ജനസംഖ്യ ഒന്നര ലക്ഷം: കുറക്കാവോയ്ക്കു വരെ ലോകകപ്പ് യോഗ്യത..., ഇന്ത്യക്കോ...!

കരീബിയൻ ദ്വീപ് രാജ്യമായ കുറക്കാവോ പുരുഷ ഫുട്ബോൾ ലോകകപ്പിന് യോഗ്യത നേടുന്ന ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള രാജ്യമായി ചരിത്രം കുറിച്ചു
കുറക്കാവോയ്ക്കു വരെ ലോകകപ്പ് യോഗ്യത | Curacao football world cup qualification

കുറക്കാവോ ദേശീയ ഫുട്ബോൾ ടീം.

Updated on

കിംഗ്സ്റ്റൺ (ജമൈക്ക): കരീബിയൻ ദ്വീപ് രാജ്യമായ കുറക്കാവോ പുരുഷ ഫുട്ബോൾ ലോകകപ്പിന് യോഗ്യത നേടുന്ന ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള രാജ്യമായി ചരിത്രം കുറിച്ചു. 2026 ലോകകപ്പിലേക്കാണ് ഈ കൊച്ചുരാജ്യം ടിക്കറ്റെടുത്തത്.

നെതർലാൻഡ്സ് രാജ്യത്തിന്‍റെ സ്വയംഭരണ പ്രദേശമായ കുറക്കാവോയ്ക്ക് ഏകദേശം 1,56,000 മാത്രമാണ് ജനസംഖ്യ. 2018ൽ റഷ്യൻ ലോകകപ്പിന് യോഗ്യത നേടിയ ഐസ്‌ലാൻഡിന്‍റെ (3,50,000-ൽ അധികം ജനസംഖ്യ) റെക്കോർഡാണ് കുറക്കാവോ തകർത്തത്. അടുത്ത വർഷത്തെ ലോകകപ്പിൽ പങ്കെടുപ്പിക്കുന്ന രാജ്യങ്ങളുടെ എണ്ണം 48 ആയി ഉയർത്തിയിട്ടും 140 കോടി ജനസംഖ്യയുള്ള ഇന്ത്യക്ക് യോഗ്യതയുടെ അടുത്തു പോലും എത്താനായില്ല.

ചൊവ്വാഴ്ച ജമൈക്കയുമായി ഗോൾരഹിത സമനില നേടിയാണ് കുറക്കാവോ ചരിത്രമെഴുതിയത്. ഈ സമനിലയോടെ നാല് ടീമുകളുള്ള ഗ്രൂപ്പിൽ അവർ ഒന്നാം സ്ഥാനത്തെത്തി. ട്രിനിഡാഡ് ആൻഡ് ടൊബാഗോ, അവസാന സ്ഥാനക്കാരായ ബർമുഡ എന്നിവരായിരുന്നു ഗ്രൂപ്പിലെ മറ്റ് എതിരാളികൾ.

പ്രധാനമായും നെതർലാൻഡ്സിൽ ജനിച്ചു വളർന്ന കളിക്കാരെയാണ് ടീം ആശ്രയിക്കുന്നത്. കുറക്കാവോ അവരുടെ പ്രവാസി താരങ്ങളെ സജീവമായി റിക്രൂട്ട് ചെയ്യുന്നുണ്ട്. ലോക ഫുട്ബോൾ നിയമങ്ങൾക്കനുസൃതമായി, യുവതലങ്ങളിലോ അണ്ടർ-21 തലങ്ങളിലോ നെതർലാൻഡിനെ പ്രതിനിധീകരിച്ച അഞ്ച് കളിക്കാരുടെ ദേശീയ ടീം യോഗ്യത മാറ്റാൻ ഓഗസ്റ്റ് മുതൽ ഫിഫയുടെ അനുമതി അവർക്ക് ലഭിച്ചു. 2016ൽ നെതർലാൻഡ്സിനായി ഒരു ലോകകപ്പ് യോഗ്യതാ മത്സരത്തിൽ കളിച്ച താരമാണ് ഡിഫൻഡർ ജോഷ്വ ബ്രെനെറ്റ്.

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് യൂത്ത് കളിക്കാരനായ താഹിത് ചോങ് കുറക്കാവോയിൽ ജനിച്ച ചുരുക്കം ചില സ്ക്വാഡ് അംഗങ്ങളിൽ ഒരാളാണ്. 15 വർഷം മുമ്പ് സ്വയംഭരണം ലഭിക്കുന്നതിനു മുമ്പ് നെതർലാൻഡ്സ് ആന്‍റിലസ് എന്നായിരുന്നു ഈ രാജ്യം അറിയപ്പെട്ടിരുന്നത്.

