ആത്മവിശ്വാസത്തോടെ അഫ്ഗാൻ, വിജയം തുടരാൻ കിവീസ്

ഇംഗ്ലണ്ടിനെതിരേ നേടിയ 69 റൺസ് വിജയം ആവർത്തിക്കുക തന്നെയാവും അഫ്ഗാനിസ്ഥാന്‍റെ ലക്ഷ്യം
Tom Latham | Hashmatullah Shahidi
Tom Latham | Hashmatullah Shahidi
Updated on

ചെന്നൈ: ലോക ചാംപ്യൻമാരായ ഇംഗ്ലണ്ടിനെ അട്ടിമറിച്ചതിന്‍റെ ആത്മവിശ്വാസവുമായി അഫ്ഗാനിസ്ഥാൻ ഇറങ്ങുമ്പോൾ, നേരിടാനിറങ്ങുന്നത് മികച്ച ഫോമിലുള്ള ന്യൂസിലൻഡ്. കളിച്ച മൂന്നു മത്സരങ്ങളും ജയിച്ച കിവികൾക്ക് ഒറ്റ ജയമുള്ള ഹഷ്മത്തുള്ള ഷാഹിദിയുടെ ടീമിനെ ഒട്ടും വിലകുറച്ചു കാണാനാവില്ല. ഇംഗ്ലണ്ടിനെതിരേ നേടിയ 69 റൺസ് വിജയം ആവർത്തിക്കുക തന്നെയാവും അഫ്ഗാന്‍റെ ലക്ഷ്യം.

ബംഗ്ലാദേശിനോടും ഇന്ത്യയോടും പരാജയപ്പെട്ട ശേഷമായിരുന്നു ഇംഗ്ലണ്ടിനെ ഞെട്ടിച്ച അഫ്ഗാനിസ്ഥാന്‍റെ പ്രകടനം. ന്യൂസിലൻഡാകട്ടെ, മൂന്നു ജയം നേടിയിട്ടുണ്ടെങ്കിലും, രണ്ടെണ്ണം ബംഗ്ലാദേശിനും നെതർലൻഡ്സിനുമെതിരേ ആയിരുന്നു. ഇംഗ്ലണ്ടാണ് അവർക്കു മുന്നിൽ കീഴടങ്ങിയ ഉയർന്ന റാങ്കുള്ള ടീം.

ബംഗ്ലാദേശിനെതിരായ മത്സരത്തിൽ തിരിച്ചെത്തി അർധ സെഞ്ചുറി പിന്നിട്ട ശേഷം പരുക്കേറ്റ് മടങ്ങിയ ന്യൂസിലൻഡിന്‍റെ സ്ഥിരം ക്യാപ്റ്റൻ കെയ്ൻ വില്യംസൺ അഫ്ഗാനെതിരേയും കളിക്കാനിടയില്ല. വിക്കറ്റ് കീപ്പർ ടോം ലാഥം തന്നെയാകും പകരക്കാരൻ. ഐപിഎല്ലിനിടെ ഏറ്റ പരുക്കു കാരണം, ഇംഗ്ലണ്ടിനും നെതർലൻഡ്സിനുമെതിരായ മത്സരങ്ങളിൽ വില്യംസൺ കളിച്ചിരുന്നില്ല.

കഴിഞ്ഞ മത്സരത്തിൽ അദ്ദേഹത്തിനു വേണ്ടി ‌വഴിമാറിയ ഓപ്പണർ വിൽ യങ് അഫ്ഗാനെതിരായ മത്സരത്തിൽ തിരിച്ചെത്തും. ഇതോടെ വില്യംസണിന്‍റെ മൂന്നാം നമ്പറിൽ രചിൻ രവീന്ദ്രയും കളിക്കും. യുവതാരത്തിനൊപ്പം, ഓപ്പണർ ഡെവൺ കോൺവെയും മധ്യനിരയിൽ ഡാരിൽ മിച്ചലും മികച്ച ഫോമിലുള്ള സാഹചര്യത്തിൽ, ബാറ്റർ എന്ന നിലയിൽ വില്യംസണിന്‍റെ കുറവ് ഒരു പരിധി വരെ നികത്താൻ കിവീസിനു സാധിക്കും. ക്യാപ്റ്റൻ എന്ന നിലയിലുള്ള വിടവാണ് ബാക്കിയാകുന്നത്. വിരലിനേറ്റ പരുക്ക് ഭേദമായ വെറ്ററൻ പേസ് ബൗളർ ടിം സൗത്തിക്ക് ഇനിയെങ്കിലും അവസരം കിട്ടുമോ എന്നാണ് അറിയാനുള്ളത്. ലോക്കി ഫെർഗൂസൻ പരുക്കിൽ നിന്നു മുക്തനാകുക മാത്രമല്ല, മികച്ച ഫോം തെളിയിക്കുകയും ചെയ്ത സാഹചര്യത്തിൽ ഇതിനു സാധ്യത വിരളമാണ്.

