
ജസ്പ്രീത് ബുംറ, അർഷ്‌ദീപ് സിങ്
മുംബൈ: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ സ്റ്റാർ പേസർ ജസ്പ്രീത് ബുംറ കളിക്കുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ബുംറ കളിക്കുന്ന കാര‍്യത്തിൽ മത്സര ദിവസം മാത്രമെ തീരുമാനമെടുക്കുയെന്നായിരുന്നു ഇന്ത‍്യൻ ടീം സഹ പരിശീലകൻ റിയാൻ ടെൻ ഡോഷെറ്റ കഴിഞ്ഞ ദിവസം പറഞ്ഞത്.
മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫഡിൽ ബുധനാഴ്ചയാണ് നാലാം ടെസ്റ്റ് ആരംഭിക്കുന്നത്. പേസ് ബൗളർമാർക്ക് അനുകൂലമായ പിച്ചായതിനാൽ ബുംറ കളിച്ചേക്കുമെന്നാണ് കരുതുന്നത്.
എന്നാൽ ഇപ്പോഴിതാ നാലാം ടെസ്റ്റ് ബുംറ കളിച്ചില്ലെങ്കിൽ പകരക്കാരനായി അർഷ്‌ദീപ് സിങ്ങിനെ ടീമിൽ ഉൾപ്പെടുത്തണമെന്ന് പറഞ്ഞിരിക്കുകയാണ് മുൻ നായകൻ അജിങ്ക‍്യാ രഹാനെ. തന്‍റെ യൂട‍്യൂബ് ചാനലിലൂടെയായിരുന്നു രഹാനെ ഇക്കാര‍്യം വ‍്യക്തമാക്കിയത്.
ഇംഗ്ലണ്ട് സാഹചര‍്യങ്ങളിൽ പന്ത് ഇരു വശത്തേക്കും സിങ് ചെയ്യാൻ സാധിക്കുന്ന ഇടം കൈയ്യൻ ബൗളറെയാണ് ടീമിന് ആവശ‍്യമെന്നും അർഷ്‌ദീപിന് അതിന് കഴിയുമെന്നും രഹാനെ പറഞ്ഞു. വ‍്യത‍്യസ്ത ആംഗിളുകളിൽ അർഷ്‌ദീപിന് പന്തെറിയാൻ കഴിയുമെന്നും അർഷദീപിന്‍റെ റണ്ണപ്പിലൂടെ പിച്ചിലുണ്ടാകുന്ന മാറ്റം സ്പിന്നർമാർക്ക് ഗുണം ചെയ്യുമെന്നും രഹാനെ കൂട്ടിച്ചേർത്തു. ഇന്ത‍്യക്ക് വേണ്ടി 63 ടി20 മത്സരങ്ങളിൽ നിന്നും 99 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട് അർഷ്ദീപ്.
അതേസമയം കുൽദീപ് യാദവിനെ സാഹചര‍്യങ്ങൾക്ക് അനുസരിച്ച് ടീമിൽ ഉൾപ്പെടുത്തണമെന്നും രഹാനെ പറഞ്ഞു. അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിൽ നിലവിൽ 2-1 ന് ജയിച്ച ഇംഗ്ലണ്ടാണ് മുന്നിൽ. അടുത്ത രണ്ട് ടെസ്റ്റ് കൂടി ഇന്ത‍്യക്ക് ജയിക്കാനായാൽ പരമ്പര സ്വന്തമാക്കാം.