വികസിപ്പിച്ച 48 ടീമുകൾ മാറ്റുരയ്ക്കുന്ന അടുത്ത ലോകകപ്പിന് (യുഎസ്, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ) ഒരു പ്രശസ്തനായ ഡച്ച് പരിശീലകനാണ് കുറക്കാവോയെ നയിക്കുന്നത്. 78ാം വയസിൽ ഡിക്ക് അഡ്വക്കാറ്റ് തന്‍റെ കരിയറിലെ മൂന്നാമത്തെ ലോകകപ്പിൽ ഒരു ടീമിനെ നയിക്കാൻ ഒരുങ്ങുകയാണ്. 1994-ൽ അദ്ദേഹം തന്‍റെ മാതൃരാജ്യമായ നെതർലാൻഡ്സിനെ ക്വാർട്ടർ ഫൈനലിൽ എത്തിച്ചിട്ടുണ്ട്, 2006-ൽ ജർമനിയിൽ നടന്ന ലോകകപ്പിൽ ദക്ഷിണ കൊറിയയുടെ പരിശീലകനായിരുന്നു.

യോഗ്യത ഉറപ്പിച്ച ടീമിൽ ഇംഗ്ലണ്ടിന്‍റെ മൂന്നാം ഡിവിഷൻ ലീഗിലെ റൊഥർഹാം, ടർക്കിഷ് രണ്ടാം ഡിവിഷനിലെ ബന്ദിർമസ്‌പോർ, സൗദി അറേബ്യയിലെ അബ്ഹ എന്നിവിടങ്ങളിലെ ക്ലബ്ബുകളിൽ കളിക്കുന്ന താരങ്ങളുണ്ട്.

ജമൈക്കയിലെ നിർണായക മത്സരത്തിൽ അഡ്വക്കാറ്റ് ബെഞ്ചിലുണ്ടായിരുന്നില്ല. കുടുംബപരമായ കാരണങ്ങളാൽ കഴിഞ്ഞ വാരാന്ത്യം അദ്ദേഹത്തിന് നെതർലാൻഡ്സിലേക്ക് മടങ്ങേണ്ടിവന്നു. കിംഗ്സ്റ്റണിൽ ഭാഗ്യം തുണച്ചാണ് കുറക്കാവോ സമനില നേടിയത്. രണ്ടാം പകുതിയിൽ ജമൈക്കയുടെ മൂന്ന് ഷോട്ടുകൾ പോസ്റ്റിൽ തട്ടിത്തെറിച്ചു. അധിക സമയത്ത് ഹോം ടീമിന് ലഭിച്ച നിർണായക പെനാൽറ്റി വീഡിയോ റിവ്യൂവിന് ശേഷം റദ്ദാക്കുകയും ചെയ്തു.

കുറക്കാവോയ്ക്ക് പുറമേ, പനാമയും ഹൈതിയും ചൊവ്വാഴ്ച ലോകകപ്പ് യോഗ്യത ഉറപ്പിച്ചു. സെസാർ ബ്ലാക്ക്മാൻ, എറിക് ഡേവിസ്, ജോസ് ലൂയിസ് റോഡ്രിഗസ് എന്നിവരുടെ ഗോളുകളുടെ മികവിൽ എൽ സാൽവഡോറിനെ 3-0ന് തോൽപ്പിച്ചാണ് പനാമ രണ്ടാം ലോകകപ്പിന് യോഗ്യത നേടിയത്. പനാമയുടെ ഇതിനുമുമ്പുള്ള ഏക ലോകകപ്പ് പങ്കാളിത്തം 2018-ലായിരുന്നു. മറ്റൊരു ഡച്ച് സ്വാധീനമുള്ള ടീമായ സുരിനാമിനെ അവർ മറികടന്നു.

കരീബിയൻ രാജ്യമായ ഹൈതി നിക്കരാഗ്വയെ 2-0ന് തോൽപ്പിച്ച് ഗ്രൂപ്പിൽ ഒന്നാമതെത്തി. മുൻ ക്വാർട്ടർ ഫൈനലിസ്റ്റുകളായ ഹോണ്ടുറാസിനെയും കോസ്റ്റാറിക്കയെയും അട്ടിമറിച്ചാണ് ഹൈതിയുടെ മുന്നേറ്റം. 1974-ൽ പശ്ചിമ ജർമനിയിൽ നടന്ന ലോകകപ്പിലാണ് ഹൈതി ഇതിനുമുമ്പ് കളിച്ചത്.

ചൊവ്വാഴ്ചത്തെ കരീബിയൻ, മധ്യ അമേരിക്കൻ ഫലങ്ങൾ മാർച്ചിൽ മെക്സിക്കോയിൽ നടക്കുന്ന ഇന്‍റർകോണ്ടിനെന്‍റൽ പ്ലേഓഫുകളിൽ പങ്കെടുക്കുന്ന ആറ് ടീമുകളെയും തീരുമാനിച്ചു. ജമൈക്ക, സുരിനാം, ഏഷ്യയിൽ നിന്ന് ഇറാഖ്, ആഫ്രിക്കയിൽ നിന്ന് കോംഗോ, തെക്കേ അമേരിക്കയിൽ നിന്ന് ബൊളീവിയ, ഓഷ്യാനിയയിൽ നിന്ന് ന്യൂ കാലിഡോണിയ എന്നിവയാണ് പ്ലേഓഫിൽ കളിക്കുന്നത്. ഈ പ്ലേഓഫുകളിൽ നിന്ന് രണ്ട് ടീമുകൾ ലോകകപ്പിന് യോഗ്യത നേടും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com