അഫ്ഗാനിസ്ഥാൻ സൂപ്പർ എയ്റ്റിൽ; ന്യൂസിലൻഡ് പുറത്ത്

10 വർഷത്തിനിടെ ആദ്യമായാണ് ഏകദിനത്തിലോ ട്വന്‍റി20യിലോ ന്യൂസിലൻഡ് ലോകകപ്പിന്‍റെ സെമി ഫൈനൽ കാണാതെ പുറത്താകുന്നത്
അഫ്ഗാനിസ്ഥാൻ സൂപ്പർ എയ്റ്റിൽ; ന്യൂസിലൻഡ് പുറത്ത്
ഫസൽഹഖ് ഫാറൂഖിയുടെ വിക്കറ്റ് ആഘോഷം.
Updated on

തരോബ: പാപ്വ ന്യൂഗിനിയയെ ഏഴു വിക്കറ്റിനു കീഴടക്കിയ അഫ്ഗാനിസ്ഥാൻ ട്വന്‍റി20 ലോകകപ്പിന്‍റെ ഗ്രൂപ്പ് സിയിൽ സൂപ്പർ എയ്റ്റിലേക്ക് യോഗ്യത നേടി. വെസ്റ്റിൻഡീസ് നേരത്തെ തന്നെ യോഗ്യത ഉറപ്പാക്കിയിരുന്നു. ഇരു ടീമുകളും കളിച്ച മൂന്നു മത്സരങ്ങളും ജയിച്ചു. ഇതോടെ രണ്ടു മത്സരം തോറ്റ ന്യൂസിലൻഡ് പുറത്തായി.

അഫ്ഗാനിസ്ഥാൻ - വെസ്റ്റിൻഡീസ് മത്സരത്തിലെ ജേതാക്കൾ ഗ്രൂപ്പിൽ ഒന്നാം സ്ഥാനം നേടും. 2014നു ശേഷം ആദ്യമായാണ് ഏകദിനത്തിലോ ട്വന്‍റി20യിലോ ന്യൂസിലൻഡ് ലോകകപ്പിന്‍റെ സെമി ഫൈനൽ കാണാതെ പുറത്താകുന്നത്.

പാപ്വ ന്യൂഗിനിയക്കെതിരേ ടോസ് നേടി ഫീൽഡിങ് തെരഞ്ഞെടുത്ത അഫ്ഗാൻ, എതിരാളികളെ 19.5 ഓവറിൽ 95 റൺസിന് ഓൾഔട്ടാക്കി. 15.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ അനായാസം ലക്ഷ്യവും നേടി.

നാല് റണ്ണൗട്ടുകളാണ് പിഎൻജിയുടെ പതനം വേഗത്തിലാക്കിയത്. ഉജ്വല ഫോമിൽ തുടരുന്ന ഇടങ്കയ്യൻ പേസ് ബൗളർ ഫസൽഹഖ് ഫാറൂഖി 16 റൺസിന് മൂന്നും വിക്കറ്റും വീഴ്ത്തി. ടൂർണമെന്‍റിൽ ഫാറൂഖിയുടെ വിക്കറ്റ് നേട്ടം ഇതോടെ 12 ആയി.

മറുപടി ബാറ്റിങ്ങിൽ അഫ്ഗാന്‍റെ ഇൻഫോം ഓപ്പണർമാർ ഇബ്രാഹിം സദ്രാനും (0) റഹ്മാനുള്ള ഗുർബാസും (11) വേഗത്തിൽ പുറത്തായെങ്കിലും മൂന്നാം നമ്പറിലേക്ക് പ്രൊമോട്ട് ചെയ്യപ്പെട്ട ഗുൽബാദിൻ നയ്ബ് 36 പന്തിൽ 49 റൺസുമായി പുറത്താകാതെ നിന്നു. അസ്മത്തുള്ള ഒമർസായിയുടേതാണ് (13) മൂന്നാമതായി നഷ്ടപ്പെട്ട വിക്കറ്റ്. മുഹമ്മദ് നബി 16 റൺസെടുത്ത് പുറത്താകാതെ നിന്നു.

Trending

No stories found.

Latest News

No stories found.