
മുംബൈ: ഗ്ലെന്‍ മാക്സ് വെല്ലിന്റെ അവിശ്വസനീയ ഡബിൾ സെഞ്ചുറി മികവില്‍ ഓസ്ട്രേലിയയ്ക്ക് അഫ്ഗാനിസ്ഥാനെതിരേ മൂന്ന് വിക്കറ്റിന്റെ മിന്നും ജയം. അഫ്ഗാന്റെ മിന്നുന്ന ബൗളിങ് മികവില്‍ തകര്‍ന്നടിഞ്ഞ ഓസീസിനെ അക്ഷരാര്‍ഥത്തില്‍ മാക്സ് വെല്‍ ഒറ്റയ്ക്ക് കരകയറ്റുകയായിരുന്നു. എട്ടാം വിക്കറ്റില്‍ നായകന് പാറ്റ് കമിന്‍സിനെ കൂട്ടുപിടിച്ച് നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങാണ് ഓസീസിന് ജയമൊരുക്കിയത്.
കാലിലെ അസഹ്യമായ വേദനയെ അവണിച്ചുകൊണ്ടായിരുന്നു മാക്സിയുടെ ബാറ്റിങ്. 128 പന്തിൽ 21 ബൗണ്ടറിയും 10 സിക്സുമടക്കം 201 റൺസ് നേടിയ മാക്സി പുറത്താകാതെ നിന്നു. ടോസ് നേടി ബാറ്റ് ചെയ്ത അഫ്ഗാന് നിശ്ചിത അമ്പതോവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സാണെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങി യ ഓസീസ് 46.5 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.
ഓപ്പണര്‍ ഇബ്രാഹിം സദ്രാന്റെ മിന്നുന്ന സെഞ്ചുറി മികവിലാണ് ഓസ്ട്രേലിയക്കെതിരേ അഫ്ഗാനിസ്ഥാൻ മികച്ച സ്കോറിലെത്തിയത്. . ടോസ് നേടി ബാറ്റ് ചെയ്ത അഫ്ഗാന് നിശ്ചിത അമ്പതോവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സാണെടുത്തത്. സദ്രാന് 143 പന്തില്‍ എട്ട് ഫോറും മൂന്നു സിക്സും സഹിതം 129 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
ഏഴാം നമ്പറില്‍ ഇറങ്ങി 18 പന്തില്‍ 35 റണ്‍സെടുത്ത റഷീദ് ഖാനാണ് അഫ്ഗാന്റെ രണ്ടാമത്തെ ഉയര്‍ന്ന സ്കോറര്‍. റഹ്മത്ത് ഷാ (30), ക്യാപ്റ്റന്‍ ഹഷ്മത്തുള്ള ഷാഹിദി (26), അസ്മത്തുള്ള ഒമര്‍സായ് (22), ഓപ്പണര്‍ റഹ്മാനുള്ള ഗുര്‍ബാസ് (21) എന്നിവരും സംഭാവനകള്‍ നല്കി.
മോശം തുടക്കമാണ് അഫ്ഗാന് ലഭിച്ചത്. 38 റണ്‍സിനിടെ റഹ്മാനുള്ള ഗുര്‍ബാസിനെ (21) അഫ്ഗാന് നഷ്ടമായി. ജോഷ് ഹേസല്‍വുഡിന്റെ പന്തില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന് ക്യാച്ച്. എന്നാല്‍ മൂന്നാം വിക്കറ്റില്‍ റഹ്മത്ത് ഷാ (30) സദ്രാന് സഖ്യം 121 റണ്‍സ് കൂട്ടിചേര്‍ത്തു. നല്ല രീതിയില്‍ കൂട്ടുകെട്ട് മുന്നോട്ട് പോകുമ്പോള്‍ റഹ്മത്ത് മടങ്ങി. ഗ്ലെന്‍ മാക്സ്വെല്ലിനായിരുന്നു വിക്കറ്റ്. വിക്കറ്റ് പോയെന്ന് മാത്രമല്ല, വേണ്ടത്ര വേഗത്തില്‍ റണ്‍സ് കണ്ടെത്താന്‍ അഫ്ഗാന് താരങ്ങള്‍ക്കായില്ല. ക്യാപ്റ്റന്‍ ഹഷ്മതുള്ള ഷഹീദി (26), അസ്മതുള്ള ഒമര്‍സായ് (22), മുഹമ്മദ് നബി (12) എന്നിവര്‍ക്ക് തിളങ്ങാനായില്ല.
