അസ്മത്തുള്ളയുടെ വെടിക്കെട്ട് ഇന്നിങ്സ്; ഹോങ് കോങ്ങിനെതിരേ അഫ്ഗാനിസ്ഥാന് ജയം

94 റൺസിനാണ് അഫ്ഗാനിസ്ഥാൻ വിജയിച്ചത്
afghanisthan won by 94 runs against hong kong

അസ്മത്തുള്ള ഒമർസായ്

Updated on

അബുദാബി: ഏഷ‍്യ കപ്പ് ടൂർണമെന്‍റിലെ ആദ‍്യ മത്സരത്തിൽ ഹോങ് കോങ്ങിനെതിരേ അഫ്ഗാനിസ്ഥാന് ജയം. 94 റൺസിനാണ് അഫ്ഗാനിസ്ഥാൻ വിജയിച്ചത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത അഫ്ഗാനിസ്ഥാൻ നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ ഉയർത്തിയ 188 റൺസ് വിജയലക്ഷ‍്യം ഹോങ് കോങ്ങിനു മറികടക്കാനായില്ല. 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 94 റൺസ് നേടാനെ ഹോങ് കോങ്ങിന് സാധിച്ചുള്ളൂ. 39 റൺസ് നേടിയ ബാബർ ഹയാത്താണ് ടീമിന്‍റെ ടോപ് സ്കോറർ.

പവർ പ്ലേയിൽ തന്നെ ബാറ്റിങ് തകർച്ച നേരിട്ട ഹോങ് കോങ്ങിന് തിരിച്ചു വരവിന് സാധിച്ചില്ല. ബാബർ ഹയാത്ത് മാത്രമാണ് അൽപ്പമെങ്കിലും പൊരുതിയത്. ക‍്യാപ്റ്റൻ യാസിൻ മുർതാസ (16), സീഷൻ അലി (5), നിസാകത് ഖാൻ (0) കൽഹാൻ ചല്ലു (4) എന്നിവർ നിരാശപ്പെടുത്തി. അഫ്ഗാനിസ്ഥാനു വേണ്ടി ഫസൽഹഖ് ഫാറൂഖി, ഗുൽബാദിൻ നയ്ബ് എന്നിവർ രണ്ടും അസ്മത്തുള്ള ഒമർസായ്, റാഷിദ് ഖാൻ, നൂർ അഹമ്മദ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

ആദ‍്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാനു വേണ്ടി 52 പന്തിൽ നിന്നും 73 റൺസ് നേടിയ സെദിക്കുള്ള അടൽ, 21 പന്തിൽ 53 റൺസ് നേടിയ അസ്മത്തുള്ള ഒമർസായ് എന്നിവരുടെ മികച്ച പ്രകടനമാണ് അഫ്ഗാനിസ്ഥാന് കരുത്തേകിയത്. മത്സരത്തിന്‍റെ തുടക്കത്തിൽ റഹ്മത്തുള്ള ഗുർബാസ് (8), ഇബ്രാഹിം സദ്രാൻ (1) എന്നിവരുടെ വിക്കറ്റുകൾ ടീമിനു നഷ്ടമായെങ്കിലും മൂന്നാം വിക്കറ്റിൽ സെദിക്കുള്ളയും മുഹമ്മദ് നബിയും ചേർന്ന് നേടിയ 51 റൺസ് കൂട്ടുകെട്ടാണ് ടീമിനെ മുന്നോട്ട് നയിച്ചത്.

പിന്നീട് ഗുൽബാദിൻ നയ്ബ് ഉടനെ മടങ്ങിയെങ്കിലും ഒമർസായിക്കൊപ്പം ചേർന്ന് സെദിക്കുള്ള ടീമിനെ മികച്ച സ്കോറിലെത്തിച്ചു. 41 പന്തിലായിരുന്നു സെദിക്കുള്ള അർധസെഞ്ചുറി പൂർത്തിയാക്കിയത്. 6 ബൗണ്ടറിയും മൂന്നു സിക്സറും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്. അതേസമയം അസ്മത്തുള്ള ഒമർസായ് 20 പന്തിൽ നിന്നുമാണ് അർധസെഞ്ചുറി നേടിയത്. രണ്ടു ബൗണ്ടറിയും 5 സിക്സറുകളും ഉൾപ്പെടുന്നതായിരുന്നു ഇന്നിങ്സ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com