രഞ്ജി ട്രോഫി: ശേഷിക്കുന്ന മത്സരങ്ങൾ രഹാനെ കളിക്കില്ല

വ‍്യക്തിപരമായ കാരണങ്ങൾ മൂലമാണ് കളിക്കാത്തതെന്ന് താരം മുംബൈ ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചു
ajinkya rahane will not play remaining matches in ranji trophy 2025-26 matches

അജിങ്ക‍്യ രഹാനെ

Updated on

മുംബൈ: 2025-26 സീസണിലെ രഞ്ജി ട്രോഫി ടൂർണമെന്‍റിലെ ശേഷിക്കുന്ന മത്സരങ്ങൾ മുംബൈ താരം അജിങ്ക‍്യ രഹാനെ കളിക്കില്ല. വ‍്യക്തിപരമായ കാരണങ്ങൾ മൂലമാണ് കളിക്കാത്തതെന്ന് താരം മുംബൈ ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചു.

കഴിഞ്ഞ രണ്ടു സീസണുകളിലും മുംബൈയ്ക്കു വേണ്ടി രഹാനെ കളിച്ചെങ്കിലും ഇന്ത‍്യൻ ടീമിലെ നീല കുപ്പായം ഒരിക്കൽ കൂടി അണിയാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. 2023 ജൂലൈയിലാണ് രഹാനെ അവസാനമായി ഇന്ത‍്യക്കു വേണ്ടി കളിച്ചിട്ടുള്ളത്.

ഇക്കഴിഞ്ഞ സയീദ് മുഷ്താഖ് അലി ടൂർണമെന്‍റിൽ 10 മത്സരങ്ങളിൽ നിന്നും 391 റൺസ് താരം അടിച്ചെടുത്തിരുന്നു. 160.91 ആയിരുന്നു രഹാനെയുടെ സ്ട്രൈക്ക് റേറ്റ്. എന്നാൽ ഇത്തവണത്തെ രഞ്ജി ട്രോഫി ടൂർണമെന്‍റിൽ രഹാനെയുടെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. ആറ് ഇന്നിങ്സുകളിൽ‌ നിന്ന് 34.83 ശരാശരിയിൽ 45.63 സ്ട്രൈക്ക് റേറ്റിൽ 209 റൺസ് മാത്രമാണ് താരം നേടിയത്.

2025-26 രഞ്ജി ട്രോഫി സീസൺ ആരംഭിക്കുന്നതിനു മുൻപേ രഹാനെ മുംബൈ ടീമിന്‍റെ ക‍്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞിരുന്നു. ഇതേത്തുടർന്ന് ഓൾറൗണ്ടർ ഷാർദൂൾ ഠാക്കൂറിനെയാണ് ക‍്യാപ്റ്റനായി തെരഞ്ഞെടുത്തത്.

2023-2024 ലെ രഞ്ജി ട്രോഫി വിജയം 2024-2025 ഇറാനി കപ്പ് വിജയം എന്നിവയാണ് രഹാനെയുടെ ക‍്യാപ്റ്റൻസിയിൽ മുംബൈ നേടിയിട്ടുള്ളത്. ജനുവരി 22ന് ഹൈദരാബാദിനെതിരേയാണ് മുംബൈയുടെ അടുത്ത മത്സരം. അതിനു ശേഷം ജനുവരി 29ന് മുംബൈ ഡൽഹിയുമായി ഏറ്റുമുട്ടും. ജനുവരി 17ന് ഹൈദരാബാദിനെതിരായ മുംബൈ ടീമിനെ പ്രഖ‍്യാപിക്കും. നിലവിൽ 24 പോയിന്‍റുകളുമായി ഗ്രൂപ്പ് ഡിയിൽ മുന്നിലാണ് മുംബൈ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com