നബി മടങ്ങുമ്പോള്‍ 45.3 ഓവറില്‍ അഞ്ചിന് 233 എന്ന നിലയിലായിരുന്നു അഫ്ഗാന്. അവസാന 27 പന്തില്‍ 58 റണ്സണ് അഫ്ഗാന് അടിച്ചെടുത്തത്. ഇതില്‍ 18 പന്തുകള്‍ നേരിട്ട റാഷിദ് ഖാന് പുറത്താവാതെ 35 റണ്‍സ് നേടി. മൂന്ന് സിക്സും രണ്ട് ഫോറും റാഷിദിന്റെ ഇന്നിംഗ്സിലുണ്ടായിരുന്നു. ഇതിനിടെ സദ്രാന് സെഞ്ചുറി പൂര്‍ത്തിയാക്കി. 143 പന്തുകള്‍ നേരിട്ട താരം മൂന്ന് സിക്സിന്റേയും എട്ട് ഫോറിന്റേയും അകമ്പടിയോടെയാണ് താരം 129 റണ്‍സെടുത്തത്. റാഷിദ് - സദ്രാന് സഖ്യം 58 റണ്‍സ് നേടി. 45-ാം ഓവറില്‍ 11 റണ്‍സ്, 46-ാം ഓവറില്‍ ഒമ്പത് റണ്‍സ്, 47-ാം ഓവറില്‍ 16 റണ്‍സ്, 48-ാം ഓവറില്‍ 9 റണ്‍സ് , 49-ാം ഓവറില്‍ 14 റണ്‍സ്, 50-ാം ഓവറില്‍ 16 റണ്സല് എന്നിങ്ങനെയാണ് അഫ്ഗാന് ബാറ്റര്‍മാര്‍ അടിച്ചുകൂട്ടിയത്.
39 റണ്‍സിന് രണ്ട് വിക്കറ്റെടുത്ത ജോഷ് ഹേസല്വുഡിന്റേതാണ് ഓസ്ട്രേലിയന്‍ ബൗളര്‍മാരിലെ ഭേദപ്പെട്ട പ്രകടനം. 9 ഓവറില്‍ ഒരു വിക്കറ്റ് നേടിയ മിച്ചല്‍ സ്റ്റാര്‍ക്ക് 70 റണ്‍സ് വഴങ്ങി. ഗ്ലെന്‍ മാക്സ്വെല്, ആഡം സാംപ എന്നിവരും ഓരോ വിക്കറ്റ് നേടി. നാല് സ്പിന്നര്‍മാരെയാണ് ഓസ്ട്രേലിയക്കെതിരേ അഫ്ഗാന് അണിനിരത്തുന്നത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയെ അവിശ്വസനീയമാം വണ്ണം ഞെട്ടിച്ചുകൊണ്ട് അഫ്ഗാന് ബൗളര്‍മാര്‍ തീ തുപ്പി. നവീന്‍ ഉള് ഹഖും അസ്മത്തുള്ള ഒമര്‍സായിയും മിന്നുന്ന പ്രകടനമാണ് നടത്തിയത്. രണ്ടാം ഓവറില്‍ത്തന്നെ മികച്ച ഫോമിലുള്ള ട്രാവിസ് ഹെഡ്ഡിനെ വിക്കറ്റ് കീപ്പര്‍ അക്രാം അലിഖിലിന്റെ കൈകളിലെത്തിച്ച് നവീന്‍ ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചു. എന്നാല്‍, ഇത് വരാന്‍ പോകുന്ന വലിയ തകര്‍ച്ചയുടെ തുടക്കമാണെന്ന് ഓസീസ് ഒരിക്കലും കരുതിയിരുന്നില്ല. വാര്‍ണറും മിച്ചല്‍ മാര്‍ഷും ചേര്‍ന്ന് ഓസീസിനെ പതിയെ കരകയറ്റാന്‍ തുടങ്ങിയെങ്കിലും ആറാം ഓവറില്‍ മാര്‍ഷിനെ എല്‍ബി ഡബ്ല്യുവില്‍ കുടുക്കി നവീന്‍ തന്നെ ഒരിക്കല്‍ക്കൂടി ഓസീസിനെ വിറപ്പിച്ചു. പിന്നീട് ഓസീസിന്റെ കൂട്ടത്തകര്‍ച്ചയ്ക്കാണ് വാംഖഡെ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. വാര്‍ണറും ഇന്ഗ്ലിസും ലാബുഷെയ്നുമൊക്കെ പിന്നാലെ പിന്നാലെ പുറത്തായി. വാര്‍ണറെയും ഇംന്ഗ്ലിസിനെ ഒമര്‍സായിയും പുറത്താക്കിയപ്പോള്‍ സ്റ്റോയ്നിസും മിച്ചല്‍ സ്റ്റാര്‍ക്കും റഷീദ് ഖാന്റെ പന്തില്‍ പുറത്തായി. ലാബുഷെയ്ന് റണ്ണൗട്ടുമായി. ഇതോടെ 18.3 ഓവറില്‍ 91 റണ്‍സെടുക്കുന്നതിനിടെ ഓസീസിന്റെ ഏഴ് വിക്കറ്റുകള്‍ നിലംപതിച്ചു. പിന്നീട് എട്ടാം വിക്കറ്റില്‍ നായകന് കമിന്‍സിനെ കൂട്ടുപിടിച്ച് മാക്സ് വെല്‍ സംഹാരതാണ്ഡവം നടത്തി. സിക്സറുകളും ബൗണ്ടറികളും പറന്നു. അര്‍ധസെഞ്ചുറി 51 പന്തില്‍ തികച്ച മാക്സിക്ക് പിന്നീടുള്ള 51 റണ്‍സെടുക്കാന്‍ വേണ്ടവന്നത് കേവലം 25 പന്തുകളാണ്. 76 പന്തുകളില്‍നിന്ന് മൂന്ന് സിക്സും 10 ബൗണ്ടറിയുമടക്കമാണ് മാക്സി വെല്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയത്.