോയൽ ചലഞ്ചേഴ്സ് ബംഗളൂരു

13 കളി, 12 പോയിന്‍റ്, അടുത്ത എതിരാളി ചെന്നൈ സൂപ്പർ കിങ്സ്

ആർസിബിയുടെ കാര്യത്തിൽ കാര്യങ്ങൾ ഇപ്പോഴും അത്ര സ്ട്രെയ്റ്റ് ഫോർവേഡല്ല. ചെന്നൈയെ വെറുതേ തോൽപ്പിച്ചാലൊന്നും അവർക്ക് പ്ലേ ഓഫിലെത്താൻ കഴിയില്ല. ഉദാഹരണത്തിന്, ആർസിബി ആദ്യം ബാറ്റ് ചെയ്ത് 200 റൺസെടുത്താൽ ചെന്നൈയെ 18 റൺസിനെങ്കിലും തോൽപ്പിക്കണം. ഇതേ സ്കോർ പിന്തുടർന്ന് രണ്ടാമതാണ് ബാറ്റ് ചെയ്യുകയാണെങ്കിൽ 11 പന്ത് ശേഷിക്കെ ജയിക്കണം. എങ്കിൽ മാത്രമേ നെറ്റ് റൺ റേറ്റിൽ ചെന്നൈയെ മറികടക്കാൻ സാധിക്കൂ. മഴ കാരണം കളി ഉപേക്ഷിച്ചാൽ ചെന്നൈ ആയിരിക്കും പ്ലഓഫിലെത്തുക.

ചെന്നൈ സൂപ്പർ കിങ്സ്

13 കളി, 14 പോയിന്‍റ്, അടുത്ത എതിരാളി റോയൽ ചലഞ്ചേഴ്സ് ബംഗളൂരു

ചെന്നൈക്ക് കാര്യങ്ങൾ ആർസിബിയെക്കാൾ എളുപ്പമാണ്. അവസാന മത്സരം തോൽക്കരുത് എന്നതു മാത്രമാണ് അവർക്കു മുന്നിലുള്ള ഇക്വേഷൻ. ഇനി തോറ്റാൽപ്പോലും വലിയ മാർജിനിലുള്ള തോൽവി അല്ലെങ്കിൽ അവർ പ്ലേഓഫിലെത്തും. കളി ഉപേക്ഷിച്ചാലും ചെന്നൈ തന്നെയായിരിക്കും മുന്നേറുക. നിലവിൽ ആർസിബിയെക്കാൾ രണ്ട് പോയിന്‍റ് കൂടുതലാണ് ചെന്നൈക്ക്. നെറ്റ് റൺ റേറ്റ് 0.528. ആർസിബിയുടേത് 0.387.

Trending

No stories found.

Latest News

No stories found.