ചെന്നൈയിലെ സ്പിന്നിന് അനുകൂലമായ വിക്കറ്റ് അഫ്ഗാനിസ്ഥാന്‍റെ റാഷിദ് ഖാൻ - മുജീബ് ഉർ റഹ്മാൻ - മുഹമ്മദ് നബി ത്രയത്തിന് ആനുകൂല്യം നൽകാൻ സാധ്യതയുണ്ട്. എന്നാൽ, കോൺവെയും യങ്ങും രവീന്ദ്രയും അടങ്ങുന്ന കിവി ടോപ് ഓർഡറിലെ മൂന്നു പേരും സ്പിന്നിനെ നേരിടുന്നതിൽ വിദഗ്ധരുമാണ്. എന്നുമാത്രമല്ല, ഐപിഎല്ലിൽ ചെന്നൈയിൽ കളിച്ചു പരിചയമായ മിച്ചൽ സാന്‍റ്നർ അവരുടെ നിരയിലുണ്ടുതാനും. എന്നാൽ, സാന്‍റ്നറെ സഹായിക്കാൻ സ്പിൻ വിഭാഗത്തിലുള്ളത് പാർട്ട് ടൈമർമാരായ രചിനും ഗ്ലെൻ ഫിലിപ്സും മാത്രം.

ഇംഗ്ലണ്ടിനെതിരേ ജയമൊരുക്കിയതിന്‍റെ ക്രെഡിറ്റ് സ്പിന്നർമാർക്കാണു കിട്ടിയതെങ്കിലും, അഫ്ഗാൻ ബാറ്റിങ് നിരയും ശരാശരിക്കു മുകളിലുള്ള പ്രകടനം കാഴ്ചവയ്ക്കാൻ പ്രാപ്തിയുള്ളതാണ്. ലോകകപ്പിൽ ഇതുവരെ രണ്ട് അർധ സെഞ്ചുറി നേടിയ ഓപ്പണർ റഹ്മാനുള്ള ഗുർബാസ് ഇംഗ്ലണ്ടിന്‍റെ പ്രഗൽഭരായ ഫാസ്റ്റ് ബൗളർമാരെ നിർദയം അടിച്ചുതകർക്കുക തന്നെ ചെയ്തിരുന്നു. സഹ ഓപ്പണർ ഇബ്രാഹിം സദ്രാൻ ടെക്നിക്കൽ പെർഫെക്ഷനുള്ള ക്ലാസിക് പ്ലെയറാണ്. ക്യാപ്റ്റൻ ഷാഹിദി, അസ്മത്തുള്ള ഒമർസായ്, വിക്കറ്റ് കീപ്പർ ബാറ്റർ ഇക്രം അലിഖിൽ എന്നിവരും ഫോമിൽ. ലോവർ മിഡിൽ ഓർഡറിൽ മുഹമ്മദ് നബിയും വാലറ്റത്ത് റഷീദ് ഖാനും മുജീബും കൂടിയാകുമ്പോൾ ബാറ്റിങ് ലൈനപ്പിന് ആഴമേറുന്നു.

ട്രെന്‍റ് ബൗൾട്ടും മാറ്റ് ഹെൻറിയും ഫെർഗൂസനും ഉൾപ്പെടുന്ന പേസ് ബൗളിങ് നിരയാണ് ഇരു ടീമുകളും തമ്മിലുള്ള പ്രധാന വ്യത്യാസമെന്നു പറയാം. ഫസൽഹഖ് ഫാറൂക്കിയും നവീൻ ഉൽ ഹക്കും ഇവരോട് കിടപിടിക്കാൻ പോന്ന പേസർമാരല്ല. സ്പിൻ ഉപയോഗിച്ച് ഈ പോരായ്മ എത്രമാത്രം മറികടക്കാനാകുന്ന എന്നതിനെ ആശ്രയിച്ചിരിക്കും മത്സരഫലം.

ടീമുകൾ

ന്യൂസിലൻഡ്: കെയ്ൻ വില്യംസൺ (ക്യാപ്റ്റൻ), ട്രെന്‍റ് ബൗൾട്ട്, മാർക്ക് ചാപ്പ്മാൻ, ഡെവൺ കോൺവെ (വിക്കറ്റ് കീപ്പർ), ലോക്കി ഫെർഗൂസൻ, മാറ്റ് ഹെൻറി, ടോം ലാഥം (വൈസ് ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), ഡാരിൽ മിച്ചൽ, ജിമ്മി നീഷം, ഗ്ലെൻ ഫിലിപ്സ് (വിക്കറ്റ് കീപ്പർ), രചിൻ രവീന്ദ്ര, മിച്ചൽ സാന്‍റ്നർ, ഇഷ് സോധി, ടിം സൗത്തി, വിൽ യങ്.

അഫ്ഗാനിസ്ഥാൻ: ഹഷ്മത്തുള്ള ഷാഹിദി (ക്യാപ്റ്റൻ), റഹ്മാനുള്ള ഗുർബാസ് (വിക്കറ്റ് കീപ്പർ), ഇബ്രാഹിം സദ്രാൻ, റിയാസ് ഹസൻ, റഹ്മത് ഷാ, നജീബുള്ള സദ്രാൻ, മുഹമ്മദ് നബി, ഇക്രം അലിഖിൽ (വിക്കറ്റ് കീപ്പർ), അസ്മത്തുള്ള ഒമർസായ്, റഷീദ് ഖാൻ, മുജീബ് ഉർ റഹ്മാൻ, നൂർ അഹമ്മദ്, ഫസൽഹക്ക് ഫാറൂഖി, അബ്ദുൾ റഹ്മാൻ, നവീൻ ഉൽ ഹക്ക്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com