

അലിസ ഹീലി
ന‍്യൂഡൽഹി: അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കാനൊരുങ്ങി ഓസ്ട്രേലിയൻ വനിതാ ടീം ക‍്യാപ്റ്റൻ അലിസ ഹീലി. ഇന്ത‍്യക്കെതിരേ വരുന്ന മാർച്ചിൽ ആരംഭിക്കാനിരിക്കുന്ന ഏകദിന പരമ്പരയോടെ താരം ക്രിക്കറ്റ് മതിയാക്കുമെന്ന് വ‍്യക്തമാക്കി.
16 വർഷം നീണ്ടു നിന്ന കരിയറിനാണ് ഹീലി വിട പറയുന്നത്. ചൊവ്വാഴ്ച ഒരു പോഡ്കാസ്റ്റിനിടെയാണ് ഹീലി വിരമിക്കുകയാണെന്ന കാര‍്യം അറിയിച്ചത്. 35 കാരിയായ അലിസ ഓസീസിനു വേണ്ടി എല്ലാ ഫോർമാറ്റിലുമായി 300 ഓളം മത്സരങ്ങൾ കളിച്ചിട്ടുണ്ട്.
എല്ലാ ഫോർമാറ്റിൽ നിന്നും താരത്തിന് 7,000 റൺസ് നേടാനായി. രാജ‍്യത്തെ പ്രതിനിധീകരിച്ച് കളിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് പറഞ്ഞ ഹീലി തന്‍റെ മത്സരശേഷി നഷ്ടപ്പെടുന്നതായി അനുഭവപ്പെട്ടതിനാലാണ് ഇത്തരത്തിലൊരു തീരുമാനത്തിന് മുതിരുന്നതെന്ന് കൂട്ടിച്ചേർത്തു.
2010ൽ അരങ്ങേറ്റം കുറിച്ച ഹീലി 2023ലാണ് ഓസീസിന്‍റെ ക‍്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കുന്നത്. ലോകകപ്പ് ഫൈനലിലെ ഏറ്റവും ഉയർന്ന വ‍്യക്തിഗത സ്കോറും (ഇംഗ്ലണ്ടിനെതിരേ 170) വിക്കറ്റ് കീപ്പർ എന്ന നിലയിൽ ഏറ്റവും കൂടുതൽ പുറത്താക്കലും ഹീലിയുടെ പേരിലാണ്.
രണ്ടു തവണ ഐസിസി ക്രിക്കറ്റർ ഓഫ് ദ ഇയർ ആയും താരം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മാർച്ച് 6നാണ് ഇന്ത‍്യക്കെതിരായ പരമ്പര ആരംഭിക്കുന്നത്. അടുത്തിടെ വുമൺസ് പ്രീമിയർ ലീഗിലേക്കുള്ള 2026 താര ലേലത്തിൽ ഹീലിയെ ആരും സ്വന്തമാക്കിയിരുന്നില്ല.
വുമൺസ് പ്രീമിയർ ലീഗിലെ ആദ‍്യ രണ്ടു സീസണിലും യുപി വാരിയേർസിനു വേണ്ടിയാണ് ഹീലി കളിച്ചത്. 2025 സീസൺ പരുക്ക് മൂലം താരത്തിന് നഷ്ടമായി. 8 തവണ ലോകകപ്പ് നേടിയ ഓസീസ് ടീമിന്‍റെ ഭാഗമായിരുന്ന ഹീലി ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്കിന്‍റെ ഭാര‍്യയാണ്. ആഷ്‌ലീ ഗാർഡ്‌നർ, തഹ്‌ലിയ മഗ്രാത്ത്, എല്ലിസ് പെറി, ബെത്ത് മൂണി എന്നീ താരങ്ങളെയായിരിക്കും അലിസയുടെ പകരക്കാരയി ഓസീസ് പരിഗണിക്കുക.