

അഡ്രിയാൻ ലൂണ
കൊച്ചി: ഉറുഗ്വേൻ മിഡ്ഫീൽഡറും കേരള ബ്ലാസ്റ്റേഴ്സ് ക‍്യാപ്റ്റനുമായ അഡ്രിയാൻ ലൂണ ക്ലബ് വിട്ടു. 2025-2026 സീസണിൽ വിദേശ ക്ലബിനു വേണ്ടി ലൂണ കളിക്കും. എന്നാൽ ഏതു ടീമിൽ ചേരുമെന്ന കാര‍്യം താരം വ‍്യക്തമാക്കിയിട്ടില്ല. വായ്പാടിസ്ഥാനത്തിലാണ് ലൂണയെ വിദേശ ക്ലബിലേക്ക് കൈമാറുന്നത്. ഒരു വർഷത്തേക്കാണ് കരാർ. ഇന്തോനേഷ‍്യൻ ക്ലബിൽ താരം ചേരുമെന്ന് സൂചനയുണ്ട്.
സമൂഹമാധ‍്യമങ്ങളിലൂടെയാണ് ബ്ലാസ്റ്റേഴ്സ് ഇക്കാര‍്യം അറിയിച്ചത്. ലൂണയുടെ പുതിയ ദൗത‍്യത്തിന് അഭിനന്ദനം അറിയിച്ചുകൊണ്ടുള്ള പോസ്റ്റാണ് ബ്ലാസ്റ്റേഴ്സ് സമൂഹമാധ‍്യമങ്ങളിൽ പങ്കുവച്ചത്. ഐഎസ്എൽ അനിശ്ചിതത്വം തുടരുന്ന സാഹചര‍്യത്തിലാണ് താരം ക്ലബ് വിട്ടതെന്നാണ് റിപ്പോർട്ടുകൾ.
2021ലാണ് ലൂണ ക്ലബിന്‍റെ ഭാഗമാവുന്നത്. 71 മത്സരങ്ങൾ കളിച്ച താരം 15 ഗോളുകൾ നേടി. കഴിഞ്ഞ സീസണിൽ ഒരു ഗോൾ പോലും താരത്തിന് നേടാൻ സാധിച്ചിരുന്നില്ല. പക്ഷേ 22 മത്സരങ്ങളിൽ നിന്നും 6 അസിസ്റ്റുകൾ നൽകാൻ താരത്തിന് കഴിഞ്ഞു. 2027 മേയ് 31 വരെ ലൂണയ്ക്ക് ബ്ലാസ്റ്റേഴ്സുമായി കരാറുണ്ട്. ബ്ലാസ്റ്റേഴ്സിനു വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച ഏക വിദേശതാരമാണ് ലൂണ.
നിലവിൽ വായ്പാടിസ്ഥാനത്തിലാണ് താരം ക്ലബ് വിടുന്നതെങ്കിലും താരം ഇനി തിരിച്ചുവരുമോയെന്ന് ആരാധകർക്ക് ആശങ്കയുണ്ട്. ലൂണയുടെ കൂടുമാറ്റത്തിനു പിന്നാലെ അഖിലേന്ത‍്യാ ഫുട്ബോൾ ഫെഡറേഷൻ വലിയ തോതിൽ വിമർശനം ഏറ്റുവാങ്ങി. നേരത്തെ ജീസസ് ജിംനസ്, ടിയാഗോ ആൽവിസ് എന്നീ താരങ്ങൾ ടീം വിട്ടിരുന്നു. ഐഎസ്എൽ പ്രതിസന്ധികൾ അവസാനിച്ചാൽ ഒരു പക്ഷേ താരം വീണ്ടും മഞ്ഞക്കുപ്പായത്തിൽ കളിച്ചേക്കും.