രാവിലെ യുഎസിൽ പ്രവേശിച്ച് കളി കഴിഞ്ഞാൽ അന്നു തന്നെ തിരികെ പോകണം

ലോകകപ്പിൽ ഇറാന്‍റെ താരങ്ങൾക്ക് കടുത്ത വിസ നിയന്ത്രണവുമായി യുഎസ്
US imposes strict visa restrictions Iranian players World Cup

ലോകകപ്പിൽ ഇറാന്‍റെ താരങ്ങൾക്ക് കടുത്ത വിസ നിയന്ത്രണവുമായി യുഎസ്

Updated on

മെക്സിക്കോ സിറ്റി: അമെരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനെതിരേ നടത്തുന്ന യുദ്ധ പശ്ചാത്തലത്തിൽ ഇറാന്‍റെ ലോകകപ്പ് ഫുട്ബോൾ ടീം തങ്ങളുടെ ഔദ്യോഗിക പരിശീലന ക്യാംപ് മെക്സിക്കോയിലേയ്ക്ക് മാറ്റിയതായി മെക്സിക്കോയിലെ ഇറാൻ സ്ഥാനപതി അബുൽഫസൽ പസന്തിദേഹ് വ്യക്തമാക്കി.

യുഎസിലെ അരിസോണയിൽ ട്യൂസൺ നഗരത്തിൽ പരിശീലനം നടത്താനാണ് ഇറാനിയൻ ടീം ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ യുഎസിന്‍റെ കർശനമായ വിസ നിയന്ത്രണം മൂലം ഈ പദ്ധതി ഉപേക്ഷിക്കാൻ ഇറാൻ നിർബന്ധിതരായി.

രാവിലെ അമെരിക്കയിൽ പ്രവേശിച്ചാൽ അന്നു തന്നെ തിരികെ പോകണമെന്ന കർശനമായ വിസ നിബന്ധനയാണ് യുഎസ് അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായതെന്ന് സ്ഥാനപതി വ്യക്തമാക്കി. ലോകകപ്പിന്‍റെ ഗ്രൂപ്പ് ഘട്ടത്തിൽ ലോസ് ആഞ്ചലസിൽ രണ്ടും സീറ്റിലിൽ ഒന്നും ഉൾപ്പടെ മൂന്നു മത്സരങ്ങളാണ് ഇറാൻ അമെരിക്കയിൽ കളിക്കേണ്ടത്.

കഴിഞ്ഞ ഫെബ്രുവരി അവസാനത്തോടെ അമെരിക്കയും ഇസ്രയേലും ഇറാനിൽ നടത്തിയ വ്യോമാക്രമണങ്ങളെ തുടർന്ന് പശ്ചിമേഷ്യയിലുണ്ടായ യുദ്ധസമാനമായ അന്തരീക്ഷമാണ് ഇതിനെല്ലാം കാരണം.

ഇതിനു തിരിച്ചടിയായി ഇസ്രയേലിനു നേരെയും യുഎസ് സൈനിക താവളങ്ങൾ ഉള്ള രാജ്യങ്ങൾക്കെതിരേയും ഇറാൻ ആക്രമണം നടത്തി. ആഗോള ഊർജ വിതരണത്തിന്‍റെ പ്രധാന പാതയായ ഹോർമൂസ് കടലിടുക്കിലെ കപ്പൽ ഗതാഗതം തടസപ്പെടുത്തുന്നതിലേയ്ക്കു വരെ ഈ സംഘർഷം എത്തി നിൽക്കുന്ന സാഹചര്യത്തിലാണ് യുഎസിന്‍റെ ഈ കടുത്ത വിസ നിയന്ത്രണം.

logo
Metro Vaartha
www.metrovaartha.com