

അജിങ്ക‍്യ രഹാനെ
ആംസ്റ്റർഡാം: പ്രൊഫഷണൽ ക്രിക്കറ്റ് മതിയാക്കിയതിനു പിന്നാലെ പ്രഥമ യൂറോപ‍്യൻ ടി20 പ്രിമീയർ ലീഗിൽ കളിക്കാനൊരുങ്ങി മുൻ ഇന്ത‍്യൻ ക‍്യാപ്റ്റൻ അജിങ്ക‍്യ രഹാനെ. ആംസ്റ്റർഡാം ഫ്ലെയിംസ് എന്ന ടീമിലാണ് രഹാനെ കളിക്കുക.
ഓഗസ്റ്റ് 26ന് ആരംഭിക്കുന്ന ടൂർണമെന്‍റ് ഡബ്ലിൻ, അയർലൻഡ്, നെതർലൻഡ്സ് എന്നിവിടങ്ങളിലാണ് നടക്കുന്നത്. ക്രിക്കറ്റിൽ നിന്നും താൻ വിരമിച്ച അതേ ദിവസമാണ് തനിക്ക് ഈ അവസരം ലഭിച്ചതെന്നും എന്നാൽ തീരുമാനമെടുക്കാൻ ഒരു ദിവസം സമയമെടുത്തുവെന്നും രഹാനെ പറഞ്ഞു.
അജിങ്ക‍്യ രഹാനെ
ടീമിന്‍റെ സഹ ഉടമയായ മുൻ ഓസ്ട്രേലിയൻ ക‍്യാപ്റ്റൻ സ്റ്റീവ് വോയാണ് തന്‍റെ ടീമിൽ കളിക്കാൻ താത്പര‍്യമുണ്ടോയെന്ന് തന്നെ വിളിച്ച് ചോദിച്ചതെന്ന് വാർത്താ ഏജൻസിയായ പിടിഐയോട് രഹാനെ വെളിപ്പെടുത്തി. അനുഭവ സമ്പത്തും ഇത്രയധികം വർഷങ്ങളായി ക്രിക്കറ്റ് കളിച്ചുള്ള പരിചയവും ഉള്ളതിനാൽ ആഗോളത്തലത്തിൽ തന്‍റെ സ്വാധീനം ചെലുത്താനും അത് സഹതാരങ്ങളുമായി പങ്കുവയ്ക്കാനും ലഭിക്കുന്ന അവസരമാണിതെന്നും അതിനാൽ വളരെയധികം ആകാംക്ഷയോടെയാണ് താൻ കാത്തിരിക്കുന്നതെന്നും 38കാരനായ രഹാനെ കൂട്ടിച്ചേർത്തു.
യൂറോപ്പിലെ ക്രിക്കറ്റിന്‍റെ വളർച്ചയ്ക്ക് ഈ ലീഗ് വളരെയധികം സഹായകരമാകുമെന്നും രഹാനെ പറഞ്ഞു. യൂറോപ‍്യൻ ടീമുകളായ അയർലൻഡിനെയും നെതർലൻഡ്സിനെയും എടുത്തു നോക്കൂ. അയർലൻഡ് അടുത്തിടെ ഇന്ത‍്യയ്ക്കെതിരേ പരമ്പര വിജയിച്ചു. നെതർലൻഡ്സും മികച്ച രീതിയിൽ ക്രിക്കറ്റ് കളിക്കുന്നുണ്ട്. ക്രിക്കറ്റിനോടുള്ള അവരുടെ അഭിനിവേശം അത്ഭുതപ്പെടുത്തുന്നതാണ്. ഇതിഹാസ താരങ്ങളായ രാഹുൽ ദ്രാവിഡ്, സ്റ്റീവ് വോ, മാത‍്യു ഹെയ്ഡൻ എന്നിവരുടെ സാന്നിധ‍്യം കൂടുതൽ പേരിലേക്ക് ലീഗിനെ എത്തിക്കുമെന്നും രഹാനെ വ‍്യക്തമാക്കി.