റൊണാൾഡോയുടെ ടീം മെസിയുടെ ടീമിനെ തകർത്തു, ആറ് ഗോളിന്

ഇന്‍റർ മയാമിയെ അല്‍ നസർ അനായാസം കീഴടക്കി, ആൻഡേഴ്സൺ ടലിസ്കയ്ക്ക് ഹാട്രിക്ക്
ഹാട്രിക് നേടിയ അൽ നസർ താരം ആൻഡേഴ്സൺ ടലിസ്കയുടെ ആഘോഷം.
ഹാട്രിക് നേടിയ അൽ നസർ താരം ആൻഡേഴ്സൺ ടലിസ്കയുടെ ആഘോഷം.

റിയാദ്: ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും നേർക്കുനേർ വരുമെന്ന ആരാധകരുടെ പ്രതീക്ഷ അസ്ഥാനത്തായി. പക്ഷേ, ക്രിസ്റ്റ്യാനോയില്ലാത്ത അൽ നസർ, മെസി ഉൾപ്പെട്ട ഇന്‍റർ മയാമിയെ എതിരില്ലാത്ത ആറു ഗോളിനു കീഴടക്കി. മേജര്‍ ലീഗ് സോക്കര്‍ സീസണിന് മുമ്പായുള്ള സൗഹൃദ മത്സരത്തിനായാണ് ഇന്‍റര്‍ മയാമി സൗദി അറേബ്യയിൽ കളിക്കാനെത്തിയത്.

പരിക്കില്‍ നിന്നും മുക്തനാകാത്തതിനാല്‍ റൊണാള്‍ഡോ കളിക്കാനുണ്ടാകില്ലെന്ന്, മത്സരത്തിന് മുമ്പേ തന്നെ അല്‍ നസ്ര്‍ പരിശീലകന്‍ ലൂയി കാസ്‌ട്രോ വ്യക്തമാക്കിയിരുന്നു.

ആന്‍ഡേഴ്സണ്‍ ടലിസ്കയുടെ ഹാട്രിക് മികവിലാണ് സൗദി പ്രോ ലീഗ് ക്ലബ് അല്‍ നസർ എതിരില്ലാത്ത ആറ് ഗോളിന് മയാമിയെ തകർത്തത്. മത്സരത്തിന്‍റെ മൂന്നാം മിനിറ്റില്‍ തന്നെ ആദ്യ ഗോള്‍ പിറന്നു. ഒട്ടാവിയോ ആണ് ആദ്യ ഗോള്‍ നേടിയത്. 10-ാം മിനിറ്റില്‍ ടലിസ്ക തന്‍റെ ആദ്യ ഗോള്‍ നേടി. 12-ാം മിനിറ്റിലെ അയ്മെറിക് ലപ്പോര്‍ട്ടയുടെ ഗോള്‍ സെന്‍റര്‍ സര്‍ക്കിളിനും പിന്നില്‍ നിന്നായിരുന്നു. ആദ്യ പകുതിയില്‍ മൂന്ന് ഗോളിന്‍റെ ആധികാരിക ലീഡാണ് അല്‍ നസറിന് ഉണ്ടായിരുന്നത്.

രണ്ടാം പകുതിയില്‍ 51-ാം മിനിറ്റില്‍ ടലിസ്ക പെനാല്‍റ്റിയിലൂടെ വീണ്ടും ഗോൾ നേടി. 68-ാം മിനിറ്റില്‍ മുഹമ്മദ് മാരനായിരുന്നു ഗോള്‍ അടിച്ചത്. 73-ാം മിനിറ്റില്‍ ടലിസ്ക തന്‍റെ ഹാട്രിക് പൂര്‍ത്തിയാക്കി. ഇതോടെ അല്‍ നസര്‍ ആറ് ഗോളിന് മുന്നിലായി.

ആരാധകരുടെ നിരാശ ഇരട്ടിയാക്കിക്കൊണ്ട് ലയണല്‍ മെസ്സി ഇന്റര്‍ മയാമിയുടെ ആദ്യ ഇലവനില്‍ ഇടംപിടിച്ചിരുന്നില്ല. 84-ാം മിനിറ്റിലാണ് മെസിയെ കളത്തിലിറക്കിയത്. കഴിഞ്ഞ ജനുവരിയില്‍ മെസിയും റൊണാള്‍ഡോയും നേര്‍ക്കു നേര്‍ ഏറ്റുമുട്ടിയപ്പോള്‍, മെസി നയിച്ച പിഎസ്ജി അന്ന് റൊണാള്‍ഡോയുടെ റിയാദ് ഇലവനെ 5-4 ന് പരാജയപ്പെടുത്തിയിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com