ടെന്നിസിലെ പുത്തൻ മുഖാമുഖം: ഇനി അൽകാരസ് - സിന്നർ യുഗം

ലോക ടെന്നീസിൽ ഇതു കാർലോസ് അൽക്കാരസിന്‍റെ കാലം. സ്പാനിഷ് സൂപ്പർ താരത്തിന് ഒത്ത എതിരാളിയായി ഇറ്റാലിയൻ ജീനിയസ് യാനിച്ച് സിന്നറും
കാർലോസ് അൽകാരസ് - യാനിക് സിന്നർ: ടെന്നിസിന്‍റെ പുതിയ മുഖം | Alcaraz vs Sinner dual defines modern tennis

യാനിക് സിന്നർ, കാർലോസ് അൽകാരസ്.

Updated on
Summary

സീസണിൽ നാലു ഗ്രാൻഡ് സ്ലാമുകളും അൽക്കാരസും സിന്നറും പങ്കിട്ടെടുത്തു. ഒരു വർഷം മൂന്നു ഗ്രാൻഡ്സ്ലാം ഫൈനലുകളിൽ ഏറ്റുമുട്ടുന്ന ആദ്യ താരങ്ങളായും ഇരുവരും മാറി. കഴിഞ്ഞ 13 ഗ്രാൻഡ്സ്ലാം ട്രോഫികളിൽ പത്തും സിന്നറും അൽക്കാരസും പകുത്തെടുത്തുകഴിഞ്ഞു. മൂന്ന് ഗ്രാൻഡ്സ്ലാം സ്വന്തമാക്കിയ നൊവാക് ദ്യോക്കോവിച്ചാണ് ഈ ദ്വയത്തെ അൽപ്പമെങ്കിലും വെല്ലുവിളിച്ചത്...

ലോക ടെന്നീസിൽ ഇതു കാർലോസ് അൽക്കാരസിന്‍റെ കാലം. സ്പാനിഷ് സൂപ്പർ താരത്തിന് ഒത്ത എതിരാളിയായി ഇറ്റാലിയൻ ജീനിയസ് യാനിച്ച് സിന്നറും. ആരാധകരെ ഹരംകൊള്ളിച്ച റോജർ ഫെഡറർ - റാഫേൽ നദാൽ - നൊവാക് ദ്യോക്കോവിച്ച് ത്രയത്തിനുശേഷം പുരുഷ ടെന്നീസിലെ സിംഹാസനത്തിനുവേണ്ടി അൽക്കാരസും സിന്നറും തമ്മിലുള്ള പോരാട്ടം കടുക്കുകയാണ്.

സീസണിൽ മൂന്നു തവണ അൽക്കാരസും സിന്നറും ഗ്രാൻഡ് സ്ലാം ഫൈനലിൽ കൊമ്പുകോർത്തു. ഫ്രഞ്ച് ഓപ്പണിലെ ക്ലാസിക് ഫൈനലിൽ അൽക്കാരസ് വിജയം കൊയ്തു. വിംബിൾഡണിലെ പുൽക്കോർട്ടിൽ സിന്നർ അതിനു പ്രതികാരം ചെയ്തു. ഇപ്പോഴിതാ ആ റാക്കറ്റ് യുദ്ധത്തിന്‍റെ ഏറ്റവും പുതിയ പതിപ്പിൽ സിന്നറെ കീഴടക്കി അൽക്കാരസ് യുഎസ് ഓപ്പൺ കിരീടം വീ‌ണ്ടെടുത്തിരിക്കുന്നു.

2022ലും അൽക്കാരസ് ഫ്ളഷിങ് മെഡോസിൽ ചാംപ്യനായിരുന്നു. ഇതോടെ ഗ്രാൻഡ്സ്ലാം നേട്ടങ്ങളുടെ എണ്ണം ആറായി ഉയർത്താനും അൽക്കാരസിന് സാധിച്ചു. സ്വീഡിഷ് ഇതിഹാസം ബ്യോൺ ബോർഗിനുശേഷം ഇത്രയും ചെറു പ്രായത്തിൽ അര ഡസൻ ഗ്രാൻഡ്സ്ലാം ട്രോഫികൾ ഷെൽഫിലെത്തിക്കുന്ന രണ്ടാമത്തെ താരമായും ഇരുപത്തിരണ്ടുകാരനായ അൽക്കാരസ് മാറി. 65 ആഴ്ച ‌സിന്നർ കൈവശംവച്ച ലോക ഒന്നാം നമ്പർ പദവി കൈക്കലാക്കിയതും അൽക്കാരസിന്‍റെ നേട്ടങ്ങളിൽപ്പെടുന്നു.

സിന്നർ പതിവു നിലവാരത്തിലേക്ക് ഉയരാതിരുന്ന ഫൈനലിൽ ഒന്നിനെതിരേ മൂന്നു സെറ്റുകൾക്കായിരുന്നു അൽക്കാരസിന്‍റെ വിജയം, സ്കോർ: 6-2, 3-6, 6-1, 6-4. കലാശക്കളിയിലുടനീളം കൂടുതൽ വേഗവും കരുത്തും കാട്ടിയതും നിർണായക സമയങ്ങളിൽ അവസരത്തിനൊത്ത് ഉയർന്നതും അൽക്കാരസായിരുന്നു. വിംബിൾഡൺ ഫൈനലിൽ തന്നെ പിന്നോടടിച്ച സർവിലെ ബലഹീനതകൾ പരിഹരിക്കാൻ സാധിച്ചതും അൽക്കാരസിന് ഗുണം ചെയ്തു.

