കെസിഎൽ കപ്പ് കൊച്ചിക്ക്

കൊല്ലം സെയിലേഴ്സിനെ 75 റൺസിനു തകർത്ത് കൊച്ചി ബ്ലൂ ടൈഗേഴ്സ് കേരള ക്രിക്കറ്റ് ലീഗ് ചാംപ്യന്മാർ
കെസിഎൽ കപ്പ് കൊച്ചിക്ക് | Kochi wins KCL beating Kollam

കെസിഎൽ ട്രോഫി ഏറ്റുവാങ്ങുന്ന കൊച്ചി ബ്ലൂ ടൈഗേഴ്സ് ക്യാപ്റ്റൻ സാലി സാംസൺ.

Updated on

തിരുവനന്തപുരം: ടൂർണമെന്‍റിലുടനീളം കാഴ്ചവച്ച മികച്ച പ്രകടനത്തിനൊടുവിൽ കെസിഎൽ കിരീടത്തിൽ മുത്തമിട്ട് കൊച്ചി ബ്ലൂ ടൈഗേഴ്സ്. ആദ്യ സീസണിൽ ജേതാക്കളായ കൊല്ലം സെയിലേഴ്സിനെ ഫൈനലിൽ 75 റൺസിന് തോൽപ്പിച്ചാണ് കൊച്ചി, കെസിഎൽ രണ്ടാം സീസണിലെ ചാംപ്യന്മാരായത്. ആദ്യം ബാറ്റ് ചെയ്ത കൊച്ചി 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 181 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്ലം 16.3 ഓവറിൽ 106 റൺസിന് ഓൾ ഔട്ടായി.

തകർപ്പൻ ഇന്നിങ്സിലൂടെ ടീമിന് വിജയമൊരുക്കിയ വിനൂപ് മനോഹരനാണ് പ്ലെയർ ഓഫ് ദി മാച്ച്. ടൂർണമെന്‍റിലുടനീളം ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങിയ അഖിൽ സ്കറിയയാണ് പരമ്പരയുടെ താരം. കൃഷ്ണപ്രസാദ് റൺവേട്ടയിലും അഖിൽ വിക്കറ്റ് വേട്ടയിലും ഒന്നാമതെത്തി.

അതിവേഗത്തിലുള്ള തുടക്കത്തിനു ശേഷം അവിശ്വസനീയമായ ബാറ്റിങ് തകർച്ചയും, അവസാന ഓവറുകളിൽ അതിനെ അതിജീവിച്ച വെടിക്കെട്ടുമാണ് കൊച്ചിയെ ഫൈനലിൽ മികച്ച സ്കോറിലെത്തിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊച്ചിക്ക് വിനൂപ് മനോഹരൻ ഒരിക്കൽക്കൂടി തകർപ്പൻ തുടക്കം നല്കി. മൂന്നാം ഓവറിൽ മൂന്ന് ഫോറുകൾ നേടിയ വിനൂപ്, അടുത്ത ഓവറിൽ മൂന്ന് ഫോറും ഒരു സിക്സും നേടി. അഞ്ചാം ഓവറിലെ ആദ്യ പന്തിൽ തന്നെ കൊച്ചിയുടെ സ്കോർ അൻപതിലെത്തി. 20 പന്തിൽ വിനൂപ് അർധ സെഞ്ച്വറിയും പൂർത്തിയാക്കി. ഷറഫുദ്ദീന്‍റെ അടുത്ത ഓവറിലെ മൂന്ന് പന്ത് വിനൂപ് തുടരെ വീണ്ടും അതിർത്തി കടത്തി.

