ടീമിലെത്തിയിട്ട് 961 ദിവസം; എന്നിട്ടും അവസരമില്ല, അഭിമന‍്യു ഈശ്വരന്‍റെ കാത്തിരിപ്പ് തുടരും

ബോർഡർ ഗവാസ്കർ ട്രോഫിയിലും ഇംഗ്ലണ്ട് പരമ്പരയിലും താരത്തിന് അവസരം ലഭിച്ചില്ല
abhimanyu easwaran still waiting for his debut in indian team after 961 days

അഭിമന‍്യു ഈശ്വരന്‍

Updated on

ലണ്ടൻ: ഇന്ത‍്യൻ ടീം അരങ്ങേറ്റത്തിനായുള്ള ബംഗാൾ ഓപ്പണർ അഭിമന‍്യു ഈശ്വരന്‍റെ കാത്തിരിപ്പ് തുടരുന്നു. ആഭ‍്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം പുറത്തെടുത്തതിനു പിന്നാലെയായിരുന്നു അഭിമന‍്യു ഈശ്വരൻ ഇന്ത‍്യൻ ടീമിലെത്തിയത്. എന്നാൽ 961 ദിവസം പിന്നിട്ടിട്ടും താരത്തിനു ടീമിൽ അവസരം ലഭിച്ചില്ലെന്നത് തീർത്തും ദൗർഭാഗ‍്യകരമായ കാര‍്യമാണ്.

ബോർഡർ ഗവാസ്കർ ട്രോഫിയിലും ഇംഗ്ലണ്ട് പരമ്പരയിലും താരത്തിന് അവസരം ലഭിച്ചില്ല. സീനിയർ ടീമിന്‍റെ ഇംഗ്ലണ്ട് പര‍്യടനത്തിനു തൊട്ടു മുൻപ് ആരംഭിച്ച ഇന്ത‍്യ എ ടീമിന്‍റെ പരമ്പരയിൽ അഭിമന‍്യുവിനെയായിരുന്നു ബിസിസിഐ ക‍്യാപ്റ്റനായി പ്രഖ‍്യാപിച്ചിരുന്നത്. എന്നാൽ, ടെസ്റ്റ് പരമ്പരയിൽ ഉടനീളം ബെഞ്ചിലിരിക്കാനായിരുന്നു താരത്തിന്‍റെ വിധി.

2022ൽ നടന്ന ബംഗ്ലാദേശ് പരമ്പരയ്ക്കിടെ രോഹിത്ത് ശർമയ്ക്ക് പരുക്കേറ്റതിനെത്തുടർന്നാണ് പകരക്കാരനായി അഭിമന‍്യു ആദ്യമായി ഇന്ത‍്യൻ ടീമിലെത്തുന്നത്. അഭിമന‍്യു ടീമിലെത്തിയതിനു ശേഷം കെ.എസ്. ഭരത്, സൂര‍്യകുമാർ യാദവ്, ‍‍യശസ്വി ജയ്സ്വാൾ, ഇഷാൻ കിഷാൻ, മുകേഷ് കുമാർ, പ്രസിദ്ധ് കൃഷ്ണ, രജത് പാട്ടിദാർ, സർഫറാസ് ഖാൻ, ധ്രുവ് ജുറൽ, ആകാശ് ദീപ്, ദേവദത്ത് പടിക്കൽ, നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ, സായ് സുദർശൻ, അൻഷുൽ കാംഭോജ് എന്നിവരടക്കം 15 പേരാണ് അരങ്ങേറ്റം കുറിച്ചത്. അപ്പോഴും അഭിമന‍്യുവിന് അവസരം ലഭിച്ചില്ല.

ഫസ്റ്റ് ക്ലാസിൽ 27 സെഞ്ചുറിയും 31 അർധ സെഞ്ചുറിയും ഉൾപ്പെടെ 7,841 റൺസുള്ള താരമാണ് അഭിമന‍്യു. വെസ്റ്റ് ഇൻഡീസിനെതിരേ ഒക്‌റ്റോബറിൽ നാട്ടിൽ വച്ച് നടക്കുന്ന മത്സരത്തിൽ ഒരുപക്ഷേ താരത്തിന് അവസരം ലഭിച്ചേക്കും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com