ഫൈനലിൽ സിന്നറാണ് കൂടുതൽ ആത്മവിശ്വാസത്തോടെ തുടങ്ങിയത്. എന്നാൽ സ്ഫോടനാത്മകമായ റിട്ടേണുകളിലൂടെ അൽക്കാരസ് സിന്നറെ ഞെട്ടിച്ചു. സമ്മർദത്തെ മറികടക്കാനുള്ള സിന്നറുടെ മികവിനും തുടക്കത്തിലെ ബ്രേക്ക് പോയിന്‍റിനെ അതിജീവിക്കാനായില്ല. വൈവിധ്യമാർന്ന ഷോട്ടുകൾ തൊടുത്ത് സിന്നറെ ആശയക്കുഴപ്പത്തിലാക്കിയ അൽക്കാരസ് ‌ഒന്നാന്തരം സർവുകളിലൂടെയും ആദ്യ സെറ്റ് പോക്കറ്റിലാക്കി. പക്ഷേ, രണ്ടാം സെറ്റിൽ ഉശിരൻ ഗ്രൗണ്ട് സ്ട്രോക്കുകൾ പായിച്ച സിന്നർ അൽക്കാരസിനെ പ്രതിരോധത്തിലാക്കി. സ്പാനിഷ് പ്രതിയോഗിയെ ബേസ് ലൈനിൽ തളച്ചിട്ട സിന്നർ നാലാം ഗെയിം ബ്രേക്ക് ചെയ്ത് സെറ്റ് വരുതിയിലാക്കി.

മത്സരം മറ്റൊരു ക്ലാസിക്കാവുമെന്ന് തോന്നിയെങ്കിലും അതുണ്ടായില്ല. മൂന്നാം സെറ്റിന്‍റെ തുടക്കത്തിൽ തന്നെ സിന്നറുടെ സർവീസ് ഗെയിം അൽക്കാരസ് തട്ടിയെടുത്തു. നെറ്റിന് സമീപത്തും അൽക്കാരസ് ആധിപത്യം കാട്ടിയതോടെ സിന്നറുടെ പിടി അയഞ്ഞു. ഡബിൾ ബ്രേക്കുമായി അൽക്കാരസ് സെറ്റ് തന്‍റെ പേരിലെഴുതി. നാലാം സെറ്റിൽ സിന്നർ അതുവരെ വരുത്താത്ത പിഴവുകളിലേക്ക് വീണു. അതോടെ അൽക്കാരസ് വീണ്ടും സിന്നറുടെ സർവീസ് ഭേദിച്ചു.

രണ്ടു ചാംപ്യൻഷിപ്പ് പോയിന്‍റുകൾ സിന്നർ സേവ് ചെയ്തെങ്കിലും എതിരാളിക്ക് പിന്നീടൊരു അവസരം നൽകാതെ അൽക്കാരസ് കിരീടത്തിലേക്ക് സർവ് ചെയ്തു. ജയത്തോടെ നേർപ്പോരിൽ സിന്നറിനുമേലുള്ള ആധിപത്യം 10-5 ‌എന്നതിലേക്ക് അൽക്കാരസ് ഉയർത്തി. ഗ്രാൻഡ്സ്ലാമുകളിൽ 6-4ന്‍റെ മുൻതൂക്കവും അൽക്കാരസിനുണ്ട്.

ഗ്രാൻഡ്സ്ലാമുകൾ പകുത്ത് സിൻകാരസ്

സീസണിൽ നാലു ഗ്രാൻഡ് സ്ലാമുകളും അൽക്കാരസും സിന്നറും പങ്കിട്ടെടുത്തു. ഓസ്ട്രേലിയൻ ഓപ്പണും വിംബിൾഡണും സിന്നർ സ്വന്തമാക്കിയപ്പോൾ ഫ്രഞ്ച് ഓപ്പണും യുഎസ് ഓപ്പണും അൽക്കാരസ് കൈപ്പിടിയിൽ ഒതുക്കി. യുഎസ് ഓപ്പണിന് പുറമെ ഫ്രഞ്ച് ഓപ്പണിലും വിംബിൾഡണിലും അൽക്കാരസും സിന്നറും തമ്മിലായിരുന്നു കലാശപ്പോര്.

ഒരു വർഷം മൂന്നു ഗ്രാൻഡ്സ്ലാം ഫൈനലുകളിൽ ഏറ്റുമുട്ടുന്ന ആദ്യ താരങ്ങളായും ഇരുവരും മാറി. ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ ജർമനിയുടെ അലക്സാണ്ടർ സ്വരേവിനെയാണ് സിന്നർ പരാജയപ്പെടുത്തിയത്. കഴിഞ്ഞ 13 ഗ്രാൻഡ്സ്ലാം ട്രോഫികളിൽ പത്തും സിന്നറും അൽക്കാരസും പകുത്തെടുത്തുകഴിഞ്ഞു. മൂന്ന് ഗ്രാൻഡ്സ്ലാം സ്വന്തമാക്കിയ സെർബിയൻ ഇതിഹാസം നൊവാക് ദ്യോക്കോവിച്ചാണ് ഈ ദ്വയത്തെ അൽപ്പമെങ്കിലും വെല്ലുവിളിച്ചത്.

സമകാലികരിലാരും അൽക്കാരസിന്‍റെയും സിന്നറുടെയും നിലവാരത്തിലേക്ക് ഉയരുന്നില്ലെന്നത് ടെന്നീസിൽ ഇനിയുള്ള കാലം ഇരുതാരങ്ങളുടെയും സമഗ്രാധിപത്യ‌ത്തിലേക്കാണ് വിരൽചൂണ്ടുന്നത്. അതു അസംഭവ്യമാകണമെങ്കിൽ ഫെഡറർക്കും നദാലിനും കൂച്ചുവിലങ്ങിട്ട ദ്യോക്കോയെപ്പോലൊരു താരപ്പിറവി വേണ്ടിവരും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com