

കേരളത്തിന്‍റെ ടോപ് സ്കോററായ വൈസ് ക്യാപ്റ്റൻ ബാബാ അപരാജിത്.
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ കർണാടകയ്ക്ക് 348 റൺസിന്‍റെ കൂറ്റൻ ലീഡ്. കേരളം ആദ്യ ഇന്നിങ്സിൽ 238 റൺസിന് ഓൾ ഔട്ടായി. തുടർന്ന് ഫോളോ ഓൺ ചെയ്ത കേരളം മൂന്നാം ദിവസം കളി നിർത്തുമ്പോൾ വിക്കറ്റ് പോകാതെ 10 റൺസെന്ന നിലയിലാണ്. 586 റൺസാണു കർണാടക ആദ്യ ഇന്നിങ്സിൽ നേടിയത്.
ബാറ്റിങ് ഓർഡറിൽ ബൗളർമാരെ തുടക്കത്തിൽ ഇറക്കി ടോപ് ഓർഡർ സ്പോഷ്യലിസ്റ്റുകളെ ലോവർ ഓർഡറിൽ കളിപ്പിക്കുന്ന തന്ത്രം കേരളം ഈ മത്സരത്തിലും തുടരുകയാണ്. മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 21 റൺസെന്ന നിലയിലാണ് മൂന്നാം ദിവസം കേരളം കളി തുടങ്ങിയത്. മൂന്നാം ഓവറിൽ തന്നെ 11 റൺസെടുത്ത അക്ഷയ് ചന്ദ്രന്‍റെ വിക്കറ്റ് നഷ്ടമായി. വിദ്വത് കവരപ്പയുടെ പന്തിൽ അക്ഷയ് ക്ലീൻ ബൗൾഡാവുകയായിരുന്നു. തൊട്ടു പിറകെ എൻ.പി. ബേസിൽ റിട്ടയേഡ് ഹർട്ട് ആയി മടങ്ങി.
തുടർന്നെത്തിയ സച്ചിൻ ബേബിയും ബാബാ അപരാജിതും ചേർന്ന കൂട്ടുകെട്ട് കേരളത്തിന് പ്രതീക്ഷ നൽകി. 85 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തത്. എന്നാൽ, സ്കോർ 114ൽ നിൽക്കെ സച്ചിൻ ബേബി മടങ്ങിയത് കേരളത്തിന് തിരിച്ചടിയായി. വിദ്വത് കവരപ്പയുടെ പന്തിൽ ശ്രേയസ് ഗോപാൽ പിടിച്ചാണ് 31 റൺസെടുത്ത സച്ചിൻ ബേബി പുറത്തായത്.
മറുവശത്ത് ഉറച്ചു നിന്ന ബാബാ അപരാജിതും അഹമ്മദ് ഇമ്രാനും ചേർന്ന് ഇന്നിങ്സ് മുന്നോട്ടു നീക്കി. ഇരുവരും ചേർന്ന് 68 റൺസ് നേടിയെങ്കിലും അപരാജിത് പുറത്തായതോടെ കേരളത്തിന്‍റെ തകർച്ചയ്ക്ക് ആക്കം കൂടി. 88 റൺസെടുത്ത അപരാജിതിനെ ശിഖർ ഷെട്ടിയാണ് പുറത്താക്കിയത്.
തൊട്ടു പിറകെ 31 റൺസെടുത്ത അഹമ്മദ് ഇമ്രാനും ആറ് റൺസെടുത്ത മുഹമ്മദ് അസറുദ്ദീനും പുറത്തായി. 85 പന്തിൽ 29 റൺസുമായി ഷോൺ റോജർ ചെറുത്തു നിന്നെങ്കിലും വൈശാഖ് വിജയകുമാറിന്‍റെ പന്തിൽ എൽബിഡബ്ല്യു ആയി.
ആറ് റൺസെടുത്ത ഹരികൃഷ്ണനും പുറത്തായതോടെ കേരളത്തിന്‍റെ ഇന്നിങ്സിന് 238ൽ അവസാനമായി. ഏദൻ ആപ്പിൾ ടോം 60 പന്തുകളിൽ നിന്ന് 10 റൺസുമായി പുറത്താകാതെ നിന്നു. കർണാടകയ്ക്കു വേണ്ടി വിദ്വത് കവരപ്പ നാലും വൈശാഖ് മൂന്നും ശിഖർ ഷെട്ടി രണ്ടും വിക്കറ്റ് വീഴ്ത്തി.
ഫോളോ ഓൺ ചെയ്ത് രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ കേരളത്തിന് വേണ്ടി കൃഷ്ണപ്രസാദും എം.ഡി. നിധീഷുമാണ് ഇന്നിങ്സ് തുറന്നത്. കളി നിർത്തുമ്പോൾ കൃഷ്ണപ്രസാദ് രണ്ടും നിധീഷ് നാലും റൺസുമായി ക്രീസിലുണ്ട്.