ആസിഫിന്‍റെ കെണിയിൽ മുംബൈ വീണു; കേരളത്തിന് ചരിത്ര ജയം

കേരളത്തിനു വേണ്ടി അഞ്ചു വിക്കറ്റ് വീഴ്ത്തിയ പേസർ കെ.എം. ആസിഫാണ് മുംബൈയെ തകർത്തത്
kerala vs mumbai syed musthaq ali trophy match updates

കെ.എം. ആസിഫ്

Updated on

ലഖ്നൗ: സയീദ് മുഷ്താഖ് അലി ടൂർണമെന്‍റിൽ മുംബൈയ്ക്കെതിരേ കേരളത്തിന് 17 റൺസ് ജയം. നിശ്ചിത 20 ഓവറിൽ കേരളം ഉയർത്തിയ 179 റൺസ് വിജയലക്ഷ‍്യം മുംബൈയ്ക്ക് മറികടക്കാൻ സാധിച്ചില്ല. 19.4 ഓവറിൽ മുംബൈ 163 റൺസിന് ഓൾഔട്ടായി. 40 പന്തിൽ 52 റൺസ് നേടിയ സർഫറാസ് ഖാനു മാത്രമാണ് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചത്. അജിങ്ക‍്യ രഹാനെ 18 പന്തിൽ 32 റൺസും സൂര‍്യകുമാർ യാദവ് 25 പന്തിൽ 32 റൺസ് നേടിയെങ്കിലും ടീമിനെ വിജയത്തിലേക്ക് നയിക്കാൻ ഇരുവർക്കും കഴിഞ്ഞില്ല.

ആയുഷ് മാത്രെ (3), സായ്‌രാജ് പാട്ടീൽ (13), ക‍്യാപ്റ്റൻ ഷാർദുൽ ഠാക്കൂർ (0) എന്നിവർ നിരാശപ്പെടുത്തി. ശിവം ദുബെ 7 പന്തിൽ 11 റൺസും അഥർവ അൻകൊലേക്കർ 4 റൺസും നേടി പുറത്തായി. ഹാർദിക് താമോർ (9) ഷംസ് മുലാനി (1) തുഷാർ ദേശ്പാണ്ഡേ (1) എന്നിവർക്കും തിളങ്ങാൻ സാധിച്ചില്ല. കേരളത്തിനു വേണ്ടി അഞ്ചു വിക്കറ്റ് വീഴ്ത്തിയ പേസർ കെ.എം. ആസിഫാണ് മുംബൈയെ തകർത്തത്. 3.4 ഓവറിൽ നിന്നും 24 റൺസ് മാത്രം വിട്ടുകൊടുത്താണ് താരം അഞ്ചു വിക്കറ്റ് വീഴ്ത്തിയത്. ആസിഫിനു പുറമെ വിഘ്നേഷ് പുത്തൂർ രണ്ടും എം.ഡി. നിധീഷ്, ഷറഫുദീൻ, അബ്ദുൾ ബാസിത് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

നേരത്തെ ആദ‍്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 178 റൺസ് അടിച്ചെടുത്തിരുന്നു. 28 പന്തിൽ നിന്നും 8 ബൗണ്ടറിയും ഒരു സിക്സും ഉൾപ്പടെ 46 റൺസ് നേടിയ ക‍്യാപ്റ്റൻ സഞ്ജു സാംസണാണ് ടീമിന്‍റെ ടോപ് സ്കോറർ. സഞ്ജുവിനു പുറമെ വിഷ്ണു വിനോദ് (43) മുഹമ്മദ് അസറുദ്ദീൻ (32) ഷറഫുദ്ദീൻ (15 പന്തിൽ 35) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. പവർ പ്ലേ പവറാക്കിയ സഞ്ജു മികച്ച തുടക്കമാണ് ടീമിന് സമ്മാനിച്ചത്. ഒന്നാം വിക്കറ്റിൽ തന്നെ 42 റൺസ് കൂട്ടുകെട്ടുണ്ടായത്.

ഇതിൽ 2 റൺസ് മാത്രമാണ് ഓപ്പണിങ് ബാറ്റർ രോഹൻ കുന്നുമ്മലിനു നേടാൻ സാധിച്ചത്. നാലാം ഓവറിലെ അവസാന പന്തിൽ രോഹൻ ബൗൾഡാകുകയായിരുന്നു. ഷംസ് മുലാനിക്കായിരുന്നു വിക്കറ്റ്. ഇതിനു പിന്നാലെ ഏഴാം ഓവറിൽ മുംബൈയുടെ ക‍്യാപ്റ്റൻ ഷാർദുൽ ഠാക്കൂർ സഞ്ജുവിനെ പുറത്താക്കി. പിന്നീട് വിഷ്ണു- അസർ സഖ‍്യം ചേർത്ത 65 റൺസ് കൂട്ടുകെട്ടാണ് ടീമിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. അസർ പുറത്തായതിനു പിന്നാലെ ക്രീസിലെത്തിയ സൽമാൻ‌ നിസാർ (1), അബ്ദുൾ ബാസിത് (8) എന്നിവർക്ക് തിളങ്ങാനായില്ല. പിന്നീട് ഏഴാമനായി ക്രീസിലെത്തിയ ഷറഫുദീൻ വെടിക്കെട്ട് പ്രകടനം പുറത്തെടുത്തതിനാൽ‌ ടീം പ്രതിരോധത്തിലായില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com