ഇരട്ടകൾ വാഴുന്ന പേസ് ബൗളിങ് ലോകത്തെ ഇന്ത്യയുടെ ഒറ്റയാൻ

പേസ് ബൗളർമാർ ഇരട്ടകളായാണ് ആക്രമിക്കുക എന്നു പറയാറുണ്ട്. എന്നാൽ, ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും ടീമിൽ ഇല്ലാത്തപ്പോഴാണ് മുഹമ്മദ് സിറാജിന്‍റെ കഴിവ് പരമാവധി പുറത്തുവരുക...

പേസ് ബൗളർമാർ ഇരട്ടകളായാണ് ആക്രമിക്കുക എന്നു പറയാറുണ്ട്. ഡെന്നിസ് ലില്ലി - ജെഫ് തോംസൺ, കോർട്ട്നി വാൽഷ് - കർട്ട്ലി ആംബ്രോസ്, വസിം അക്രം - വഖാർ യൂനിസ്, ജവഗൽ ശ്രീനാഥ് - വെങ്കടേശ് പ്രസാദ് ദ്വയം മുതലിങ്ങോട്ട് ജയിംസ് ആൻഡേഴ്സൺ - സ്റ്റ്യുവർട്ട് ബ്രോഡ്, പാറ്റ് കമ്മിൻസ് - മിച്ചൽ സ്റ്റാർക്ക് ദ്വയം വരെ എത്ര വേണമെങ്കിലുമുണ്ട് ഉദാഹരണങ്ങൾ. എന്നാൽ, ഇതിലൊന്നും പെടാതെ ഒറ്റയാനായി മാത്രം ആക്രമിക്കാൻ ഇഷ്ടപ്പെടുന്ന ഒരു ഇന്ത്യൻ ഫാസ്റ്റ് ബൗളറുണ്ട്- പേര് മുഹമ്മദ് സിറാജ്!

ജസ്പ്രീത് ബുംറയുടെയും മുഹമ്മദ് ഷമിയുടെയും കാലഘട്ടത്തിൽ ക്രിക്കറ്റ് കളിക്കുമ്പോഴും, സിറാജിന് ടെസ്റ്റ് ക്രിക്കറ്റിൽ തിളങ്ങാനാവുന്നത് ഇവർ ഇരുവരും ഇല്ലാത്തപ്പോഴാണെന്ന് കണക്കുകൾ തെളിയിക്കുന്നു. ബുംറയുടെ കൂടെ 23 ടെസ്റ്റുകളാണ് സിറാജ് കളിച്ചിട്ടുള്ളത്. അവയിലെ ബൗളിങ് ശരാശരി 33.82. അതായത് ശരാശരി 33.82 റൺസ് വിട്ടുകൊടുക്കുമ്പോഴാണ് സിറാജ് ഒരു വിക്കറ്റെടുക്കുന്നത്. എന്നാൽ, ബുംറയില്ലാതെ കളിച്ച 15 ടെസ്റ്റിൽ സിറാജിന്‍റെ ബൗളിങ് ശരാശരി 25.20 ആണ്!

മുഹമ്മദ് ഷമിക്കൊപ്പം ഒമ്പത് ടെസ്റ്റും സിറാജ് കളിച്ചു. അവയിലെ ബൗളിങ് ശരാശരി 34.96 ആണ്. ബുംറയും ഷമിയും സിറാജും ഒരുമിച്ച പേസ് ബൗളിങ് ത്രയം ആറ് ടെസ്റ്റുകളിൽ മാത്രമാണ് ഇന്ത്യക്കായി കളിച്ചിട്ടുള്ളത്. അവയിൽ സിറാജിന്‍റെ ബൗളിങ് ശരാശരി 33.05. അതേസമയം, ബുംറയും ഷമിയുമില്ലാതെ കളിക്കാനിറങ്ങിയ 12 ടെസ്റ്റുകളിൽ സിറാജിന്‍റെ ബൗളിങ് ശരാശരി 22.27 ആണ്.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com