

അജിങ്ക‍്യ രഹാനെ, മുഹമ്മദ് ഷമി
ന‍്യൂഡൽഹി: 2027ൽ ദക്ഷിണാഫ്രിക്കയിൽ വച്ച് നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിലേക്കുള്ള ഇന്ത‍്യൻ ടീമിന്‍റെ ബൗളിങ് നിരയെ തെരഞ്ഞെടുത്ത് മുൻ താരം അജിങ്ക‍്യ രഹാനെ. സോണി സ്പോർട്സിൽ നടന്ന ഒരു ചർച്ചയ്ക്കിടെയാണ് രഹാനെ ബൗളർമാരെ തെരഞ്ഞെടുത്തത്.
തെരഞ്ഞെടുത്ത അഞ്ച് താരങ്ങളിൽ ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജുമുണ്ട്. ഡെത്ത് ഓവറുകളിൽ മികച്ച രീതിയിൽ പന്തെറിയുന്ന ബുംറയും ന‍്യൂബോളിൽ വിക്കറ്റ് വീഴ്ത്താനുള്ള സിറാജിന്‍റെ കഴിവും കണക്കിലെടുത്തുകൊണ്ടായിരിക്കാം രഹാനെ ഇരുവരെയും ടീമിലെടുത്തത്.
ഇടങ്കയ്യൻ പേസറായി അർഷ്ദീപ് സിങ്ങിനെയും ഹിറ്റ് ദി ഡെക്ക് തന്ത്രം പ്രാവർത്തികമാക്കാൻ പ്രസിദ്ധ് കൃഷ്ണയെയും ഉൾപ്പെടുത്തിയിട്ടുണ്ട്. പേസും ബൗൺസുമുള്ള പിച്ചുകളിൽ ഇവർ മികച്ച പ്രകടനം പുറത്തെടുത്തേക്കും. ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ചിട്ടില്ലാത്ത മായങ്ക് യാദവിനെ രഹാനെ ബൗളിങ് നിരയിൽ ഉൾപ്പെടുത്തിയതാണ് ആരാധകരെ ഞെട്ടിച്ചത്.
എന്നാൽ ഏകദിന ലോകകപ്പുകളിൽ മാത്രം 13.52 ബൗളിങ് ശരാശരിയിൽ 55 വിക്കറ്റുകൾ വീഴ്ത്തിയിട്ടുള്ള വെറ്ററൻ പേസർ മുഹമ്മദ് ഷമിയെ രഹാനെ ഒഴിവാക്കി. സെലക്റ്റർമാരുടെ നിരന്തരമായ അവഗണനയ്ക്കു പിന്നാലെയാണ് രഹാനെയും ഷമിയെ അവഗണിച്ചിരിക്കുന്നത്.