അൽക്കാരസിന് ആദ്യ ഓസ്ട്രേലിയൻ ഓപ്പൺ കിരീടം; ദ്യോക്കോവിച്ചിനെ കീഴടക്കി

കരിയർ ഗ്രാൻഡ്സ്ലാം തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം
Alcaraz wins first Australian Open title

കാർലോസ് അൽക്കാരസ്

Updated on
Summary

കന്നി ഓസ്ട്രേലിയൻ ഓപ്പൺ ട്രോഫി കൈപ്പിടിയിലൊതുക്കി കാർലോസ് അൽക്കാരസ്. സെർബിയൻ ഇതിഹാസം നൊവാക് ദ്യോക്കോവിച്ചിനെ തോല്പ്പിച്ച് ഏറ്റവും കുറഞ്ഞ പ്രായത്തിൽ കരിയർ ഗ്രാൻഡ്സ്ലാം തികയ്ക്കുന്ന താരമെന്ന പെരുമയും അൽക്കാരസ് സ്വന്തമാക്കി.

മെൽബൺ: ടെന്നീസ് കോർട്ടിൽ ചരിത്രം സൃഷ്ടിക്കാനുള്ള പ്രയാണത്തിൽ സെർബിയൻ ഇതിഹാസം നൊവാക് ദ്യോക്കോവിച്ചിന് വീണ്ടും വിലങ്ങുതടി സൃഷ്ടിച്ച് സ്പാനിഷ് പ്രതിഭയും ലോക ഒന്നാം നമ്പറുമായ കാർലോസ് അൽക്കാരസ്. നാലു സെറ്റു നീണ്ട ഫൈനലിൽ ദ്യോക്കോയെ നിഷ്പ്രഭനാക്കി കന്നി ഓസ്ട്രേലിയൻ ഓപ്പൺ ട്രോഫി കൈപ്പിടിയിലൊതുക്കിയ അൽക്കാരസ് (22 വർഷവും 272 ദിവസം) ഏറ്റവും കുറഞ്ഞ പ്രായത്തിൽ കരിയർ ഗ്രാൻഡ്സ്ലാം തികയ്ക്കുന്ന താരമെന്ന പെരുമയും സ്വന്തമാക്കി. കലാശപ്പോരിൽ 2-6, 6-2, 6-3, 7-5 എന്ന സ്കോറിന് അൽക്കാരസിന്‍റെ ജയം. 25-ാം ഗ്രാൻഡ്സ്ലാം എന്ന മഹനീയ നേട്ടത്തിന് ദ്യോക്കോ ഇനിയും കാത്തിരിക്കണം. അൽക്കാരസിന്‍റെ കരിയറിലെ ഏഴാം ഗ്രാൻഡ്സ്ലാം വിജയമാണിത്.

കരിയർ ഗ്രാൻഡ്സ്ലാം പൂർത്തിയാക്കുന്ന ഒമ്പതാമത്തെ പുരുഷ താരവും അൽക്കാരസ് തന്നെ. ഫ്രെഡ് പെറി (1935), ഡോൺ ബഡ്ജ് (1938), റോഡ് ലേവർ (1962), റോയ് എമേഴ്സൺ (1964), ആന്ദ്രെ അഗാസി (1999), റോജർ ഫെഡറർ (2009), റാഫേൽ നദാൽ (2010), നൊവാക് ദ്യോക്കോവിച്ച് (2016) എന്നിവർ ഈ നേട്ടത്തിൽ അൽക്കാരസിന്‍റെ മുൻഗാമികൾ. ലേവറും (1969) അഗാസിയും ഫെഡററും നദാലും ദ്യോക്കോയും കഴിഞ്ഞാൽ ഓപ്പൺ യുഗത്തിൽ (1968നുശേഷം) കരിയർ ഗ്രാൻഡ്സ്ലാം പൂർത്തിയാക്കുന്ന ആറാം താരവും അൽക്കാരസ് തന്നെ.

മെൽബൺ പാർക്കിലെ ഫൈനലിൽ അൽക്കാരസ്- ദ്യോക്കോവിച്ച് ക്ലാസിക്കാണ് ടെന്നീസ് ആരാധകർ പ്രതീക്ഷിച്ചത്. എന്നാൽ നാലു സെറ്റിൽ ദ്യോക്കോയുടെ കഥകഴിച്ച് അൽക്കാരസ് ചാംപ്യൻഷിപ്പ് വിജയം ഉറപ്പിച്ചു. ഒന്നാം സെറ്റിൽ പതറിക്കളിച്ച അൽക്കാരസിനെയാണ് കണ്ടത്. പരിചയസമ്പത്ത് പൂർണമായി വിനിയോഗിച്ച ദ്യോക്കോ തന്ത്രപരമായ കളിയിലൂടെ അൽക്കാരസിനെ കടത്തിവെട്ടി. കോർട്ടിൽ അളന്നുമുറിച്ച് നീങ്ങിയ ദ്യോക്കോ ഒന്നാന്തരം ഗ്രൗണ്ട് സ്ട്രോക്കുകളിലൂടെ അൽക്കാരസിനെ പിന്നോട്ടടിച്ചു. അൽക്കാരസിന്‍റെ സർവ് ബ്രേക്ക് ചെയ്ത് 3-1ന് മുന്നിൽക്ക‍യറിയ ദ്യോക്കോ ഒരിക്കൽക്കൂടി എതിരാളിയുടെ ഗെയിം തട്ടിയെടുത്ത് സെറ്റ് പോക്കറ്റിലാക്കി.

രണ്ടാം സെറ്റിൽ ദ്യോക്കോവിച്ചിന്‍റെ സർവിലെ കണിശതയും ഗ്രൗണ്ട് സ്ട്രോക്കുകളുടെ മൂർച്ചയും കുറഞ്ഞു. മൂന്നാം ഗെയിമിൽ ദ്യോക്കോയുടെ സർവീസ് അൽക്കാരസ് തകർത്തു. അഞ്ചു തുടർ ഗെയിമുകൾ കൈക്കലാക്കിയ അൽക്കാരസ് സെറ്റ് സ്വന്തമാക്കി തുല്യതയിലെത്തി. മൂന്നാം സെറ്റിലും ദ്യോക്കോയുടെ സർവുകളെ അൽക്കാരസ് കടന്നാക്രമിച്ചു. രണ്ടു തവണ ദ്യോക്കോവിച്ചിന്‍റെ ഗെയിം പിടിച്ചെടുത്ത അൽക്കാരസ് സെറ്റ് ‌‌ഉറപ്പിച്ച് മുന്നിൽക്കയറി.

നാലാം സെറ്റിൽ ദ്യോക്കോവിച്ച് പോരാട്ടവീര്യം വീണ്ടെടുത്തോടെ അൽക്കാരസിന് കാര്യങ്ങൾ ദുഷ്കരമായി. ഇരുവരും ഇഞ്ചോടിഞ്ച് നിന്നപ്പോൾ സ്കോർ 5-5. അൽക്കാരസിന്‍റെ അവസാന ഗെയിമിൽ ദ്യോക്കോയ്ക്ക് ബ്രേക്കിന് അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. അതോടെ സമ്മർദ്ദം ദ്യോക്കോയ്ക്കുമേൽ. അവസരത്തിനൊത്ത് ഉയർന്ന അൽക്കാരസ് ദ്യോക്കോയുടെ ആറാം ഗെയിം കവർന്ന് ചരിത്രജയത്തിലേക്ക് ചുവടുവച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com