

അക്ഷര ഗുപ്ത, വൈഭവ് സൂര‍്യവംശി
വൈഭവ് സൂര‍്യവംശിക്കു ശേഷം ബിഹാറിൽ നിന്നും മറ്റൊരു കൗമാര താരം ഉദയം ചെയ്തിരിക്കുന്നു. പക്ഷേ ഒരു വ‍്യത‍്യാസമുണ്ട്. ഇത്തവണ ചർച്ച വനിതാ ക്രിക്കറ്റ് താരത്തെ പറ്റിയാണ്.
ബിഹാർ വനിതാ അണ്ടർ 19 ഏകദിന ട്രോഫി മത്സരത്തിൽ 126 പന്തിൽ നിന്നും 55 ബൗണ്ടറിയും 8 സിക്സും അടക്കം 306 റൺസ് അടിച്ചെടുത്ത അക്ഷര ഗുപ്ത എന്ന 15കാരിയാണ് ഇപ്പോൾ സോഷ‍്യൽ മീഡിയയിലെ താരം. വെറും 34 പന്തിൽ നിന്നും സെഞ്ചുറി തികച്ച ഈ റൺ മെഷീനെ ലേഡി വൈഭവ് എന്നാണ് ക്രിക്കറ്റ് ലോകം വിശേഷിപ്പിക്കുന്നത്.
അക്ഷര ഗുപ്ത
ഇത് വെറുമൊരു സെഞ്ചുറിയുടെ കഥ മാത്രമല്ല. നേപ്പാളിനോട് അതിർത്തി പങ്കിടുന്ന ബിഹാറിലെ ഒരു ചെറു പട്ടണമായ റക്സൗളിന്‍റെ കഥയാണ്. വലിയ ക്രിക്കറ്റ് അക്കാഡമികളോ, ആധുനിക സൗകര‍്യങ്ങളോ, പെൺകുട്ടികൾക്ക് ക്രിക്കറ്റ് കളിക്കാൻ മതിയായ അന്തരീക്ഷവുമില്ലാത്ത നഗരത്തിൽ ജനിച്ചു വളർന്ന ഒരു 15 കാരിയുടെ കഥ.
അക്ഷരയുടെ പിതാവ് രാജ് കിഷോർ ഷാ കോഴിക്കട നടത്തിയാണ് കുടുംബം പുലർത്തുന്നത്. ക്രിക്കറ്റിനോടുള്ള മകളുടെ അതിയായ അഭിനിവേശം കണ്ട രാജ് കിഷോർ അക്ഷരയ്ക്കു വേണ്ടി പരിശീലനത്തിനായി വീടിന് പുറകിൽ നെറ്റ്സ് ഒരുക്കി.
അമ്മ റീന ദേവി മകളെ എന്നും അതിരാവിലെ 5 മണിക്ക് വിളിച്ച് എഴുന്നേൽപ്പിക്കും. തുടർന്ന് പരിശീലനം ആരംഭിക്കുകയായി. വീടിന് സമീപത്തുള്ള കുട്ടികൾക്കൊപ്പവും സഹോദരങ്ങൾക്കൊപ്പവും കളിച്ചു കൊണ്ടാണ് അക്ഷര പ്രൊഫഷണൽ ക്രിക്കറ്റിലേക്ക് ചുവടു വയ്ക്കുന്നത്. എട്ടാം വയസിൽ അക്ഷരയുടെ അമ്മാവൻ രാംകൃപയാണ് അക്ഷരയിലെ പ്രതിഭയെ തിരിച്ചറിഞ്ഞത്. തുടർന്ന് ത്രോ ഡൗൺ ഉപയോഗിച്ച് അക്ഷരയ്ക്ക് പരിശീലനം നൽകി. 2020ന് ശേഷം ദിവസേന അക്ഷര പരിശീലനം നടത്താറുണ്ട്. നിലവിൽ 5 മണിക്കൂറാണ് താരത്തിന്‍റെ പരിശീലനം.
അക്ഷര
അക്ഷരയെ തേടി ക‍്യാപ്റ്റൻ സ്ഥാനം
ബിഹാറിനു വേണ്ടി പ്രൊഫഷണലായി ക്രിക്കറ്റ് കളിക്കുന്ന ബന്ധുവായ ഋഷഭായിരുന്നു അക്ഷരയുടെ ആദ‍്യത്തെ ആരാധനാപാത്രം. 2024ലാണ് അക്ഷരയുടെ കരിയറിൽ ഒരു വഴിത്തിരിവ് ഉണ്ടാകുന്നത്.
