
ആന്ദ്രെ റസൽ
ജമൈക്ക: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വെസ്റ്റ് ഇൻഡീസ് താരം ആന്ദ്രെ റസൽ വിരമിക്കുന്നു. ഓസ്ട്രേലിയക്കെതിരേ ജൂലൈ 21ന് ആരംഭിക്കുന്ന 5 ടി20 മത്സരങ്ങളിലെ ആദ‍്യ രണ്ടു മത്സരങ്ങൾക്കു ശേഷം വിരമിക്കുമെന്ന് റസൽ അറിയിച്ചു.
താരത്തിന്‍റെ ഹോം ഗ്രൗണ്ടായ സബീന പാർക്കിലാണ് ആദ‍്യ രണ്ടു മത്സരങ്ങളും നടക്കുന്നത്. 37ാം വയസിലാണ് 15 വർഷം നീണ്ട ക്രിക്കറ്റ് ജീവിതം റസൽ മതിയാക്കാൻ തീരുമാനിച്ചിരിക്കുന്നത്.
2010ൽ ശ്രീലങ്കക്കെതിരേയുള്ള ടെസ്റ്റ് മത്സരത്തിലായിരുന്നു റസലിന്‍റെ അരങ്ങേറ്റം. അരങ്ങേറ്റ മത്സരത്തിൽ രണ്ട് റൺസും ഒരു വിക്കറ്റും മാത്രമായിരുന്നു റസലിന് നേടാനായത്. പിന്നീട് താരം ടെസ്റ്റ് മത്സരം കളിച്ചിട്ടില്ല.
അതേസമയം 54 ഏകദിന മത്സരങ്ങൾ കളിച്ച റസൽ 1,034 റൺസും 70 വിക്കറ്റുകളും നേടിയിട്ടുണ്ട്. കൂടാതെ 84 ടി20 മത്സരങ്ങളിൽ നിന്നും 1,078 റൺസും 61 വിക്കറ്റുകളും സ്വന്തമാക്കി.
2012ലും 2016ലും ടി20 ലോകകപ്പ് സ്വന്തമാക്കിയ വെസ്റ്റ് ഇന്‍ഡീസ് ടീമിൽ അംഗമായിരുന്നു റസൽ. വെസ്റ്റ് ഇൻഡീസിനെ പ്രതിനിധീകരിച്ച് ക്രിക്കറ്റ് കളിക്കാൻ സാധിച്ചത് തന്‍റെ ജീവിതത്തിലെ അഭിമാനകരമായ നേട്ടങ്ങളിലൊന്നാണെന്ന് റസൽ പ്രസ്താവനയിലൂടെ വ‍്യക്തമാക്കി.