എന്നാൽ എട്ടാം ഓവറിൽ എം.എസ്. അഖിലിനെ പന്തേൽപ്പിച്ച കൊല്ലം ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ തന്ത്രം ഫലം കണ്ടു. അഖിലിനെ ഉയർത്തിയടിക്കാനുള്ള വിനൂപ് മനോഹരന്‍റെ ശ്രമം ബൗണ്ടറി ലൈനിനടുത്ത് അഭിഷേക് ജെ. നായരുടെ കൈകളിൽ ഒതുങ്ങി. 30 പന്തിൽ ഒൻപത് ഫോറും നാല് സിക്സും ഉൾപ്പടെ 70 റൺസാണ് വിനൂപ് നേടിയത്. തുടർന്ന് കണ്ടത് കൊച്ചി ബാറ്റർമാർ വിക്കറ്റുകൾ വലിച്ചെറിയുന്ന കാഴ്ച. എട്ട് റൺസെടുത്ത സാലി സാംസൻ അജയഘോഷിന്‍റെ പന്തിൽ സച്ചിൻ ബേബി പിടിച്ച് പുറത്തായി. മുഹമ്മദ് ഷാനു പത്ത് റൺസിനും അജീഷ് പൂജ്യത്തിനും പുറത്തായി. സെമിയിലെ രക്ഷകനായ വിക്കറ്റ് കീപ്പർ ബാറ്റർ നിഖിൽ തോട്ടത്ത് പത്ത് റൺസെടുത്ത് മടങ്ങി. മികച്ച ഷോട്ടുകളുമായി തുടക്കമിട്ടെങ്കിലും ജോബിൻ ജോബി 12ഉം മുഹമ്മദ് ആഷിഖ് ഏഴ് റൺസും നേടി പുറത്തായി. എന്നാൽ, ഓൾറൗണ്ടർ ആൽഫി ഫ്രാൻസിസിന്‍റെ ഉജ്വല ഇന്നിങ്സ് അവസാന ഓവറുകളിൽ കൊച്ചിക്കു തുണയായി. 25 പന്തിൽ 47 റൺസുമായി ആൽഫി പുറത്താകാതെ നിന്നു. സെമിയിൽ ടൈം ഔട്ടിലൂടെ പുറത്തായതിന്‍റെ നിരാശ തീർക്കുന്ന ഇന്നിങ്സ് കൂടിയായിരുന്നു ആൽഫിയുടേത്. കൊല്ലത്തിന് വേണ്ടി പവൻ രാജും ഷറഫുദ്ദീനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ കൊല്ലത്തിന്‍റെ തുടക്കം തകർച്ചയോടെയായിരുന്നു. ആദ്യ ഓവറിൽ തന്നെ ഭരത് സൂര്യയെ പുറത്താക്കി സാലി സാംസൻ കൊച്ചിക്ക് വഴിത്തിരിവ് സമ്മാനിച്ചു. 13 റൺസെടുത്ത അഭിഷേക് ജെ. നായരെ തന്‍റെ രണ്ടാം ഓവറിൽ പുറത്താക്കിയ സാലി, ഉജ്വലമായൊരു ക്യാച്ചിലൂടെ വത്സൽ ഗോവിന്ദിന്‍റെ (10) വിക്കറ്റിലും പങ്കാളിയായി. തുടർന്നെത്തിയ വിഷ്ണു വിനോദ് ക്യാപ്റ്റൻ സച്ചിൻ ബേബിക്കൊപ്പം ചേരുമ്പോൾ കൊല്ലത്തിന് പ്രതീക്ഷകൾ ബാക്കിയുണ്ടായിരുന്നു. എന്നാൽ, 17 റൺസെടുത്ത സച്ചിൻ ബേബി അജീഷിന്‍റെ പന്തിൽ ക്ലീൻ ബൗൾഡായതോടെ കളി കൊച്ചിയുടെ വരുതിയിലേക്ക്.

പി.എസ്. ജെറിൻ എറിഞ്ഞ എട്ടാം ഓവർ കൊല്ലത്തിന്‍റെ അവസാന പ്രതീക്ഷകളും തല്ലിക്കെടുത്തി. പത്ത് റൺസെടുത്ത വിഷ്ണു വിനോദിനെ ക്ലീൻ ബൗൾഡാക്കിയ ജെറിൻ, ഓവറിലെ അവസാന പന്തിൽ എം.എസ്. അഖിലിനെ (2) സാലി സാംസണിന്‍റെ കൈകളിലെത്തിച്ചു. തന്‍റെ അടുത്ത ഓവറിൽ അപകടകാരിയായ ഷറഫുദ്ദീനെയും പുറത്താക്കി ജെറിൻ കൊച്ചിക്ക് വിജയമുറപ്പിച്ചു. 23 റൺസുമായി പുറത്താകാതെ നിന്ന വിജയ് വിശ്വനാഥിന്‍റെ ഇന്നിങ്സാണ് കൊല്ലത്തിന്‍റെ ഇന്നിങ്സ് 100 കടത്തിയത്. ഒടുവിൽ 106 റൺസിന് കൊല്ലത്തിന്‍റെ ഇന്നിങ്സിന് അവസാനമാകുമ്പോൾ കൊച്ചിയെ തേടി 75 റൺസിന്‍റെ വിജയവും കിരീടവുമെത്തി.