ബിഹാർ അണ്ടർ 19 ക്രിക്കറ്റ് ടീമിലേക്ക് സെലക്ഷൻ ലഭിച്ചതിനു പിന്നാലെ അക്ഷരയെ തേടി വെറും 14ാം വയസിൽ ക‍്യാപ്റ്റൻ സ്ഥാനം എത്തി. ഹരിയാന, പഞ്ചാബ് എന്നീ ശക്തമായ എതിരാളികൾക്കെതിരേ തകർപ്പൻ പ്രകടനം കാഴ്ചവച്ചതോടെ 2026 ഫെബ്രുവരിയിൽ ബിഹാർ സീനിയർ ടീമിലേക്ക് താരത്തിന് വിളിയെത്തി. ഇതോടെ ബിഹാർ വനിതാ ക്രിക്കറ്റ് ടീമിൽ ഇടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും അക്ഷര സ്വന്തം പേരിലേക്ക് ചേർത്തു.
അക്ഷര ഗുപ്ത
ഒരേ സീസണിൽ തന്നെ ബിസിസിഐയുടെ എല്ലാ പ്രായ വിഭാഗത്തിലും കളിച്ചു
ബിഹാറിനു വേണ്ടി ഒരേ സീസണിൽ തന്നെ അണ്ടർ 15, അണ്ടർ 19 ടി20, അണ്ടർ 19 ഏകദിനം, അണ്ടർ 23 ടൂർണമെന്‍റുകളിൽ കളിച്ച ആദ‍്യത്തെ താരമാണ് അക്ഷര. ജൂൺ 19ന് ബഗൽപുരിലെ സാൻഡിസ് കോംമ്പൗണ്ടിൽ വച്ച് നടന്ന അണ്ടർ 19 ഏകദിന ട്രോഫി മത്സരത്തിലാണ് അക്ഷര 126 പന്തിൽ 306 റൺസ് നേടിയത്.
242.86 സ്ട്രൈക്ക് റേറ്റോടെ 233 മിനിറ്റുകളാണ് താരം ക്രീസിൽ ചെലവഴിച്ചത്. അക്ഷരയുടെ പ്രകടനത്തിന്‍റെ മികവിൽ ടീം 40 ഓവറിൽ 450 റൺസ് അടിച്ചെടുത്തിരുന്നു. എതിരാളികൾ 121 റൺസിന് ഓൾ ഔട്ടാകുകയും ചെയ്തു. ഇതിന് നാലു ദിവസത്തിനു ശേഷം 68 പന്തിൽ നിന്നും 24 ബൗണ്ടറിയും 6 സിക്സും അടക്കം 164 റൺസ് അടിച്ചെടുത്ത് അക്ഷര വീണ്ടും വിസ്മയിപ്പിച്ചു.
അക്ഷരയെ ലേഡി വൈഭവ് സൂര‍്യവംശിയെന്ന് വിളിക്കുന്നതിന് പിന്നിൽ?
വൈഭവ് സൂര‍്യവംശിയും അക്ഷര ഗുപ്തയും ബിഹാറിൽ നിന്നുള്ള താരങ്ങളാണ്. ഇരുവരും ഇടങ്കയ്യൻ ബാറ്റർമാരാണ്. ബൗളർമാരെ ആദ‍്യ പന്ത് മുതൽ ആക്രമിച്ചു കളിക്കുകയെന്ന തത്വത്തിലാണ് ഇരുവരും വിശ്വസിക്കുന്നത്. ഇതിനാലാണ് അക്ഷരയ്ക്ക് ലേഡി വൈഭവ് എന്ന് സോഷ‍്യൽ മീഡിയ പേര് ചാർത്തികൊടുത്തത്. കവർ ഡ്രൈവാണ് അക്ഷരയുടെ ഇഷ്ടപ്പെട്ട ഷോട്ട്. സ്പിൻ ബൗളർമാരെ കടന്നാക്രമിക്കാൻ കെൽപ്പുള്ള താരമാണ് അക്ഷരയെന്നാണ് ക്രിക്കറ്റ് നിരീക്ഷകർ വിലയിരുത്തുന്നത്.
സ്മൃതി മന്ഥനയുടെ ആരാധിക, ലക്ഷ‍്യം ഇന്ത‍്യൻ ജേഴ്സി
സ്മൃതി മന്ഥനയാണ് ക്രിക്കറ്റിൽ അക്ഷരയുടെ ഏറ്റവും വലിയ പ്രചോദനം. സ്മൃതിയുടെ ബാറ്റിങ്, ടൈമിങ്, കവർ ഡ്രൈവുകൾ എന്നിവയാണ് അക്ഷരയ്ക്ക് ഏറെ ഇഷ്ടം. സ്റ്റാർ താരം വിരാട് കോലിയുടെ ഫിറ്റ്നസും ആക്രമണാത്മക മനോഭാവത്തിന്‍റെയും ആരാധിക കൂടിയാണ് അക്ഷര. ഐപിഎല്ലിലും വുമൺസ് പ്രീമിയർ ലീഗിലും ആർസിബിക്കൊപ്പമാണ് അക്ഷര. ഇന്ത‍്യൻ വനിതാ ടീമിൽ ഇടം നേടുകയെന്നതാണ് അക്ഷരയുടെ സ്വപ്നം.