

ഋഷഭ് പന്ത്, വിരാട് കോലി
ന‍്യൂഡൽഹി: വരാനിരിക്കുന്ന വിജയ് ഹസാരെ ട്രോഫിയിൽ ഡൽഹിക്കു വേണ്ടി ഇന്ത‍്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് കളിച്ചേക്കുമെന്ന് റിപ്പോർട്ട്. ടൂർണമെന്‍റിൽ കളിച്ചേക്കുമെന്ന കാര‍്യം ഡൽഹി ക്രിക്കറ്റ് അസോസിയേഷനെ പന്ത് അറിയിച്ചതായാണ് പുറത്തു വരുന്ന വിവരം. ഡൽഹിയെ പ്രതിനിധീകരിച്ച് 2015ൽ ലിസ്റ്റ് എ ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ഋഷഭ് പന്ത് അവസാനമായി ആഭ‍്യന്തര ക്രിക്കറ്റ് കളിച്ചത് 2018ലാണ്.
ആ സീസണിൽ 19 മത്സരങ്ങളിൽ നിന്നും താരം ഒരു സെഞ്ചുറിയും രണ്ട് അർധസെഞ്ചുറിയും ഉൾപ്പടെ 531 റൺസ് അടിച്ചെടുത്തിരുന്നു. നേരത്തെ വിരാട് കോലിയും വിജയ് ഹസാരെ ടൂർണമെന്‍റിൽ ഡൽഹിക്കു വേണ്ടി കളിക്കുമെന്ന കാര‍്യം ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റ് രോഹൻ ജെയ്റ്റ്ലി സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണിപ്പോൾ ഋഷഭ് പന്തും വിജയ് ഹസാരെ കളിച്ചേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നത്.