കേരള ബ്ലാസ്റ്റേഴ്സിനെ ഏറ്റെടുത്ത് അൽ ഫുർസാൻ

അടുത്ത എട്ട് മാസത്തിനുള്ളിൽ ബാസ്റ്റേഴ്സിൻ്റെ 100 ശതമാനം ഉടമസ്ഥാവകാശവും നിലവിലെ ഉടമകളായ മാഗ്നം ഗ്രൂപ്പിൽ നിന്ന് അൽഫുർസാൻ ഏറ്റെടുക്കും

Al Fursan takes over Kerala Blasters.

കേരള ബ്ലാസ്റ്റേഴ്സിനെ ഏറ്റെടുത്ത് അൽ ഫുർസാൻ

Updated on: 

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കേരള ടീമായ കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയെ ദുബായ് ആസ്ഥാനമായ അല്‍ ഫുര്‍സാന്‍ സ്‌പോര്‍ട്‌സ് ഇന്‍വെസ്റ്റ്മെന്റ് ഏറ്റെടുത്തു. ഇതുമായി ബന്ധപ്പെട്ട കരാര്‍ ഒപ്പിടല്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാകും. കൊച്ചിയിൽ വാർത്താ സമ്മേളനത്തിലാണ് പ്രഖ്യാപനം നടത്തിയത്.

ഷെയ്ഖ് അഹമ്മദ് ബിൻ ഫൈസൽ അൽ ഖാസിമി നേതൃത്വം നൽകുന്ന ദുബായ് ആസ്ഥാനമായ സ്പോർട്സ്, സ്പോർട്സ് ടെക് കൺസോർഷ്യമാണ് അൽ ഫുർസാൻ. അടുത്ത എട്ട് മാസത്തിനുള്ളിൽ ബാസ്റ്റേഴ്സിൻ്റെ 100 ശതമാനം ഉടമസ്ഥാവകാശവും നിലവിലെ ഉടമകളായ മാഗ്നം ഗ്രൂപ്പിൽ നിന്ന് അൽഫുർസാൻ ഏറ്റെടുക്കും. പുതിയ സീസണിലേക്കുള്ള ഒരുക്കങ്ങൾ അരംഭിച്ച് കഴിഞ്ഞതായി ബ്ലാസ്റ്റേഴ്സ് മാനേജ്മെൻ്റ് അറിയിച്ചു. ആഷ്ലി വെസ്റ്റ് വുഡ് ഈ സീസണിലും ഹെഡ് കോച്ചായി തുടരും.

ബുധനാഴ്ച മുതൽ മഹാബലിപുരത്ത് എഫ് സി മദ്രാസിൻ്റെ ഗ്രൗണ്ടിൽ ബ്ലാസ്റ്റേഴ്സിൻ്റെ പ്രീ സീസൺ ഒരുക്കങ്ങൾ ആരംഭിക്കും. ഒഫിയോ സ്പോർട്ടിയാണ് ക്ലബ്ബിൻ്റെ ഓപ്പറേഷണൽ പാർട്ണർ.കേരള ബ്ലാസ്റ്റേഴ്സിനായി പ്രൊജക്ട് ബ്ലാസ്റ്റേഴ്സ് എന്ന പേരിൽ ദീർഘകാല പദ്ധതി അൽ ഫുർസാൻ നടപ്പാക്കുന്ന് ആഷ്ലി വെസ്റ്റ് വുഡ് പറഞ്ഞു. പ്രൊജക്ട് ബ്ലാസ്റ്റേഴ്സ് പ്രഖ്യാപനം അടുത്ത ദിവസം യുഎഇയിൽ നടക്കും.

അൽഫുർസാൻ സ്പോർട്സ് പ്രതിനിധി ആൻ്റണി, ഒഫിയോ സ്പോർട്ടി സിഇഒ തമീം അൻവർ, ഡയറക്ടർ ശരത്, ബിർബൽ സ്പോർട്സ് സ്ഥാപകരായ ജിതേഷ് മേത്ത, റോണക് ദലാൽ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

ഈ സീസണിലും കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ തന്നെ ബ്ലാസ്റ്റേഴ്‌സ് കളിക്കാനാണ് പുതിയ ഉടമകളുടെ തീരുമാനം. ഒക്ടോബര്‍ പത്താം തീയതിയാണ് ഇക്കൊല്ലത്തെ ഐഎസ്എല്‍ സീസണ്‍ ആരംഭിക്കുന്നത്. ബ്ലാസ്റ്റേഴ്‌സിനായി ഈ സീസണില്‍ കളിക്കേണ്ട താരങ്ങള്‍ സംബന്ധിച്ച് പുതിയ മാനേജ്‌മെന്റിനുള്ളില്‍ ധാരണയായതായി റിപ്പോര്‍ട്ടുണ്ട്. ക്ലബ് ഉടമകള്‍ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുന്നതിന് പിന്നാലെ തന്നെ, ടീമിന്റെ പരിശീലനവും ആരംഭിച്ചേക്കും.

ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന നിംഗ്ഗാഡ ഗ്രൂപ്പിൻ്റെ മാഗ്നം സ്പോർട്സിനായിരുന്നു കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഉടമസ്ഥവകാശം ഉണ്ടായിരുന്നത്. കഴിഞ്ഞ സീസണിൽ സാമ്പത്തികമായി വലിയ പ്രതിസന്ധി നേരിട്ടതോടെയാണ് മാഗ്നം ഗ്രൂപ്പ് കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഉടമസ്ഥവകാശം കൈമാറാൻ തീരുമാനിച്ചത്. നിഖിൽ ഭരദ്വാജ്, തെലുങ്ക് സിനിമാ താരങ്ങളായ ചിരഞ്ജീവി, അക്കിനേനി നാ​ഗാർജുന അടക്കമുള്ളവരുടെ കൺസോർഷ്യമാണ് ബ്ലാസ്റ്റേഴ്സിന്റെ ഉടമസ്ഥരായി ഉണ്ടായിരുന്നത്.

logo
Metro Vaartha
www.metrovaartha.com