
നിരാശനായ നീരജ് ചോപ്ര.
ടോക്കിയോയിൽ നടന്ന ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ നീരജ് ചോപ്രയുടെ നിരാശാജനകമായ പ്രകടനം. നീരജ് എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോൾ, അരങ്ങേറ്റക്കാരനായ ഇന്ത്യൻ താരം സച്ചിൻ യാദവ് മികച്ച വ്യക്തിഗത പ്രകടനത്തോടെ നാലാം സ്ഥാനത്തെത്തി.
ടോക്യോ: ലോക അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിൽ നിരാശാജനകമായ പ്രകടനവുമായി നീരജ് ചോപ്ര എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അതേസമയം, അരങ്ങേറ്റക്കാരനായ സച്ചിൻ യാദവ് തന്‍റെ കരിയർ ബെസ്റ്റ് പ്രകടനത്തോടെ നാലാം സ്ഥാനത്തെത്തി. 90 മീറ്റർ കടക്കാൻ ഒരു താരത്തിനും സാധിക്കാതിരുന്ന മത്സരത്തിൽ, 84.03 മീറ്റർ എറിഞ്ഞ നീരജ് ചോപ്രയുടെ മെഡൽ പ്രതീക്ഷ അഞ്ചാമത്തെ റൗണ്ടോടെ അവസാനിക്കുകയായിരുന്നു.
തന്‍റെ ആദ്യ ശ്രമത്തിൽ 86.27 മീറ്റർ എറിഞ്ഞാണ് സച്ചിൻ യാദവ് നാലാം സ്ഥാനത്തെത്തിയത്. ചോപ്രയെ മാത്രമല്ല, ജർമൻ താരം ജൂലിയൻ വെബർ (86.11 മീറ്റർ), ഒളിംപിക്സ് ചാംപ്യൻ അർഷാദ് നദീം (82.75 മീറ്റർ) എന്നിവരെയും സച്ചിൻ പിന്നിലാക്കി.
ട്രിനിഡാഡ് ആൻഡ് ടുബാഗോയുടെ കേശോൺ വാൽക്കോട്ട് (88.16 മീറ്റർ) സ്വർണം നേടിയപ്പോൾ, ഗ്രെനാഡയുടെ ആൻഡേഴ്സൺ പീറ്റേഴ്സ് (87.38 മീറ്റർ) വെള്ളിയും കർട്ടിസ് തോംസൺ (86.67 മീറ്റർ) വെങ്കലവും നേടി. മുൻ ചാംപ്യൻ നദീം നാലാം റൗണ്ടിൽ പുറത്തായിരുന്നു.
രണ്ട് തവണ ഒളിമ്പിക്സ് മെഡൽ ജേതാവായ ചോപ്ര, 83.65 മീറ്ററോടെ അഞ്ചാം സ്ഥാനത്താണ് തുടങ്ങിയത്. പിന്നീട് 84.03 മീറ്റർ എറിഞ്ഞ് ദൂരം മെച്ചപ്പെടുത്തിയെങ്കിലും മൂന്നാമത്തെ ശ്രമം ഫൗളായി. രണ്ടാം റൗണ്ടിന് ശേഷം എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട താരം അതുപോലെ തുടരുകയും ചെയ്തു.
കരിയർ ബെസ്റ്റ് പ്രകടനം പുറത്തെടുത്ത് നാലാം സ്ഥാനത്തെത്തിയ സച്ചിൻ യാദവിന്‍റെ ആഘോഷം.
നാലാമത്തെ ശ്രമത്തിൽ 82.86 മീറ്റർ മാത്രമാണ് എറിയാനായത്, ഇതോടെ മത്സരത്തിൽ തുടരാൻ അഞ്ചാമത്തെ ശ്രമത്തിൽ 85.54 മീറ്ററെങ്കിലും എറിയേണ്ടിയിരുന്നു. പക്ഷേ, ഈ ശ്രമവും ഫൗളായതോടെ ചോപ്ര പുറത്താവുകയായിരുന്നു.
സാധാരണയായി സ്ഥിരതയോടെ മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുന്ന ചോപ്രക്ക്, അഞ്ച് ശ്രമങ്ങളിൽ ഒരു തവണ പോലും 85 മീറ്റർ കടക്കാൻ സാധിച്ചില്ല. ഈ പ്രകടനത്തിനു മുൻപ്, 2024 മെയ് മാസത്തിൽ ഫെഡറേഷൻ കപ്പിൽ 82.27 മീറ്റർ എറിഞ്ഞതായിരുന്നു അദ്ദേഹത്തിന്‍റെ ഏറ്റവും മോശം പ്രകടനം. മേയിൽ നടത്തിയ ദോഹ ഡയമണ്ട് ലീഗിൽ 90.23 മീറ്റർ എറിഞ്ഞ് 90 മീറ്റർ മറികടന്നിരുന്നെങ്കിലും, അതിനുശേഷം അദ്ദേഹത്തിന്‍റെ പ്രകടന ഗ്രാഫ് താഴേക്കാണ്.