ബോക്സിങ്ങിൽ ഗോൾഡൻ ട്രിപ്പിൾ

ഏഷ്യൻ ഗെയിംസ് ബോക്സിങ്: ചരിത്രനേട്ടവുമായി അങ്കുശ് പംഘൽ; ലവ്‌ലിനയ്ക്കും പർവീണിനും പിന്നാലെ മൂന്നാം സ്വർണം
Ankush Panghal Asian Games boxing gold

ഏഷ്യൻ ഗെയിംസിലെ ബോക്സിങ് 80 കിലോഗ്രാം വിഭാഗത്തിൽ സ്വർണം നേടിയ ഇന്ത്യയുടെ അങ്കുശ് പംഘൽ.

Updated on: 

നാഗോയ: ഏഷ്യൻ ഗെയിംസ് ബോക്സിങ് റിങ്ങിൽ ഇന്ത്യക്ക് സുവർണ മുഹൂർത്തം. പുരുഷന്മാരുടെ 80 കിലോഗ്രാം വിഭാഗം ഫൈനലിൽ ദക്ഷിണ കൊറിയയുടെ കിം മിൻസെംഗിനെ അട്ടിമറിച്ച് അങ്കുശ് പംഘൽ സ്വർണ മെഡൽ സ്വന്തമാക്കിയതോടെ ഒറ്റ ദിവസം ബോക്സിങ് റിങ്ങിൽ നിന്ന് ഇന്ത്യ നേടിയ സ്വർണ മെഡലുകളുടെ എണ്ണം മൂന്നായി.

എതിരാളിക്കുമേൽ പൂർണാധിപത്യം പുലർത്തിയ അങ്കുശ് 4-0 എന്ന സ്കോറിനാണ് വിജയം പിടിച്ചെടുത്തത്. 2018-ൽ അമിത് പംഘലിനു ശേഷം ഏഷ്യൻ ഗെയിംസ് ബോക്സിങ്ങിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ താരമെന്ന അപൂർവ നേട്ടവും അങ്കുശ് സ്വന്തമാക്കി. ഫൈനൽ പോരാട്ടത്തിലുടനീളം തന്ത്രപരമായ നീക്കങ്ങളിലൂടെയും കൃത്യതയാർന്ന പഞ്ചുകളിലൂടെയും കൊറിയൻ താരത്തെ സമ്മർദത്തിലാക്കാൻ അങ്കുശിന് സാധിച്ചു.

അങ്കുശിന്‍റെ ചരിത്രനേട്ടത്തിനു മുൻപ് വനിതാ വിഭാഗത്തിലാണ് ഇന്ത്യ രണ്ട് സ്വർണം നേടിയത്. വനിതകളുടെ 75 കി.ഗ്രാം വിഭാഗം ഫൈനലിൽ ചൈനയുടെ സിയ്യു ബാവോയെ 5-0 എന്ന ഏകപക്ഷീയമായ സ്കോറിന് പരാജയപ്പെടുത്തി ലവ്‌ലിന ബോർഗോഹെയ്ൻ സ്വർണം നേടി. തന്റെ 29-ാം ജന്മദിനത്തിലാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. 2014-ൽ മേരി കോമിന് ശേഷം ഏഷ്യൻ ഗെയിംസ് ബോക്സിങ് സ്വർണം നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ വനിതാ താരമാണ് ലവ്‌ലിന.

വനിതകളുടെ 65 കി.ഗ്രാം ഫൈനലിൽ ചൈനീസ് തായ്പെയുടെ ചെൻ നിയെൻ-ചെനെ ഒന്നിനെതിരെ മൂന്ന് ജഡ്ജുമാരുടെ വോട്ടിന് (3-2) പരാജയപ്പെടുത്തിയാണ് പർവീൺ ഹൂഡസ്വർണം നേടിയത്. ഈ തകർപ്പൻ പ്രകടനത്തോടെ ആകെ മൂന്ന് സ്വർണവും മൂന്ന് വെങ്കലവുമടക്കം ആറ് മെഡലുകളാണ് ബോക്സിങ് ഇനത്തിൽ ഇന്ത്യ നേടിയത്.

logo
Metro Vaartha
www.metrovaartha.com