കെസിഎൽ കപ്പ് കൊച്ചിക്ക് | Kochi wins KCL beating Kollam

കപ്പ് നേടിയ കൊച്ചി ബ്ലൂ ടൈഗേഴ്സ് ടീം അംഗങ്ങൾ.

നാല് ഓവറിൽ 21 റൺസ് മാത്രം വിട്ടു കൊടുത്ത മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജെറിനാണ് കൊച്ചി ബൗളിങ് നിരയിൽ തിളങ്ങിയത്. രണ്ട് വിക്കറ്റ് നേടിയതിനു പുറമെ മൂന്ന് ഉജ്വല ക്യാച്ചുകളും കൈപ്പിടിയിലൊതുക്കിയ ക്യാപ്റ്റൻ സാലി സാംസൺ ടീമിനെ മുന്നിൽ നിന്നു നയിച്ചു. കെ.എം. ആസിഫ്, മുഹമ്മദ് ആഷിഖ് എന്നിവരും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ചാംപ്യന്മാർക്കുള്ള കിരീടവും മുപ്പത് ലക്ഷം രൂപയുടെ ചെക്കും കെസിഎ പ്രസിഡന്‍റ് ജയേഷ് ജോർജും സെക്രട്ടറി വിനോദ് എസ്. കുമാറും ചേർന്ന് സമ്മാനിച്ചു. റണ്ണേഴ്സ് അപ്പിനുള്ള 20 ലക്ഷം രൂപയുടെ ചെക്ക് കെസിഎൽ ഗവേണിങ് കൌൺസിൽ ചെയർമാൻ നാസിർ മച്ചാൻ കൈമാറി.

കെസിഎൽ കപ്പ് കൊച്ചിക്ക് | Kochi wins KCL beating Kollam

ടൂർണമെന്‍റിലുടനീളം ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങിയ അഖിൽ സ്കറിയ പരമ്പരയുടെ താരം. ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയതിനുള്ള പർപ്പിൾ ക്യാപ്പും അഖിലിനു തന്നെ.

ടൂർണമെന്‍റിലുടനീളം ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങിയ അഖിൽ സ്കറിയയാണ് പരമ്പരയുടെ താരം. അഖിലിനുള്ള പുരസ്കാരവും 25000 രൂപയുടെ ചെക്കും ബൈക്കും ഇംപീരിയൽ കിച്ചൺ ഉടമ അനസ് താഹ സമ്മാനിച്ചു. ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരത്തിനുള്ള പർപ്പിൾ ക്യാപ്പ് കെസിഎ ട്രഷറർ അബ്ദുൾ റഹ്മാൻ അഖിലിന് കൈമാറി. കൂടുതൽ റൺസ് നേടിയ താരത്തിനുള്ള ഓറഞ്ച് ക്യാപ്പ് ട്രിവാൺഡ്രം റോയൽസ് ക്യാപ്റ്റൻ കൃഷ്ണപ്രസാദിന് കെസിഎ സെക്രട്ടറി വിനോദ് എസ് കുമാർ സമ്മാനിച്ചു. റോയൽസിന്‍റെ താരമായ അഭിജിത് പ്രവീണിനാണ് എമർജിങ് പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരം. കെസിഎ സെക്രട്ടറി വിനോദ് എസ് കുമാറാണ് പുരസ്കാരം സമ്മാനിച്ചത്. ഫെയർ പ്ലേ അവാർഡ് കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിന് കെസിഎ ട്രഷറർ അബ്ദുൾ റഹ്മാനും കൂടുതൽ ഫോർ നേടിയ താരത്തിനുള്ള പുരസ്കാരം തൃശൂർ ടൈറ്റൻസിന്‍റെ അഹ്മദ് ഇമ്രാന് ഫിറ ഫുഡ്സ് സിഇഒ ഷൈനും കൈമാറി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com