യുഎഇയെ കീഴടക്കി അഫ്ഗാനിസ്ഥാൻ

ഓൾറൗണ്ടർ അസ്മത്തുള്ള ഒമർസായിയുടെ ഉജ്വല പ്രകടനത്തിന്‍റെ ബലത്തിൽ ട്വന്‍റി20 ലോകകപ്പിൽ യുഎഇയെ അഫ്ഗാനിസ്ഥാൻ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി
Afghanistan vs UAE T20 world cup

യുഎഇക്കെതിരേ അഫ്ഗാനിസ്ഥാൻ ഓൾറൗണ്ടർ അസ്മത്തുള്ള ഒമർസായിയുടെ ബാറ്റിങ്.

Updated on

ന്യൂഡൽഹി: ഓൾറൗണ്ടർ അസ്മത്തുള്ള ഒമർസായിയുടെ ഉജ്വല പ്രകടനത്തിന്‍റെ ബലത്തിൽ ട്വന്‍റി20 ലോകകപ്പിൽ യുഎഇയെ അഫ്ഗാനിസ്ഥാൻ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത യുഎഇ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുത്തു. അഫ്ഗാൻ 19.3 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി. ടൂർണമെന്‍റിൽ അഫ്ഗാന്‍റെ ആദ്യ ജയമാണിത്. ഇതോടെ സൂപ്പർ എട്ട് പ്രതീക്ഷ ചെറിയ തോതിലെങ്കിലും നിലനിർത്താൻ അഫ്ഗാനു സാധിച്ചു.

നാലു വിക്കറ്റ് വീഴ്ത്തുകയും 40 റൺസുമായി പുറത്താകാതെ നിൽക്കുകയും ചെയ്ത ഒമർസായി അക്ഷരാർഥത്തിൽ അഫ്ഗാനിസ്ഥാന് ജീവശ്വാസം നൽകുകയായിരുന്നു. ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ അഫ്ഗാന് ഓപ്പണർ റഹ്മത്തുള്ള ഗുർബാസിനെയും (0) ഗുൽബദിൻ നയ്ബിനെയും (13) ക്ഷണത്തിൽ നഷ്ടമായി. എന്നാൽ ഇബ്രാഹിം സദ്രാൻ (41 പന്തിൽ 53) അഫ്ഗാനെ കരകയറ്റി. ആറു ഫോറും ഒരു സിക്സും സദ്രാന്‍റെ ബാറ്റിൽ നിന്ന് മൂളിപ്പറന്നു.

സദ്രാൻ മടങ്ങിയശേഷം ദർവിഷ് റസൂലിയും (33) ഒമർസായിയും ചേർന്ന് ടീമിനെ വിജയത്തോട് അടുപ്പിച്ചു. അവസാന ആറ് ഓവറിൽ 61 റൺസ് എന്ന കണക്ക് അഫ്ഗാന് മുന്നിലുണ്ടായിരുന്നു. അവിടെ നിന്ന് രണ്ടു ഫോറും ഒരു സിക്സും ‌പറത്തിയ റസൂലി പ്രത്യാക്രമണം ആരംഭിച്ചു. എന്നാൽ റസൂലിയെ ജുനൈദ് സി‌ദ്ദിഖ് ബൗൾഡാക്കി. പക്ഷേ, ഗിയർ മാറ്റിയ ഒമർസായി, മുഹമ്മദ് ജവാദുള്ളയെ ഗ്യാലറി കാണിച്ചും അതിർത്തി കടത്തിയും മത്സരം അഫ്ഗാന്‍റെ വരുതിയിലാക്കി.

നേരത്തെ ഷൊയ്ബ് ഖാന്‍റെയും (48 പന്തിൽ 68, ആറ് ഫോർ, നാലു സിക്സ്) മലയാളി ബാറ്റർ അലിഷാൻ ഷറഫുവിന്‍റെയും (31 പന്തിൽ 40, മൂന്ന് ഫോർ, രണ്ട് സിക്സ്) വെടിക്കെട്ട് ബാറ്റിങ്ങാണ് യുഎഇയെ മാന്യമായ സ്കോറിൽ എത്തിച്ചത്. മികച്ച സ്കോറിലേക്ക് കുതിക്കുകയായിരുന്ന യുഎഇയെ മധ്യ ഓവറുകളിലെ ഉശിരൻ പന്തേറിലൂടെയാണ് അഫ്ഗാൻ തടഞ്ഞത്. കൃത്യതയും വൈവിധ്യവും കാത്തുസൂക്ഷിച്ച ഒമർസായ്, ഷൊയ്ബ് ഖാന്‍റെ അടക്കം നാലു വിക്കറ്റാണ് കൊയ്തത്. മുജീബ് ഉർ റഹ്മാന് രണ്ടും ക്യാപ്റ്റൻ റാഷിദ് ഖാന് ഒരു വിക്കറ്റും ലഭിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com