
അജയ് ദേവ്ഗൺ, ഷാഹിദ് അഫ്രീദി
ലണ്ടൻ: പാക്കിസ്ഥാൻ താരം ഷാഹിദ് അഫ്രീദിക്കൊപ്പം നിൽക്കുന്ന ബോളിവുഡ് താരം അജയ് ദേവ്ഗന്‍റെ ചിത്രം വൈറലായതിനു പിന്നാലെ സമൂഹമാധ‍്യമങ്ങളിൽ രൂക്ഷ വിമർശനം. ഗ്രൗണ്ടിൽ ഇരുവരും സൗഹൃദ സംഭാഷണം നടത്തുന്നതിന്‍റെ ചിത്രമായിരുന്നു സമൂഹമാധ‍്യമങ്ങളിൽ വൈറലായത്. 2025ലെ ലെജൻഡ്സ് ചാംപ‍്യൻഷിപ്പിനിടെയാണ് ഇരുവരും സൗഹൃദ സംഭാഷണം നടത്തിയെന്ന തരത്തിലായിരുന്നു പ്രചാരണം.
പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത‍്യൻ സൈന‍്യത്തിനെതിരേ രൂക്ഷ വിമർശനം നടത്തി അഫ്രീദി രംഗത്തെത്തിയിരുന്നു. ഇക്കാര‍്യങ്ങൾ എല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു ആരാധകരുടെ വിമർശനം. സ്ക്രീനിൽ പട്ടാളക്കാരനായും പൊലീസുകാരനായും ആരാധകരെ ആവേശം കൊള്ളിച്ച നടന്‍റെ ഇരട്ടമുഖം ഇതിലൂടെ പുറത്തായെന്നും ആരാധകർ സമൂഹമാധ‍്യമങ്ങളിൽ കുറിച്ചു.
എന്നാൽ ഇരുവരുടെയും ചിത്രങ്ങൾ 2024ൽ നടന്ന ലെജൻഡ്സ് ചാംപ‍്യൻഷിപ്പിലേതാണെന്നതാണ് സത‍്യാവസ്ഥ. ഇത് തിരിച്ചറിയാതെയായിരുന്നു ആരാധകരുടെ വിമർശനം.
ഞായറാഴ്ചയായിരുന്നു ഇത്തവണത്തെ ലെജൻഡ്സ് ചാംപ‍്യൻഷിപ്പിലെ ഇന്ത‍്യ പാക്കിസ്ഥാൻ മത്സരം നടക്കേണ്ടിയിരുന്നത്. എന്നാൽ പാക്കിസ്ഥാനുമായി കളിക്കാൻ തയാറല്ലെന്ന് ഇന്ത‍്യൻ താരങ്ങൾ അറിയിച്ചതോടെ മത്സരം റദ്ദാക്കുകയായിരുന്നു.
പഹൽഗാം ഭീകരാക്രമണം സ്വന്തം രാജ‍്യത്തെ ജനങ്ങൾക്കെതിരേ ഇന്ത‍്യ നടത്തിയ ആക്രമണമാണെന്നായിരുന്നു അഫ്രീദി അന്ന് പറഞ്ഞിരുന്നത്. സ്വന്തം രാജ‍്യത്തെ പൗരന്മാരെ ഇന്ത‍്യ വെടിവച്ചുകൊന്ന ശേഷം പാക്കിസ്ഥാനെ കുറ്റപ്പെടുത്തുന്നുവെന്നും അഫ്രീദി പറഞ്ഞിരുന്നു.