'ഇബ്രാഹിമോവിച്ച് എന്നതൊരു പേരു മാത്രം', സ്വന്തം കഥയെഴുതാൻ മകൻ ഇറങ്ങുന്നു

സ്വീഡന്‍റെ ഇതിഹാസ ഫുട്ബോളർ സ്ലാറ്റർ ഇബ്രാഹിമോവിച്ചിന്‍റെ മകൻ, 19 വയസുകാരനായ മാക്സിമിലിയൻ അയാക്സിൽ ചേർന്നു. സ്ലാറ്റൻ ലോകോത്തര താരമായി വളർന്ന ക്ലബ്.
 Ajax signs zlatan ibrahimović son

സ്ലാറ്റൻ ഇബ്രാമിവോവിച്ചും മകൻ മാക്സിമിലിയനും.

Updated on
Summary

ഇതിഹാസ താരം സ്ലാറ്റൻ ഇബ്രാഹിമോവിച്ചിന്‍റെ മകൻ മാക്സിമിലിയൻ അയാക്സിൽ ചേർന്നു. വായ്പാടിസ്ഥാനത്തിലാണ് താരം ഡച്ച് ക്ലബ്ബിലെത്തുന്നത്. അച്ഛന്‍റെ പേരിന്‍റെ തണലിലല്ലാതെ സ്വന്തം കളിയിലൂടെ ലോകമറിയപ്പെടാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് മാക്സിമിലിയൻ വ്യക്തമാക്കി. അയാക്സ് അണ്ടർ 23 ടീമിലൂടെയാകും താരം കളി തുടങ്ങുക.

ആംസ്റ്റർഡാം: ഫുട്ബോൾ ലോകത്തെ 'സിംഹം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ലാറ്റൻ ഇബ്രാഹിമോവിച്ച് വിറപ്പിച്ചിരുന്ന മൈതാനങ്ങളിലെ പുൽനാമ്പുകൾ തേടി മറ്റൊരു ഇബ്രാഹിമോവിച്ച് കൂടി എത്തുന്നു.

സ്ലാറ്റന്‍റെ മകൻ, 19 വയസുകാരൻ മാക്സിമിലിയൻ ഇബ്രാഹിമോവിച്ച് ഡച്ച് ക്ലബ്ബ് അയാക്സുമായി കരാറൊപ്പിട്ടു. ഇറ്റാലിയൻ ക്ലബ്ബായ എസി മിലാനിൽ നിന്നാണ് മാക്സിമിലിയൻ വായ്പാടിസ്ഥാനത്തിൽ അയാക്സിലേക്ക് എത്തുന്നത്.

പേരിലല്ല, കളിയിലാണ് കാര്യം

ലോക ഫുട്ബോളിലെ ഏറ്റവും കരുത്തുറ്റ പേരുകളിലൊന്നാണ് 'ഇബ്രാഹിമോവിച്ച്'. എന്നാൽ ആ പേരിന്‍റെ ഭാരമില്ലാതെ സ്വന്തം വ്യക്തിത്വം തെളിയിക്കാനാണ് മാക്സിമിലിയന്‍റെ പുറപ്പാട്.

''ഇബ്രാഹിമോവിച്ച് എന്നത് ഒരു പേര് മാത്രമാണ്, ഞാൻ വെറും മാക്സിമിലിയൻ. എപ്പോഴും അച്ഛനുമായി താരതമ്യം ചെയ്യാനാണെങ്കിൽ എനിക്ക് ഫുട്ബോൾ ആസ്വദിക്കാൻ കഴിയില്ല. എനിക്ക് എന്‍റെ സ്വന്തം കഥ എഴുതണം,'' അയാക്സിലെത്തിയ ശേഷം മാക്സിമിലിയൻ പറഞ്ഞു.

അയാക്സിന്‍റെ പുതിയ വാഗ്ദാനം

സീസൺ അവസാനം വരെ ഏകദേശം 3.5 മില്യൺ യൂറോയ്ക്കാണ് (ഏകദേശം 32 കോടി രൂപ) മാക്സിമിലിയനെ അയാക്സ് സ്വന്തമാക്കിയിരിക്കുന്നത്. സീസണിനു ശേഷം താരത്തെ സ്ഥിരമായി നിലനിർത്താനുള്ള ഓപ്ഷനും കരാറിലുണ്ട്.

പെനാൽറ്റി ബോക്സിലെ മികച്ച പൊസിഷനിങ്ങും ഫിനിഷിങ്ങുമാണ് ഈ യുവ വിങ്ങറുടെ കരുത്ത്. എസി മിലാൻ ഫ്യൂച്ചറോയ്ക്കായി ഈ സീസണിൽ 16 മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകൾ താരം നേടിയിട്ടുണ്ട്.

തുടക്കത്തിൽ അയാക്സിന്‍റെ അണ്ടർ 23 ടീമിന് വേണ്ടിയാകും മാക്സിമിലിയൻ കളിക്കുക. പ്രകടനം വിലയിരുത്തിയ ശേഷം സീനിയർ ടീമിലേക്ക് സ്ഥാനക്കയറ്റം നൽകാനാണ് ക്ലബ്ബ് ലക്ഷ്യമിടുന്നത്.

സ്ലാറ്റന്‍റെ വഴിയേ

2001 മുതൽ 2005 വരെ അയാക്സിന് വേണ്ടി ബൂട്ട് കെട്ടിയ സ്ലാറ്റൻ ഇബ്രാഹിമോവിച്ച് അവർക്കു വേണ്ടി 110 മത്സരങ്ങളിൽ നിന്ന് 48 ഗോളുകൾ നേടിയിട്ടുണ്ട്. അവിടെ നിന്നാണ് ലോകോത്തര താരമായി വളർന്നത്. അച്ഛൻ തുടങ്ങിവെച്ച ആ ചരിത്രം മകൻ ആവർത്തിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

സ്ലാറ്റന്‍റെ രണ്ടാമത്തെ മകൻ 17 വയസ്സുകാരനായ വിൻസെന്‍റ് ഇബ്രാഹിമോവിച്ചും അടുത്തിടെ മിലാനുമായി പ്രൊഫഷണൽ കരാറിൽ ഏർപ്പെട്ടിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com